LiveTV

Live

National

നടിക്ക് വൈ കാറ്റഗറി സുരക്ഷ,ഹഥ്റാസ് പെണ്‍കുട്ടിയുടെ കുടുംബത്തിന് അവഗണന; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശിവസേന

നടി കങ്കണ റണാവത്തിന്റെ പേര് പരാമര്‍ശിക്കാതെ പരോക്ഷമായിട്ടായിരുന്നു സാമ്നയുടെ പ്രതികരണം

 നടിക്ക് വൈ കാറ്റഗറി സുരക്ഷ,ഹഥ്റാസ് പെണ്‍കുട്ടിയുടെ കുടുംബത്തിന് അവഗണന; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശിവസേന

ഹഥ്റാസ് പെണ്‍കുട്ടിയുടെ കുടുംബത്തോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അവഗണനക്കെതിരെ ആഞ്ഞടിച്ച് ശിവസനേ. നടിക്ക് വൈ കാറ്റഗറി സുരക്ഷ ലഭിക്കുമ്പോള്‍ ഹഥ്റാസ് പെണ്‍കുട്ടിയുടെ കുടുംബം ദൈവത്തിന്റെ കരുണയില്‍ കഴിയുകയാണെന്നും ശിവസേന മുഖപത്രമായ സാമ്നയുടെ എഡിറ്റോറിയലില്‍ പറയുന്നു,നടി കങ്കണ റണാവത്തിന്റെ പേര് പരാമര്‍ശിക്കാതെ പരോക്ഷമായിട്ടായിരുന്നു സാമ്നയുടെ പ്രതികരണം.

ഹഥ്റാസ് കുടുംബം സ്വയം തീര്‍ത്ത പ്രതിരോധത്തില്‍ കഴിയുമ്പോള്‍ മുംബൈയിലെ ഒരു നടിക്ക് വൈ കാറ്റഗറി സുരക്ഷയാണ് നല്‍കുന്നത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ അവഗണിക്കുന്നത് ഭരണഘടനയുടെ ലംഘനമല്ലേയെന്ന് സാമ്‌ന ചോദിച്ചു. ഇരയുടെ കുടുംബം ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടിരുന്നുവെങ്കിലും സർക്കാർ സി.ബി.ഐ അന്വേഷണത്തിനാണ് ശിപാര്‍ശ ചെയ്തത്. കേസ് തിടുക്കപ്പെട്ട് സി.ബി.ഐക്ക് കൈമാറിയതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും ചില കാര്യങ്ങളെ മറയ്ക്കാന്‍ വേണ്ടിയാണെന്നും എഡിറ്റോറിയലില്‍ പറയുന്നു.

പെണ്‍കുട്ടിയുടെ മൃതദേഹം ദഹിപ്പിച്ചതിലൂടെ യു.പി സര്‍ക്കാര്‍ തെളിവുകള്‍ നശിപ്പിച്ചു. ഹഥ്റാസ് കുടുംബത്തെ സന്ദര്‍ശിക്കുന്ന രാഷ്ട്രീയക്കാര്‍ക്കെതിരെയുള്ള പ്രതിഷേധത്തെക്കുറിച്ചും സാമ്ന ചൂണ്ടിക്കാട്ടി. ഇന്നേ ദിവസം വരെ അവിടെ സന്ദര്‍ശിച്ച രാഷ്ട്രീയക്കാര്‍ക്കെതിരെ പൊലീസ് ലാത്തി വീശി. ദലിത് സമുദായത്തെ ഇത്തരത്തില്‍ അവഗണിച്ചാല്‍ അവര്‍ തെരുവിലിറങ്ങുമെന്നും എഡിറ്റോറിയല്‍ മുന്നറിയിപ്പ് നല്‍കുന്നു.