LiveTV

Live

National

യുപിയില്‍ ഗര്‍ഭിണിയായ 14കാരിയെ അച്ഛന്‍ തലയറുത്തു കൊലപ്പെടുത്തി; സംഭവം പുറത്തറിയുന്നത് രണ്ടാഴ്ചക്ക് ശേഷം

ആരാണ് ഗര്‍ഭത്തിനുത്തരവാദിയെന്ന് പെണ്‍കുട്ടി വെളിപ്പെടുത്താത്തതാണ് കൊലക്ക് കാരണമായത്

യുപിയില്‍ ഗര്‍ഭിണിയായ 14കാരിയെ അച്ഛന്‍ തലയറുത്തു കൊലപ്പെടുത്തി; സംഭവം പുറത്തറിയുന്നത് രണ്ടാഴ്ചക്ക് ശേഷം

ഗര്‍ഭിണിയായതിന്റെ പേരില്‍ പതിനാലുകാരിയെ മകളെ പിതാവും സഹോദരനും ചേര്‍ന്ന് തലയറുത്ത് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ സിദൌലിയില്‍ ആണ് ഈ ദുരഭിമാനക്കൊല നടന്നത്. ആരാണ് ഗര്‍ഭത്തിനുത്തരവാദിയെന്ന് പെണ്‍കുട്ടി വെളിപ്പെടുത്താത്തതാണ് കൊലക്ക് കാരണമായത്.

സിദൗലിയിലെ ദുലാപൂര്‍ ഗ്രാമത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം തല അറുത്ത നിലയില്‍ ചൊവ്വാഴ്ച നാട്ടുകാര്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നുവെന്ന് പൊലീസ് സുപ്രണ്ട് എസ്.ആനന്ദ് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു. സെപ്തംബര്‍ 24നാണ് കൊലപാതകം നടന്നതെങ്കിലും കുടുംബം ഇക്കാര്യം രഹസ്യമാക്കി വച്ചതായിരുന്നു. കൊല നടത്തിയ ശേഷം തലയറുത്ത് മൃതദേഹം അഴുക്കു ചാലില്‍ തള്ളിയതായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ സഹോദരന്‍ മുങ്ങിയിരിക്കുകയാണ്. പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടി ആറു മാസം ഗര്‍ഭിണിയായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പെണ്‍കുട്ടി മറ്റൊരാളുമായി പ്രണയ ബന്ധത്തിലായിരുന്നുവെന്നും സൂചനയുണ്ട്. എന്നാല്‍ ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രഥമദൃഷ്ട്യാ ഇതൊരു ദുരഭിമാനക്കൊലയാണെന്ന് വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു. ഗര്‍ഭത്തിനുത്തരവാദി ആരാണെന്ന് പറയാത്തതാണ് തന്നെ പ്രകോപിതനാക്കിയതെന്നും പ്രണയബന്ധത്തിലായിരുന്ന ആളുമായി പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ ഒരുക്കമായിരുന്നെന്നും പിതാവ് പൊലീസിനോട് പറഞ്ഞു.