LiveTV

Live

National

ഹാഥ്റസില്‍ മലയാളി മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ നാല് പേരെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയാണ് അറസ്റ്റിലായ സിദ്ദിഖ്.

ഹാഥ്റസില്‍ മലയാളി മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ നാല് പേരെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു

ഹാഥ്റസ് ക്രൂരബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു. സിദ്ദിഖ് കാപ്പനെയാണ് അറസ്റ്റ് ചെയ്തത്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയാണ് അറസ്റ്റിലായ സിദ്ദിഖ്. സിദ്ദിഖിനൊപ്പമുണ്ടായിരുന്ന മൂന്ന് പേരെയും അറസ്റ്റ് ചെയ്തു.

സിദ്ദിഖ് കാപ്പന്‍, അത്വിഖ് റഹ്മാന്‍, മസൂദ് അഹമ്മദ്, ആലം എന്നിവര്‍ ഡല്‍ഹിയില്‍ നിന്ന് ഹാഥ്റസിലേക്ക് പോവുകയായിരുന്നു. ഇവര്‍ വരുന്നത് ഹാഥ്റസിലെ സമാധാനാന്തരീക്ഷം തകര്‍ക്കുമെന്ന് വിവരം ലഭിച്ചെന്നാണ് യു.പി പൊലീസിന്‍റെ വാദം. ഇവര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായും ക്യാംപസ് ഫ്രണ്ടുമായും ബന്ധമുണ്ടെന്നും പൊലീസ് ആരോപിച്ചു. ഹാഥ്റസ് ടോള്‍ പ്ലാസയ്ക്ക് സമീപത്തുവെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.

അഴിമുഖം എന്ന വെബ്സൈറ്റിന് വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്ന സിദ്ദിഖ് നേരത്തെ പത്രങ്ങളിലും മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്. ജോലിയുടെ ഭാഗമായാണ് ഹാഥ്റസിലേക്ക് പോയതും. യു.പി പൊലീസ് നടപടിയെ കേരള പത്രപ്രവർത്തക യൂണിയൻ അപലപിച്ചു. രാജ്യത്തെ നടുക്കിയ ദലിത് പീഡനത്തിൽനിന്നു ശ്രദ്ധ തിരിക്കുന്നതിന് മാധ്യമപ്രവർത്തകരെ അടക്കം കള്ളക്കേസിൽ കുടുക്കാനുള്ള ശ്രമം നിയമവാഴ്ചയെ കശാപ്പ് ചെയ്യലാണെന്ന് കെ.യു.ഡബ്ല്യു.ജെ ചൂണ്ടിക്കാട്ടി.

രാജ്യമാകെ കോളിളക്കം സൃഷ്ടിച്ച സംഭവത്തിന്‍റെ നിജസ്ഥിതി ലോകത്തെ അറിയിക്കുക എന്ന മാധ്യമപ്രവർത്തകന്‍റെ ഉത്തരവാദിത്തം നിർവഹിക്കാനുള്ള യാത്രയിലാണ് സിദ്ദിഖ് അറസ്റ്റിലായിരിക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ അടിവേരറുക്കുന്ന ചെയ്തിയാണിത്. വ്യാജ തെളിവുകൾ ചമച്ച് രാജ്യദ്രോഹ, തീവ്രവാദ മുദ്ര ചാർത്തി നിരപരാധികളെ തടങ്കലിലാക്കുന്ന കിരാത നടപടി ജനാധിപത്യ വ്യവസ്ഥയിൽ അംഗീകരിക്കാവുന്നതല്ല. മാധ്യമ പ്രവർത്തകനെ അന്യായ തടങ്കലിൽനിന്ന് മോചിപ്പിക്കാൻ പ്രധാനമന്ത്രി അടക്കം വിഷയത്തിൽ ഇടപെടണമെന്ന് യൂണിയൻ സംസ്ഥാന പ്രസിഡന്‍റ് കെ.പി റജിയും ജനറൽ സെക്രട്ടറി ഇ.എസ് സുഭാഷും ആവശ്യപ്പെട്ടു.

നിയമ വിരുദ്ധ തടങ്കലിൽ നിന്ന് മാധ്യമപ്രവർത്തകനെ മോചിപ്പിക്കാൻ നടപടി ആവശ്യപ്പെട്ടു ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സംസ്ഥാന പൊലീസ് മേധാവിക്കും യൂണിയൻ കത്തയച്ചു. സർക്കാർ, പൊലീസ് തലത്തിൽ ഇടപെടൽ അഭ്യർഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, ഡി.ജി.പി ലോക്നാഥ് ബെഹ്റ എന്നിവർക്കും നിവേദനം നൽകി.