LiveTV

Live

National

ഹാഥ്റാസ്; പൊലീസ് സാന്നിധ്യത്തില്‍ ആസാദിന് താക്കൂര്‍ വിഭാഗത്തിന്‍റെ ഭീഷണി; വീഡിയോ പ്രചരിച്ചിട്ടും കേസില്ല

'ആസാദ് സി.ബി.ഐയെ വിശ്വസിക്കുന്നില്ല, അയാള്‍ ഇവിടെ രാഷ്ട്രീയം കളിക്കാന്‍ വന്നതാണ്. നമുക്ക് ഒരു തവണ അദ്ദേഹത്തെ നേരിട്ട് കാണാം, അദ്ദേഹത്തിന് സി.ബി.ഐയിലൊക്കെ വിശ്വാസമുണ്ടെന്ന് ഉറപ്പിക്കാം'

ഹാഥ്റാസ്; പൊലീസ് സാന്നിധ്യത്തില്‍ ആസാദിന് താക്കൂര്‍ വിഭാഗത്തിന്‍റെ ഭീഷണി; വീഡിയോ പ്രചരിച്ചിട്ടും കേസില്ല

ഹാഥ്റാസില്‍ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് യുവതിയുടെ കുടുംബത്തെ സന്ദര്‍ശിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെതിരെ പൊലീസ് സാന്നിധ്യത്തില്‍ പരസ്യമായി ഭീഷണി മുഴക്കി ഉന്നതജാതിക്കാരായ താക്കൂര്‍ വിഭാഗം. കൊല്ലപ്പെട്ട ദലിത് യുവതിയുടെ കുടുംബത്തിന് വൈ കാറ്റഗറി സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഹാഥ്റാസ് ഗ്രാമത്തിലെ താക്കൂര്‍ വിഭാഗം പരസ്യ ഭീഷണിയുമായി രംഗത്തുവന്നത്. താക്കൂര്‍ വിഭാഗം ഭീഷണി മുഴക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. അതെ സമയം ഭീഷണി മുഴക്കിയവര്‍ക്കെതിരെ ഒരു നടപടിയും പൊലീസിന്‍റെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല.

കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത നാല് പ്രതികളും വ്യാജ ആരോപണങ്ങളുടെ പേരില്‍ പിടിക്കപ്പെട്ടവരാണെന്നും കേസില്‍ യോഗി സര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരം സി.ബി.ഐ അന്വേഷണമാണ് വേണ്ടതെന്നും ഗ്രാമത്തിലെ ഉന്നതജാതിക്കാരുടെ സംഘടനയായ രാഷ്ട്രീയ സവര്‍ണ പരിഷത്ത് പറഞ്ഞു.

'നിങ്ങള്‍ക്ക് സി.ബി.ഐയില്‍ വിശ്വാസമില്ലേ? ചന്ദ്രശേഖര്‍ ആസാദ് സി.ബി.ഐയെ വിശ്വസിക്കുന്നില്ല, അയാള്‍ ഇവിടെ രാഷ്ട്രീയം കളിക്കാന്‍ വന്നതാണ്. നമുക്ക് ഒരു തവണ അദ്ദേഹത്തെ നേരിട്ട് കാണാം, അദ്ദേഹത്തിന് സി.ബി.ഐയിലൊക്കെ വിശ്വാസമുണ്ടെന്ന് ഉറപ്പിക്കാം' ; താക്കൂര്‍ യുവാവ് ക്ഷുഭിതനായി വീഡിയോയില്‍ പ്രതികരിച്ചു. ഇവര്‍ക്ക് പിന്നില്‍ പൊലീസ് നിശ്ശബ്ദനായി നില്‍ക്കുന്നതും പ്രചരിക്കുന്ന വീഡിയോയില്‍ കാണാവുന്നതാണ്.

'തിരിച്ചടിക്കാനാണ് ഞങ്ങള്‍ ജനിച്ചത് തന്നെ...വരൂ, നിങ്ങളുടെ സഹോദരങ്ങള്‍ ഇവിടെ കാത്തിരിക്കുകയാണ്' എന്നും വീഡിയോയില്‍ ചന്ദ്രശേഖര്‍ ആസാദിനെതിരെ ഭീഷണി മുഴക്കുന്നുണ്ട്. ആസാദിനെതിരെ ഭീഷണി മുഴക്കിയവര്‍ക്കോ പ്രതികള്‍ക്ക് നീതി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം യോഗം നടത്തിയവര്‍ക്കോ എതിരെ കേസെടുക്കാത്ത യുപി പൊലീസ് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെതിരെ കേസെടുത്തത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്ന് വിമര്‍ശനമുണ്ട്. നിരോധനാജ്ഞ ലംഘിച്ചെന്ന കുറ്റം ചുമത്തിയാണ് ചന്ദ്രശേഖര്‍ ആസാദുള്‍പ്പടെ മറ്റ് 400 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. ഹാഥ്‌റസിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് ചന്ദ്രശേഖര്‍ ആസാദും അനുയായികളും എത്തിയത്. നേരത്തെ പെണ്‍കുട്ടിക്ക് നീതിതേടി പ്രതിഷേധം സംഘടിപ്പിച്ചതിന് ചന്ദ്രശേഖര്‍ ആസാദിനെ വീട്ടുതടങ്കലിലാക്കിയിരുന്നു.

ഹാഥ്റസില്‍ കഴിഞ്ഞ സെപ്തംബര്‍ 14നാണ് 19 വയസ്സുള്ള ദലിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ പീഡിപ്പിച്ചത്. ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ നട്ടെല്ല് തകര്‍ന്നിരുന്നു. കുട്ടിയുടെ നാവ് അക്രമികള്‍ മുറിച്ചെടുത്തു. ഡല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്. കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം വീട്ടുകാരറിയാതെ കത്തിച്ചുകളഞ്ഞതിനെതിരെ നേരത്തെ വ്യാപക വിമർശനം ഉയര്‍ന്നിരുന്നു.