LiveTV

Live

National

ഭീമാ കോറെഗാവ്: ഹാനി ബാബു, ഫാദര്‍ സ്റ്റാന്‍ സ്വാമി ഉള്‍പ്പെടെ 8 പേര്‍ക്കെതിരെ കുറ്റപത്രം

ഭീമാ കോറെഗാവില്‍ ജനക്കൂട്ടത്തെ ആക്രമണത്തിന് പ്രേരിപ്പിച്ചുവെന്നാരോപിച്ചുവെന്നാണ് ഇവര്‍ക്കെതിരായ കുറ്റം.

ഭീമാ കോറെഗാവ്: ഹാനി ബാബു, ഫാദര്‍ സ്റ്റാന്‍ സ്വാമി ഉള്‍പ്പെടെ 8 പേര്‍ക്കെതിരെ കുറ്റപത്രം

ഭീമാ കോറെഗാവ് കേസില്‍ മലയാളികളായ ഹാനി ബാബു, ഫാദര്‍ സ്റ്റാന്‍ സ്വാമി എന്നിവര്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചു. 2018 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ ഭീമാ കോറെഗാവില്‍ ജനക്കൂട്ടത്തെ ആക്രമണത്തിന് പ്രേരിപ്പിച്ചുവെന്നാരോപിച്ചുവെന്നാണ് ഇവര്‍ക്കെതിരായ കുറ്റം.

അധ്യാപകനായ ഹാനി ബാബുവിനും ജസ്യൂട്ട് പുരോഹിതനായ ഫാ. സ്റ്റാന്‍ സ്വാമിക്കും പുറമേ പ്രൊഫ. ആനന്ദ് തെല്‍തുംബ്‌ഡെ, ജ്യോതി ജഗ്പത്, സാഗര്‍ ഗൂര്‍ഖെ, രമേഷ് ഗയ്‌ചോര്‍ എന്നിവരും പ്രേമ അഭിയാന്‍ ഗ്രൂപ്പിലെ പ്രവര്‍ത്തകരുമാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. ഇവര്‍ എല്ലാം നേരത്തെ അറസ്റ്റിലായിരുന്നു. പ്രതിപ്പട്ടികയിലുള്ള മിലിന്ദ് തെല്‍തുംബ്‌ഡെ ഒളിവിലാണ്. കഴിഞ്ഞ ദിവസം ജെസ്യൂട്ട് സഭാ വൈദികനായ സ്റ്റാൻ സ്വാമിയെയും എൻ.ഐ.എ അറസ്റ്റ് ചെയ്‌തിരുന്നു. മലയാളിയായ സ്റ്റാൻ സ്വാമി വർഷങ്ങളായി ജാർഖണ്ഡിലെ ആദിവാസികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന വ്യക്തിയാണ്.

2018 ജനുവരി ഒന്നിന് കോറേഗാവ് യുദ്ധത്തിൻ്റെ ഇരുന്നൂറാം വാർഷികാഘോഷത്തിനിടയിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്‌തിരുന്നു. ഇതിൽ പങ്കുണ്ടെന്നു ആരോപിച്ചാണ് മനുഷ്യാവകാശ പ്രവർത്തകരെയും അധ്യാപകരെയും സാംസ്കാരിക പ്രവർത്തകരെയും എൻ.ഐ.എ അറസ്റ്റ് ചെയ്‌തത്‌.