LiveTV

Live

National

ശബ്‍ദമില്ലാത്തവ൪ക്കായി ശബ്‍ദിക്കുന്നവരെ സര്‍ക്കാര്‍ യുഎപിഎ ഉപയോഗിച്ച് വേട്ടയാടുന്നു: എസ്ഐഒ

മാധ്യമപ്രവ൪ത്തകൻ സിദ്ദിഖ് കാപ്പനും കാമ്പസ് ഫ്രണ്ട് പ്രവ൪ത്തക൪ക്കുമെതിരെ യുഎപിഎ ചുമത്തിയ നടപടിയില്‍ പ്രതിഷേധം

ശബ്‍ദമില്ലാത്തവ൪ക്കായി ശബ്‍ദിക്കുന്നവരെ സര്‍ക്കാര്‍ യുഎപിഎ ഉപയോഗിച്ച് വേട്ടയാടുന്നു: എസ്ഐഒ

മലയാളി മാധ്യമപ്രവ൪ത്തകൻ സിദ്ദിഖ് കാപ്പനും കാമ്പസ് ഫ്രണ്ട് പ്രവ൪ത്തക൪ക്കുമെതിരെ യുഎപിഎ ചുമത്തിയ നടപടി രാഷ്ട്രീയ പകപോക്കലെന്ന് എസ്ഐഒ. എസ്ഐഒ ദേശീയ പ്രസിഡന്‍റ് ലബീദ് ഷാഫിയുടേതാണ് പ്രതികരണം. ഹാഥ്റസിലെ ഇരകളെ സന്ദ൪ശിക്കാൻ പോയതിനാണ് യുഎപിഎ ചുമത്തിയിരിക്കുന്നത്. ശബ്ദമില്ലാത്തവ൪ക്ക് വേണ്ടി ശബ്ദിക്കുന്നവരെ വേട്ടയാടാൻ യു.പി സ൪ക്കാ൪ യുഎപിഎ ഉപകരണമാക്കുന്നു. വിയോജിപ്പിനുള്ള അവകാശം ഉയ൪ത്തിപ്പിടിക്കേണ്ട സമയമാണിതെന്നും ലബീദ് ഷാഫി ട്വീറ്റ് ചെയ്തു.

മാധ്യമപ്രവര്‍ത്തകനെതിരെ യു.എ.പി.എ ചുമത്തിയ നടപടിയില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും രാഗത്തുവന്നു- ‘മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയിരിക്കുന്നു. ഹാത്രാസിലെത്തിയതിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആരോപിച്ചാണ് ഈ നടപടി. രാജ്യത്തിനകത്തെ എതിര്‍ ശബ്ദങ്ങളെ നിശ്ബദരാക്കാന്‍ കേന്ദ്രം യു.എ.പി.എ ഉപയോഗിക്കുമെന്ന് ഞാന്‍ മുമ്പൊരിക്കല്‍ രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ പറഞ്ഞിരുന്നതാണ്. നമുക്ക് വേണ്ടത് രാജ് അല്ല, സ്വരാജ് ആണ്’- കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു.

ഹാഥ്റ‍സില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനുള്ള യാത്രക്കിടെയാണ് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയും 'അഴിമുഖം' വെബ്‌പോര്‍ട്ടല്‍ പ്രതിനിധിയുമായ സിദ്ദിഖ് കാപ്പനെ യു.പി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒപ്പം ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ മുസഫര്‍ നഗര്‍ സ്വദേശി അതീഖുര്‍ റസ്മാന്‍, മസൂദ് അഹ്‍മദ് (ബഹ്‌റൈച്ച്), ആലം (റാംപൂര്‍) എന്നിവരും അറസ്റ്റിലായിരുന്നു. സംശയകരമായ സാഹചര്യത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത് എന്നാണ് യു.പി പൊലീസിന്റെ വിശദീകരണം. യു.എ.പി.എ നിയമത്തിലെ സെക്ഷൻ 17 പ്രകാരം തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് സമാഹരിച്ചുവെന്ന രാജ്യദ്രോഹ കുറ്റം ചുമത്തുകയും ചെയ്തു.

യു.പി പൊലീസ് നടപടിയെ കേരള പത്രപ്രവർത്തക യൂണിയൻ അപലപിക്കുകയുണ്ടായി. രാജ്യമാകെ കോളിളക്കം സൃഷ്ടിച്ച സംഭവത്തിന്‍റെ നിജസ്ഥിതി ലോകത്തെ അറിയിക്കുക എന്ന മാധ്യമപ്രവർത്തകന്‍റെ ഉത്തരവാദിത്തം നിർവഹിക്കാനുള്ള യാത്രയിലാണ് സിദ്ദിഖ് അറസ്റ്റിലായിരിക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ അടിവേരറുക്കുന്ന ചെയ്തിയാണിത്. വ്യാജ തെളിവുകൾ ചമച്ച് രാജ്യദ്രോഹ, തീവ്രവാദ മുദ്ര ചാർത്തി നിരപരാധികളെ തടങ്കലിലാക്കുന്ന കിരാത നടപടി ജനാധിപത്യ വ്യവസ്ഥയിൽ അംഗീകരിക്കാവുന്നതല്ല. മാധ്യമ പ്രവർത്തകനെ അന്യായ തടങ്കലിൽനിന്ന് മോചിപ്പിക്കാൻ പ്രധാനമന്ത്രി അടക്കം വിഷയത്തിൽ ഇടപെടണമെന്ന് കെയുഡബ്ല്യുജെ ആവശ്യപ്പെട്ടു.