LiveTV

Live

National

'യോഗിജി, നിങ്ങള്‍ താക്കൂര്‍ അല്ല, ഭീരുവാണ്'.. ഹാഥ്റസില്‍ ആക്രമിക്കപ്പെട്ട എഎപി എംപി

ഹാഥ്റസില്‍ വെച്ച് സഞ്ജയ് സിങിന് നേരെ ദീപക് ശര്‍മ എന്നയാള്‍ ഇന്നലെ മഷിയെറിഞ്ഞിരുന്നു.

'യോഗിജി, നിങ്ങള്‍ താക്കൂര്‍ അല്ല, ഭീരുവാണ്'.. ഹാഥ്റസില്‍ ആക്രമിക്കപ്പെട്ട എഎപി എംപി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷവിമര്‍ശനവുമായി എഎപി എംപി സഞ്ജയ് സിങ്. ഹാഥ്റസില്‍ വെച്ച് സഞ്ജയ് സിങിന് നേരെ ദീപക് ശര്‍മ എന്നയാള്‍ ഇന്നലെ മഷിയെറിഞ്ഞിരുന്നു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് മടങ്ങുമ്പോഴായിരുന്നു ആക്രമണം.

'ഹാഥ്റസിലുണ്ടായത് ഭീരുവിന്‍റെ പ്രവൃത്തിയാണ്. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് മടങ്ങുമ്പോഴായിരുന്നു ആക്രമണം. എംഎല്‍എ രാഖി ബിര്‍ള, അജയ് ദത്ത്, ഫൈസല്‍ ലാല എന്നിവര്‍ കൂടെയുണ്ടായിരുന്നു. യോഗിജി, നിങ്ങള്‍ താക്കൂര്‍ അല്ല, ഭീരുവാണ്. എനിക്കെതിരെ കേസെടുക്കുകയോ എന്നെ കൊല്ലുകയോ ചെയ്യൂ. പക്ഷേ നീതിക്കായുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും"- സഞ്ജയ് സിങ് ട്വീറ്റ് ചെയ്തു.

മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ദീപക് ശര്‍മ എന്നയാള്‍ എംപിക്ക് നേരെ മഷി ഒഴിച്ചത്. അക്രമിയെ ഉടന്‍ തന്നെ എഎപി പ്രവര്‍ത്തകര്‍ പിടികൂടി പൊലീസിനെ ഏല്‍പിച്ചു. ആക്രമണം പൊലീസ് നോക്കിനില്‍ക്കുകയായിരുന്നുവെന്ന് എഎപി പ്രവര്‍ത്തകര്‍ പറഞ്ഞു.

സെപ്തംബര്‍ 14നാണ് ഹാഥ്റസിലെ ദലിത് പെണ്‍കുട്ടിയെ മേല്‍ജാതിക്കാരായ നാല് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയുടെ നാവ് അക്രമികള്‍ മുറിച്ചുമാറ്റി. കുട്ടിയുടെ നട്ടെല്ല് തകര്‍ന്നു. സെപ്തംബര്‍ 30ന് ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറാതെ പൊലീസ് തന്നെ കത്തിച്ചു. യോഗി സര്‍ക്കാരും പൊലീസും പ്രതികളെ സംരക്ഷിക്കുകയാണെന്ന പ്രതിഷേധം ഉയര്‍ന്നപ്പോള്‍ പ്രതിഷേധക്കാരെ അടിച്ചമര്‍ത്താനും മാധ്യമങ്ങളെ തടയാനും ശ്രമം നടന്നു. മേല്‍ജാതിക്കാര്‍ പ്രതികള്‍ക്കായി പരസ്യമായി രംഗത്തെത്തുകയും ചെയ്തു.