LiveTV

Live

National

ഹാഥ്റസിലേത് ദുരഭിമാന കൊലയെന്ന് ബിജെപി വനിതാ നേതാവ്; നാണമില്ലേ ഇങ്ങനെ പറയാനെന്ന് പ്രശാന്ത് ഭൂഷൺ

ബിജെപിയിലെ വനിതകളുടെ അധാര്‍മികതക്ക് ഒരു പരിധിയില്ലേ എന്ന് പ്രശാന്ത് ഭൂഷണ്‍

ഹാഥ്റസിലേത് ദുരഭിമാന കൊലയെന്ന് ബിജെപി വനിതാ നേതാവ്; നാണമില്ലേ ഇങ്ങനെ പറയാനെന്ന് പ്രശാന്ത് ഭൂഷൺ

ഹാഥ്‌റസിൽ ദലിത് പെൺകുട്ടിയെ മേൽജാതിക്കാർ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം ദുരഭിമാന കൊലയെന്ന് ബിജെപി വനിതാ നേതാവ്. ഇങ്ങനെയൊക്കെ പറയാൻ നാണക്കേട് തോന്നുന്നില്ലേയെന്ന് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ചോദിക്കുന്നു.

"ഹാഥ്റസില്‍ പിടിയിലായ വ്യക്തിയും പെൺകുട്ടിയും തമ്മിൽ ഫോണിൽ സംസാരിച്ചതിന് തെളിവുണ്ട്. 2019 ഒക്ടോബർ മുതൽ 2020 മാർച്ച് വരെ നൂറിലേറെ തവണ അവർ പരസ്പരം വിളിച്ചു. അപ്പോൾ പിന്നെ ദലിതർക്കെതിരായ അതിക്രമം, കൂട്ട ബലാത്സംഗം എന്നൊക്കെ പറയുന്നതെന്തിന്? സംഭവിച്ചത് ദുരഭിമാന കൊലയാവാമല്ലോ" എന്നാണ് മഹിളാ മോർച്ച നേതാവ് പ്രീതി ഗാന്ധിയുടെ ട്വീറ്റ്. ഹാഥ്റസിലെ സത്യം വെളിപ്പെടുന്നു എന്ന ഹാഷ്ടോഗിനൊപ്പമാണ് പ്രീതി ഗാന്ധിയുടെ ട്വീറ്റ്.

പ്രീതി ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് പ്രശാന്ത് ഭൂഷന്‍റെ ട്വീറ്റ് ഇങ്ങനെ - "പ്രതീക്ഷിച്ചതു പോലെ തന്നെ ബിജെപിയുടെ വനിതാ വിഭാഗം ബലാത്സംഗ കൊലയെ, പെൺകുട്ടിയെ വീട്ടുകാര്‍ തന്നെ നടത്തിയ ‘ദുരഭിമാനകൊല’ യാണെന്ന് പറഞ്ഞു തുടങ്ങിയിരിക്കുന്നു! ബിജെപിയിലെ വനിതകളുടെ അധാര്‍മികതക്ക് ഒരു പരിധിയില്ലേ? ഇവര്‍ക്ക് നാണക്കേട് തോന്നുന്നില്ലേ" എന്നാണ് പ്രശാന്ത് ഭൂഷന്‍റെ ചോദ്യം.

ഇതാദ്യമായല്ല കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയെ അധിക്ഷേപിച്ചും മേല്‍ജാതിക്കാരായ അക്രമികളെ ന്യായീകരിച്ചും ബിജെപി നേതാക്കള്‍ രംഗത്തുവരുന്നത്. "കുറ്റാരോപിതനുമായി പെണ്‍കുട്ടിക്ക് ബന്ധമുണ്ടായിരുന്നു. അവള്‍ അവനെ ചോളപ്പാടത്തേക്ക് വിളിപ്പിച്ചിട്ടുണ്ടാവും. അവള്‍ അങ്ങനെ പിടിക്കപ്പെട്ടുകാണും. ഇതൊക്കെ ചാനലുകളിലും സോഷ്യല്‍ മീഡിയയിലും ഇതിനകം വന്നതാണ്. ഇത്തരം സ്ത്രീകളെ ചില പ്രത്യേക സ്ഥലങ്ങളിലാണ് മരിച്ച നിലയില്‍ കാണുന്നത്. ചോളം, കരിമ്പ് പാടങ്ങളിലും കുറ്റിക്കാട്ടിലും ഓവുചാലിലും കാട്ടിലുമൊക്കെയാണ് ഇവരുടെ മൃതദേഹം കാണുന്നത്. എന്തുകൊണ്ട് നെല്‍ വയലിലോ ഗോതമ്പ് പാടത്തോ കാണുന്നില്ല?" - ബാരാബങ്കിയില്‍ നിന്നുള്ള ബിജെപി നേതാവ് രന്‍ജീത് ബഹാദൂര്‍ ശ്രീവാസ്തവ പറഞ്ഞതാണിത്.

കസ്റ്റഡിയിലെടുത്ത നാല് പേരെയും മോചിപ്പിക്കണമെന്നും ശ്രീവാസ്തവ ആവശ്യപ്പെട്ടു. നാല് പേരും നിരപരാധികളാണെന്ന് തനിക്ക് ഉറപ്പിച്ച് പറയാനാവും. അവരെ ഇപ്പോള്‍ മോചിപ്പിച്ചില്ലെങ്കില്‍ അവര്‍ മാനസികമായി തകരും. അവര്‍ക്ക് നഷ്ടമാകുന്ന യുവത്വം ആര് മടക്കിക്കൊടുക്കുമെന്നും ബിജെപി നേതാവ് ചോദിക്കുന്നു.

നേരത്തെ ബിജെപി എംഎല്‍എ സുരേന്ദ്ര സിങും സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നത് അവരുടെ കുഴപ്പം കൊണ്ടാണെന്ന് പ്രതികരിച്ചിരുന്നു. പെണ്‍കുട്ടികളില്‍ മാതാപിതാക്കള്‍ മൂല്യങ്ങള്‍ വളര്‍ത്തണം. നല്ല ഭരണമുള്ളതുകൊണ്ട് ബലാത്സംഗങ്ങള്‍ തടയാനാവില്ല, പെണ്‍കുട്ടികള്‍ സംസ്കാരമുള്ളവരായി വളര്‍ന്നാല്‍ മാത്രമേ ബലാത്സംഗങ്ങള്‍ അവസാനിക്കൂ എന്നാണ് എംഎല്‍എ പറഞ്ഞത്.

മേല്‍ജാതിക്കാരായ നാല് പേര്‍ കൂട്ടബലാത്സംഗം ചെയ്ത് നാവരിഞ്ഞ് ദലിത് പെണ്‍കുട്ടിയെ കൊന്നുകളഞ്ഞ കേസിലാണ് ഇത്തരം പരാമര്‍ശങ്ങള്‍. പെണ്‍കുട്ടിയുടെ മൃതദേഹം അന്ത്യകര്‍മങ്ങള്‍ക്കായി കുടുംബത്തിന് വിട്ടുകൊടുക്കാതെ പൊലീസ് തന്നെ കത്തിച്ചുകളയുകയും ചെയ്തു. പെണ്‍കുട്ടിക്കും കുടുംബത്തിനും നീത് തേടി ശക്തമായ പ്രതിഷേധം നടക്കുന്നതിനിടെയാണ് പരസ്യമായി ഇരയെ അധിക്ഷേപിച്ചും അക്രമികളെ ന്യായീകരിച്ചും സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ രംഗത്തുവരുന്നത്.