LiveTV

Live

National

പ്രണയത്തിന് ഇവിടെ ജാതിയില്ല; ബ്രാഹ്മണ യുവതിയെ വിവാഹം ചെയ്ത് ദലിത് എം.എല്‍.എ

എഐഎഡിഎംകെ എംഎല്‍എ പ്രഭുവിന്റെയും 19 കാരിയായ കോളജ് വിദ്യാര്‍ഥി എസ് സൗന്ദര്യയുടെയും വിവാഹമാണ്

പ്രണയത്തിന് ഇവിടെ ജാതിയില്ല; ബ്രാഹ്മണ യുവതിയെ വിവാഹം ചെയ്ത് ദലിത് എം.എല്‍.എ

ജാതിയുടെയും മതത്തിന്റെയും പേരില്‍ കൊലപാതകവും മാനഭംഗങ്ങളും കൂട്ടത്തല്ലുകളും നടക്കുമ്പോള്‍ പ്രണയത്തിന് ജാതിയില്ലെന്ന് തെളിയിച്ചിരിക്കുകയാണ് തമിഴ്നാട്ടില്‍ നിന്നുള്ള എം.എല്‍.എയായ എ. പ്രഭു. കുടുംബത്തിന്റെ എതിര്‍പ്പുകളെ മറികടന്ന് ദലിതനായ പ്രഭു വിവാഹം കഴിച്ചത് ബ്രാഹ്മണ യുവതിയെയാണ്. എഐഎഡിഎംകെ എംഎല്‍എ പ്രഭുവിന്റെയും 19 കാരിയായ കോളജ് വിദ്യാര്‍ഥി എസ് സൗന്ദര്യയുടെയും വിവാഹമാണ് സിനിമയെ പോലും വെല്ലുന്ന ക്ലൈമാക്‌സിന് സാക്ഷ്യം വഹിച്ചത്.

കല്ലക്കുറിച്ചി മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് 36കാരനായ പ്രഭു.തിങ്കളാഴ്ച പ്രഭുവിന്റെ വീട്ടില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. എന്നാല്‍ ഇതിനിടയില്‍ മകളെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് സൌന്ദര്യയുടെ പിതാവും ക്ഷേത്രത്തിലെ പൂജാരിയുമായ സ്വാമിനാഥന്‍ പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

എം.എല്‍.എയും പെണ്‍കുട്ടിയും തമ്മില്‍ ബന്ധമുണ്ടായിരുന്നു എന്നത് ശരിയാണ്. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷത്തിലായി ഇവര്‍ പ്രണയത്തിലായിരുന്നുവെന്നാണ് സൌന്ദര്യയുടെ മാതാപിതാക്കള്‍ പറയുന്നത്. ആ സമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും മാതാപിതാക്കള്‍ വാദിക്കുന്നു. എം,എല്‍.എ പറയുന്നത് നാല് മാസമേ ആയിട്ടുള്ളൂ അവരുടെ ബന്ധം തുടങ്ങിയിട്ട് എന്നാണെന്നും ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രഭുവിന് തങ്ങളുടെ കുടുംബവുമായി വര്‍ഷങ്ങളായി നല്ല ബന്ധമാണുള്ളതെന്നും തന്റെ മകനെപ്പോലെയാണ് കണക്കാക്കിയിരുന്നതെന്നും തന്റെ വിശ്വാസം തകര്‍ത്തുവെന്നും സ്വാമിനാഥന്‍ പറഞ്ഞു.

സൗന്ദര്യയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് വിവാഹം കഴിച്ചു എന്ന ആരോപണം പ്രഭു നിഷേധിച്ചു. സ്വന്തം ഇഷ്ടപ്രകാരമാണ് ഇറങ്ങിവന്നതെന്ന് സൌന്ദര്യയും പറഞ്ഞു. വിവാഹാലോചനയുമായി പ്രഭു സൌന്ദര്യയുടെ വീട്ടുകാരെ സമീപിച്ചെങ്കിലും അവര്‍ സമ്മതിക്കാത്തതുകൊണ്ടാണ് ഇത്തരത്തില്‍ വിവാഹം ചെയ്യേണ്ടി വന്നതെന്നും തന്റെ വീട്ടുകാരുടെ പൂര്‍ണ്ണസമ്മതമുണ്ടായിരുന്നതായും പ്രഭു പറഞ്ഞു.