LiveTV

Live

National

മോദിയുടെയും യോഗി ആദിത്യനാഥിന്റെയും തല വെട്ടുമെന്ന് ഭീഷണി; യുവാവ് അറസ്റ്റില്‍

മുസഫര്‍നഗറിലെ ഭാഗ്പതില്‍ നടന്ന മഹാപഞ്ചായത്തിലാണ് ഇയാള്‍ പരസ്യമായി പ്രധാനമന്ത്രിക്കെതിരെയും യുപി മുഖ്യമന്ത്രിക്കെതിരെയും ഭീഷണി മുഴക്കിയത്


 മോദിയുടെയും യോഗി ആദിത്യനാഥിന്റെയും തല വെട്ടുമെന്ന് ഭീഷണി; യുവാവ് അറസ്റ്റില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും തല വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. മുസഫര്‍നഗറിലെ ഭാഗ്പതില്‍ നടന്ന മഹാപഞ്ചായത്തിലാണ് ഇയാള്‍ പരസ്യമായി പ്രധാനമന്ത്രിക്കെതിരെയും യുപി മുഖ്യമന്ത്രിക്കെതിരെയും ഭീഷണി മുഴക്കിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

ആര്‍.എല്‍.ഡി നേതാവ് ജയന്ത് ചൌധരിക്ക് നേരെ യുപി പൊലീസ് നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു യുവാവ്. ഒരു വലിയ ജനക്കൂട്ടത്തിന് മുന്നില്‍ നിന്നുകൊണ്ടാണ് ഇയാള്‍ ശിരച്ഛേദം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയത്. '' നമുക്കൊന്നിക്കാം, പ്രധാനമന്ത്രിയുടെയും യോഗിയുടെയും വെട്ടിയ തല നിങ്ങളുടെ കാല്‍ക്കല്‍ എറിയാന്‍ ആഗ്രഹിക്കുന്നുമെന്നുമായിരുന്നു'' യുവാവിന്റെ വെല്ലുവിളി. യുവാവിന്റെ പരസ്യഭീഷണിയെ അവിടെ കൂടിനിന്നവര്‍ കയ്യടികളോടെയും ആഹ്ലാദത്തോടെയുമാണ് സ്വീകരിച്ചത്.

ഹാഥ്റാസില്‍ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിനിടെയാണ് ജയന്ത് ചൌധരിക്കെതിരെ പൊലീസ് ലാത്തി വീശിയത്. ഇതില്‍ പ്രതിഷേധിച്ചാണ് മഹാപഞ്ചായത്ത് സംഘടിപ്പിച്ചത്. ജയന്ത് ചൌധരിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ചൊവ്വാഴ്ച മീററ്റ്, മുസഫര്‍നഗര്‍,ഭാഗ്പത്,ബുലന്ദ്ഷര്‍,ബിജ്നോര്‍,അലിഗഡ് എന്നിവിടങ്ങളിലും വലിയ പ്രതിഷേധ പരിപാടികള്‍ നടന്നിരുന്നു. തിങ്കളാഴ്ച രാഷ്ട്രീയ ലോക് ദള്‍ പ്രവര്‍ത്തകര്‍ നൌഹില്‍ ബജ്ന - അലിഗഡ് റോഡ് ഉപരോധിച്ചിരുന്നു. പ്രധാനമന്ത്രിയുടെയും യോഗിയുടെയും കോലവും പ്രവര്‍ത്തകര്‍ കത്തിച്ചു. സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ത്തിക്കൊണ്ടായിരുന്നു പ്രകടനം.