LiveTV

Live

National

ബിഹാര്‍ തെരഞ്ഞെടുപ്പ്; ബി.എസ്.പി, ആര്‍.എല്‍.എസ്.പി മൂന്നാം സഖ്യത്തില്‍ ഭാഗമായി ഉവൈസിയുടെ എ.ഐ.എം.ഐ.എം

മതേതര ശക്തികളുടെ സഖ്യത്തിലൂടെ ബിഹാര്‍ ജനതയുടെ പ്രതീക്ഷകള്‍ക്ക് ശക്തി പകരുമെന്ന് ഉവൈസി പറഞ്ഞു

ബിഹാര്‍ തെരഞ്ഞെടുപ്പ്;  ബി.എസ്.പി, ആര്‍.എല്‍.എസ്.പി മൂന്നാം സഖ്യത്തില്‍ ഭാഗമായി ഉവൈസിയുടെ എ.ഐ.എം.ഐ.എം

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ ശക്തമായ മല്‍സരം കാഴ്ച്ച വെക്കാന്‍ മൂന്നാം സഖ്യം. ബി.എസ്.പിക്കും ആര്‍.എല്‍.എസ്.പിയും നേതൃത്വം കൊടുക്കുന്ന മൂന്നാം സഖ്യത്തില്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എംയും ഭാഗമായി. രാഷ്ട്രീയ ലോക സമത പാര്‍ട്ടി മുന്‍ എം.പി ഉപേന്ദ്ര കുഷ്‍വാഹ ഇന്നലെയാണ് ആള്‍ ഇന്ത്യാ മജ്‍ലിസെ ഇത്തിഹാദുല്‍ മുസ്‍ലിമീന്‍ മൂന്നാം സഖ്യത്തിന്‍റെ ഭാഗമാകുന്ന കാര്യം പ്രഖ്യാപിച്ചത്. മായാവതി നേതൃത്വം കൊടുക്കുന്ന ബി.എസ്.പി, ജനവാദി പാര്‍ട്ടി (സോഷ്യലിസ്റ്റ്) എന്നിവരാണ് സഖ്യത്തിലെ മറ്റു പ്രധാന പാര്‍ട്ടികള്‍.

നേരത്തെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായും പ്രതിപക്ഷ പാര്‍ട്ടിയായ രാഷ്ട്രീയ ലോക് ദള്‍ നേതാവ് തേജസ്വി യാദവുമായും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പുതിയ മൂന്നാം മുന്നണി സാധ്യതയുമായി ഉപേന്ദ്ര കുഷ്‍വാഹ മുന്നോട്ട് വന്നത്. സീറ്റ് പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണം.

അതെ സമയം ബിഹാര്‍ ജനത നിലവിലുള്ള സഖ്യങ്ങള്‍ക്കപ്പുറം പുതിയ സാധ്യതകളെ കാണുന്നവരാണെന്ന് എ.ഐ.എം.ഐ.എം ചീഫ് അസദ്ദുദ്ദീന്‍ ഉവൈസി പി.ടി.ഐയോട് പറഞ്ഞു.

രണ്ട് വലിയ സഖ്യങ്ങളുടെ ഭരണം കൊണ്ട് ശ്വാസം മുട്ടിയിരിക്കുകയാണ് ബിഹാര്‍ ജനതയെന്നും അവര്‍ പുതിയ പകരക്കാരെ തേടുകയാണെന്നും ഉവൈസി പ്രതികരിച്ചു. മതേതര ശക്തികളുടെ സഖ്യത്തിലൂടെ അവരുടെ പ്രതീക്ഷകള്‍ക്ക് ശക്തി പകരുമെന്നും ഉവൈസി പറഞ്ഞു.

എ.ഐ.എം.ഐ.എം ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതോട് കൂടി മതേതര വോട്ടുകള്‍ ബി.ജെ.പി കൈവശപ്പെടുത്തുമെന്ന ആരോപണങ്ങളെയും ഉവൈസി തള്ളിക്കളഞ്ഞു.

മൂന്ന് ഘട്ടങ്ങളായാണ് ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടം ഒക്ടോബര്‍ 28നാണ്. നവംബര്‍ 3,7 തിയ്യതികളില്‍ അടുത്ത രണ്ട് ഘട്ടങ്ങളിലെ വോട്ടെടുപ്പ് നടക്കും. നവംബര്‍ പത്തിനാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കുക. 243 അംഗ നിയമസഭയാണ് ബിഹാറിലേത്. നവംബര്‍ 29ന് നിലവിലെ നിയസഭയുടെ കാലാവധി അവസാനിക്കും.