LiveTV

Live

National

ബിഹാറില്‍ ടിക്കറ്റ് നഷ്ടമായ ബിജെപി നേതാക്കള്‍ എല്‍ജെപിയിലേക്ക്

ബിജെപിയും എല്‍ജെപിയും ഒത്തുകളിക്കുകയാണോ എന്ന സംശയം ജെഡിയുവിലുണ്ട്


ബിഹാറില്‍ ടിക്കറ്റ് നഷ്ടമായ ബിജെപി നേതാക്കള്‍  എല്‍ജെപിയിലേക്ക്

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കാതിരുന്ന ബിജെപി നേതാക്കള്‍ എല്‍ജെപിയിലേക്ക്. ബിജെപിയും ജെഡിയുവും തമ്മില്‍ സീറ്റ് പങ്കിടല്‍ കഴിഞ്ഞതോടെ പട്ടികക്ക് പുറത്തായ നേതാക്കളാണ് എല്‍ജെപി ടിക്കറ്റില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്. നിതീഷ് കുമാറിനോടുള്ള എതിര്‍പ്പ് പരസ്യമാക്കി എന്‍ഡിഎയില്‍ സഖ്യകക്ഷിയായിരുന്ന എല്‍ജെപി, ചിരാഗ് പാസ്വാന്‍റെ നേതൃത്വത്തില്‍ തനിച്ച് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബിജെപി​യു​ടെ മു​ഖ്യ​മ​ന്ത്രി സ്​​ഥാ​നാ​ർ​ഥി​യാ​യി അ​റി​യ​പ്പെ​ട്ട മു​തി​ർ​ന്ന നേ​താ​വ്​ രാ​ജേ​ന്ദ്ര സി​ങ്​ എല്‍ജെപിയില്‍ ചേര്‍ന്നു. രാമേശ്വര്‍ ചൌരസ്യ, ഉഷ വിദ്യാര്‍ഥി എന്നീ നേതാക്കളും ഇതിനകം എല്‍ജെപിയില്‍ എത്തി. മൂന്ന് പേരും യഥാക്രമം ദിനാര, സസാരം, പലിഗഞ്ജ് എന്നീ മണ്ഡലങ്ങളില്‍ നിന്ന് എല്‍ജെപി സ്ഥാനാര്‍ഥികളായി മത്സരിക്കും. മൂന്ന് പേരും മുന്‍ എംഎല്‍എമാരാണ്. മൂന്ന് ഘട്ടങ്ങളായി ബിഹാറില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൂടുതല്‍ ബിജെപി നേതാക്കള്‍ എല്‍ജെപിയിലെത്താനാണ് സാധ്യത.

സഖ്യകക്ഷികള്‍ക്ക് എത്ര സീറ്റ് ലഭിച്ചാലും നിതീഷ് കുമാര്‍ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുശീല്‍കുമാര്‍ മോദി പ്രഖ്യാപിച്ചിരുന്നു. ഇതോടെ ചിരാഗ് പാസ്വാന്‍റെ നേതൃത്വത്തില്‍ എല്‍ജെപി തനിച്ച് മത്സരിക്കാന്‍ തീരുമാനിച്ചു. ജെഡിയുവുമായി സീറ്റ് പങ്കിടല്‍ കഴിഞ്ഞതോടെ പല മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കും സീറ്റ് ഇല്ലാതായി.

എന്നാല്‍ ബിജെപിയും എല്‍ജെപിയും ഒത്തുകളിക്കുകയാണോ എന്ന സംശയം ജെഡിയുവിലുണ്ട്. തനിച്ച് മത്സരിക്കുമെന്നാണ് എല്‍ജെപി പ്രഖ്യാപനമെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞ് ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുമെന്നും എല്‍ജെപി വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിക്ക് എതിരെയല്ല ജെഡിയു മണ്ഡലങ്ങളിലാണ് എല്‍ജെപി സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നത്. പാ​സ്വാ​നു​മാ​യി ഒ​ത്തു​ക​ളി​ച്ച്​ ജെഡിയു​വി​നെ ഒ​തു​ക്കാനാണോ ബിജെപി ശ്രമിക്കുന്നതെന്ന ആശയക്കുഴപ്പം ജെഡിയുവിലുണ്ട്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ചിത്രം ഉപയോഗിച്ച് എല്‍ജെപി പ്രചരണം നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് എല്‍ജെപി ആവശ്യപ്പെട്ടിട്ടുണ്ട്.