നിങ്ങളുടേത് ബനാന റിപബ്ലിക് ചാനല്‍: അര്‍ണബിനെതിരെ രാജ്ദീപ് സര്‍ദേശായി
ഈ നിലവാരത്തിലേക്ക് മാധ്യമപ്രവര്‍ത്തനത്തെ തരംതാഴ്ത്തരുതെന്നും ആവശ്യപ്പെട്ടു.

റിപബ്ലിക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യാടുഡെ കള്സല്ട്ടിങ് എഡിറ്റര്‍ രാജ്ദീപ് സര്‍ദേശായി. അര്‍ണബ് നടത്തുന്നത് ബനാന റിപബ്ലിക് ചാനലാണെന്ന് രാജ്ദീപ് സര്‍ദേശായി ചാനല്‍ ചര്‍ച്ചക്കിടെ വിമര്‍ശിച്ചു. ഈ നിലവാരത്തിലേക്ക് മാധ്യമപ്രവര്‍ത്തനത്തെ തരംതാഴ്ത്തരുതെന്നും ആവശ്യപ്പെട്ടു.
രാജ്ദീപ് സര്‍ദേശായിയുടെ പറഞ്ഞതിങ്ങനെ- അര്‍ണബ് ഗോസ്വാമി, നിങ്ങള്‍ നടത്തുന്നത് ഒരു ബനാന റിപബ്ലിക് ചാനലാണ്. സ്വന്തം താത്പര്യങ്ങള്‍ക്കായി ബോധപൂര്‍വം മാധ്യമ വിചാരണ നടത്തുന്നു. ഈ നിലവാരത്തിലേക്ക് മാധ്യമപ്രവര്‍ത്തനത്തെ കൊണ്ടുചെന്നെത്തിക്കരുതെന്ന് അഭ്യര്‍ഥിക്കുന്നു. ഇതല്ല മാധ്യമപ്രവര്‍ത്തനം. ഇന്ന് ഞാന്‍ നിങ്ങളുടെ പേരെടുത്ത് പറയുകയാണ്. രണ്ടര മാസത്തോളം നിങ്ങള്‍ എന്നെ കുറിച്ച് പറഞ്ഞ അസംബന്ധങ്ങള്‍ കേട്ട് നിശബ്ദത പാലിച്ചു. റേറ്റിംഗ് മാത്രമാണ് നിങ്ങളുടെ ലക്ഷ്യം. സുഹൃത്തെ, ടിആര്‍പിയേക്കാള്‍ പ്രധാന്യമുള്ള ചിലതുണ്ട്, അതാണ് ടെലിവിഷന്‍ റെസ്പെക്റ്റ് പോയിന്റ്.
നടന് സുശാന്ത് സിങ് രാജ്പുതിന്റെ മരണവും ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗവും സംബന്ധിച്ച് ചിലരെ ഉന്നംവെച്ചുള്ള വാര്‍ത്തകളാണ് റിപബ്ലിക് ടിവി കുറേ ദിവസങ്ങളായി സംപ്രേഷണം ചെയ്യുന്നത്. സുശാന്തിന്റെ പെണ്‍സുഹൃത്ത് റിയ ചക്രബര്‍ത്തിയെ പിന്നാലെ ചെന്ന് വേട്ടയാടണമെന്ന് റിപബ്ലിക് ടിവി ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തി രണ്ട് മാധ്യമപ്രവര്‍ത്തകര്‍ ആ ചാനലില്‍ നിന്ന് രാജിവെക്കുകയുമുണ്ടായി. റിയയെ രാജ്ദീപ് സര്‍ദേശായി അഭിമുഖം ചെയ്തതോടെ അര്‍ണബ് സര്‍ദേശായിക്കെതിരെ വ്യക്തിപരമായ അധിക്ഷേപം ചൊരിയാന്‍ തുടങ്ങി. ഇതിനാണ് സര്‍ദേശായി മറുപടി നല്‍കിയത്.