LiveTV

Live

National

'ഇത്തരം സ്ത്രീകളെ ചില പ്രത്യേക സ്ഥലങ്ങളിലാണ് മരിച്ച നിലയില്‍ കാണുന്നത്': ഹാഥ്റസ് പെണ്‍കുട്ടിയെ അധിക്ഷേപിച്ച് ബിജെപി നേതാവ്

കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയെ അധിക്ഷേപിച്ചും മേല്‍ജാതിക്കാരായ ആക്രമികളെ ന്യായീകരിച്ചും ബിജെപി നേതാവ്

'ഇത്തരം സ്ത്രീകളെ ചില പ്രത്യേക സ്ഥലങ്ങളിലാണ് മരിച്ച നിലയില്‍ കാണുന്നത്': ഹാഥ്റസ് പെണ്‍കുട്ടിയെ അധിക്ഷേപിച്ച് ബിജെപി നേതാവ്

ഹാഥ്റസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയെ അധിക്ഷേപിച്ചും മേല്‍ജാതിക്കാരായ ആക്രമികളെ ന്യായീകരിച്ചും ബിജെപി നേതാവ്. ആ നാല് പേരും നിരപരാധികളാണെന്നാണ് ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ നിന്നുള്ള ബിജെപി നേതാവ് രന്‍ജീത് ബഹാദൂര്‍ ശ്രീവാസ്തവ അവകാശപ്പെടുന്നത്.

"കുറ്റാരോപിതനുമായി പെണ്‍കുട്ടിക്ക് ബന്ധമുണ്ടായിരുന്നു. അവള്‍ അവനെ ചോളപ്പാടത്തേക്ക് വിളിപ്പിച്ചിട്ടുണ്ടാവും. അവള്‍ അങ്ങനെ പിടിക്കപ്പെട്ടുകാണും. ഇതൊക്കെ ചാനലുകളിലും സോഷ്യല്‍ മീഡിയയിലും ഇതിനകം വന്നതാണ്"- ബിജെപി നേതാവ് പറഞ്ഞു. എന്നാല്‍ മനുഷ്യത്യരഹിതമായ പരാമര്‍ശം അവിടെ നിര്‍ത്താന്‍ ബിജെപി നേതാവ് തയ്യാറായില്ല.

"ഇത്തരം സ്ത്രീകളെ ചില പ്രത്യേക സ്ഥലങ്ങളിലാണ് മരിച്ച നിലയില്‍ കാണുന്നത്. ചോളം, കരിമ്പ് പാടങ്ങളിലും കുറ്റിക്കാട്ടിലും ഓവുചാലിലും കാട്ടിലുമൊക്കെയാണ് ഇവരുടെ മൃതദേഹം കാണുന്നത്. എന്തുകൊണ്ട് നെല്‍ വയലിലോ ഗോതമ്പ് പാടത്തോ കാണുന്നില്ല?"

കസ്റ്റഡിയിലെടുത്ത നാല് പേരെയും മോചിപ്പിക്കണമെന്നും ശ്രീവാസ്തവ ആവശ്യപ്പെട്ടു. നാല് പേരും നിരപരാധികളാണെന്ന് തനിക്ക് ഉറപ്പിച്ച് പറയാനാവും. അവരെ ഇപ്പോള്‍ മോചിപ്പിച്ചില്ലെങ്കില്‍ അവന്‍ മാനസികമായി തകരും. അവര്‍ക്ക് നഷ്ടമാകുന്ന യുവത്വം ആര് മടക്കിക്കൊടുക്കുമെന്നും ബിജെപി നേതാവ് ചോദിക്കുന്നു.

ഇതിനകം 44 ക്രിമിനല്‍ കേസുകളുണ്ട് രന്‍ജീത് ബഹാദൂര്‍ ശ്രീവാസ്തവ എന്ന ഈ ബിജെപി നേതാവിനെതിരെ. ഇയാള്‍ ഒരു പാര്‍ട്ടിയിലും നേതാവായിരിക്കാന്‍ യോഗ്യനല്ലെന്നും നോട്ടീസ് അയക്കുമെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ പ്രതികരിച്ചു. നേരത്തെ ബിജെപി എംഎല്‍എ സുരേന്ദ്ര സിങും സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നത് അവരുടെ കുഴപ്പം കൊണ്ടാണെന്ന് പ്രതികരിച്ചിരുന്നു. പെണ്‍കുട്ടികളില്‍ മാതാപിതാക്കള്‍ മൂല്യങ്ങള്‍ വളര്‍ത്തണം. നല്ല ഭരണമുള്ളതുകൊണ്ട് ബലാത്സംഗങ്ങള്‍ തടയാനാവില്ല, പെണ്‍കുട്ടികള്‍ സംസ്കാരമുള്ളവരായി വളര്‍ന്നാല്‍ മാത്രമേ ബലാത്സംഗങ്ങള്‍ അവസാനിക്കൂ എന്നാണ് എംഎല്‍എ പറഞ്ഞത്.

മേല്‍ജാതിക്കാരായ നാല് പേര്‍ കൂട്ടബലാത്സംഗം ചെയ്ത് നാവരിഞ്ഞ് ദലിത് പെണ്‍കുട്ടിയെ കൊന്നുകളഞ്ഞ കേസിലാണ് ഇരുവരും അതിക്രൂരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. പെണ്‍കുട്ടിയുടെ മൃതദേഹം അന്ത്യകര്‍മങ്ങള്‍ക്കായി കുടുംബത്തിന് വിട്ടുകൊടുക്കാതെ പൊലീസ് തന്നെ കത്തിച്ചുകളയുകയും ചെയ്തു. പെണ്‍കുട്ടിക്കും കുടുംബത്തിനും നീത് തേടി ശക്തമായ പ്രതിഷേധം നടക്കുന്നതിനിടെയാണ് പരസ്യമായി ഇരയെ അധിക്ഷേപിച്ചും അക്രമികളെ ന്യായീകരിച്ചും സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ രംഗത്തുവരുന്നത്.