LiveTV

Live

National

ഹാഥ്റസ് പെണ്‍കുട്ടി അര്‍ഹിക്കുന്നത് അധിക്ഷേപമല്ല, നീതിയാണ്: ബിജെപിയോട് പ്രിയങ്ക

നാണമില്ലാത്ത ബിജെപി എന്ന ഹാഷ്ടാഗോടെയാണ് പ്രിയങ്ക രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

ഹാഥ്റസ് പെണ്‍കുട്ടി അര്‍ഹിക്കുന്നത് അധിക്ഷേപമല്ല, നീതിയാണ്: ബിജെപിയോട് പ്രിയങ്ക

ഹാഥ്റസില്‍ മേല്‍ജാതിക്കാര്‍ ദലിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ പെണ്‍കുട്ടിയെ അധിക്ഷേപിച്ച് ബിജെപി നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ആ പെണ്‍കുട്ടി അര്‍ഹിക്കുന്നത് അധിക്ഷേപമല്ല, നീതിയാണെന്ന് പ്രിയങ്ക ബിജെപിയെ ഓര്‍മിപ്പിച്ചു. നാണമില്ലാത്ത ബിജെപി എന്ന ഹാഷ്ടാഗോടെയാണ് പ്രിയങ്ക രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

"ഹാഥ്റസിലുണ്ടായത് അതിനീചമായ കുറ്റകൃത്യമാണ്. എന്നിട്ട് ആ പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്നു. അവള്‍ക്കെതിരെ നടന്ന കുറ്റകൃത്യത്തിന്‍റെ ഉത്തരവാദി അവള്‍ തന്നെയാണെന്ന് പറയുന്നത് ജുഗുപ്സാവഹമാണ്. 20 വയസ്സ് മാത്രം പ്രായമുള്ള ദലിത് പെണ്‍കുട്ടിയെ കൊന്ന്, അവളുടെ മൃതദേഹം കുടുംബത്തിന്‍റെ സമ്മതമില്ലാതെ കത്തിച്ചുകളഞ്ഞിരിക്കുന്നു. അവള്‍ അര്‍ഹിക്കുന്നത് നീതിയാണ്, അധിക്ഷേപമല്ല" - പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.

കേസിലെ ഒന്നാം പ്രതി സന്ദീപ് താക്കൂറിന്‍റെ മൊഴി ഉദ്ധരിച്ചാണ് ബിജെപി നേതാക്കള്‍ പെണ്‍കുട്ടിയെ അധിക്ഷേപിച്ച് പ്രസ്താവന നടത്തുന്നത്. താനും പെണ്‍കുട്ടിയും തമ്മില്‍ ബന്ധമുണ്ടായിരുന്നു, ഇത് അറിഞ്ഞ പെണ്‍കുട്ടിയുടെ കുടുംബം അവളെ മര്‍ദിച്ച് അവശയാക്കുകയായിരുന്നുവെന്നാണ് ഇയാളുടെ മൊഴി. എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബം ഈ ആരോപണം തീര്‍ത്തും തെറ്റാണെന്ന് പറഞ്ഞു- 'ഞങ്ങള്‍ക്ക് മകളെ നഷ്ടമായി. എന്നിട്ട് വീണ്ടും അധിക്ഷേപിക്കുന്നു. ഞങ്ങള്‍ക്ക് പണമോ നഷ്ടപരിഹാരമോ വേണ്ട. നീതി വേണം'.

പ്രതിയുടെ വാദം ഏറ്റുപിടിച്ച് ബിജെപി വനിതാ നേതാക്കള്‍ വരെ രംഗത്തുവന്നു. ഹാഥ്‌റസിൽ ദലിത് പെൺകുട്ടിയെ മേൽജാതിക്കാർ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം ദുരഭിമാന കൊലയാണെന്നാണ് മഹിളാ മോർച്ച നേതാവ് പ്രീതി ഗാന്ധി ആരോപിച്ചത്.

"ഹാഥ്റസില്‍ പിടിയിലായ വ്യക്തിയും പെൺകുട്ടിയും തമ്മിൽ ഫോണിൽ സംസാരിച്ചതിന് തെളിവുണ്ട്. 2019 ഒക്ടോബർ മുതൽ 2020 മാർച്ച് വരെ നൂറിലേറെ തവണ അവർ പരസ്പരം വിളിച്ചു. അപ്പോൾ പിന്നെ ദലിതർക്കെതിരായ അതിക്രമം, കൂട്ട ബലാത്സംഗം എന്നൊക്കെ പറയുന്നതെന്തിന്? സംഭവിച്ചത് ദുരഭിമാന കൊലയാവാമല്ലോ" എന്നാണ് മഹിളാ മോർച്ച നേതാവ് പ്രീതി ഗാന്ധിയുടെ ട്വീറ്റ്. ഹാഥ്റസിലെ സത്യം വെളിപ്പെടുന്നു എന്ന ഹാഷ്ടോഗിനൊപ്പമാണ് പ്രീതി ഗാന്ധിയുടെ ട്വീറ്റ്.

കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയെ അധിക്ഷേപിച്ചും മേല്‍ജാതിക്കാരായ അക്രമികളെ ന്യായീകരിച്ചും വേറെയും ബിജെപി നേതാക്കള്‍ രംഗത്തുവന്നു. "കുറ്റാരോപിതനുമായി പെണ്‍കുട്ടിക്ക് ബന്ധമുണ്ടായിരുന്നു. അവള്‍ അവനെ ചോളപ്പാടത്തേക്ക് വിളിപ്പിച്ചിട്ടുണ്ടാവും. അവള്‍ അങ്ങനെ പിടിക്കപ്പെട്ടുകാണും. ഇതൊക്കെ ചാനലുകളിലും സോഷ്യല്‍ മീഡിയയിലും ഇതിനകം വന്നതാണ്. ഇത്തരം സ്ത്രീകളെ ചില പ്രത്യേക സ്ഥലങ്ങളിലാണ് മരിച്ച നിലയില്‍ കാണുന്നത്. ചോളം, കരിമ്പ് പാടങ്ങളിലും കുറ്റിക്കാട്ടിലും ഓവുചാലിലും കാട്ടിലുമൊക്കെയാണ് ഇവരുടെ മൃതദേഹം കാണുന്നത്. എന്തുകൊണ്ട് നെല്‍ വയലിലോ ഗോതമ്പ് പാടത്തോ കാണുന്നില്ല?" - ബാരാബങ്കിയില്‍ നിന്നുള്ള ബിജെപി നേതാവ് രന്‍ജീത് ബഹാദൂര്‍ ശ്രീവാസ്തവ പറഞ്ഞതാണിത്.

മേല്‍ജാതിക്കാര്‍ ദലിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് നാവരിഞ്ഞ് കൊന്ന കേസിലാണ് അക്രമികളെ ഇത്തരത്തില്‍ ന്യായീകരിച്ച് ബിജെപി നേതാക്കള്‍ രംഗത്തുവരുന്നത്. ഇതിനെതിരെയാണ് പ്രിയങ്ക രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.