LiveTV

Live

National

യു.പിയിൽ പരാതി നൽകാനായില്ല; ബലാത്സംഗത്തിനിരയായ നേപ്പാളി യുവതി പരാതി നൽകിയത് മഹാരാഷ്ട്രയില്‍

800 കീലോമീറ്റർ യാത്രചെയ്താണ് സുഹൃത്തിന്റെ സഹായത്തോടെ നാഗ്പൂരിലെ കോറാടി പൊലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകിയത്‌

യു.പിയിൽ പരാതി നൽകാനായില്ല; ബലാത്സംഗത്തിനിരയായ നേപ്പാളി യുവതി പരാതി നൽകിയത് മഹാരാഷ്ട്രയില്‍

ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിൽ ലൈംഗിക അതിക്രമത്തിനിരയായ യുവതി പരാതി നൽകുന്നതിനായി യാത്ര ചെയ്തത് 800 കിലോമീറ്റർ. ലഖ്‌നൗവിൽ പരാതി നൽകുന്നതിനെതിരെ ബലാത്സംഗം ചെയ്ത വ്യക്തി ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് നേപ്പാൾ സ്വദേശിനിയായ വ്യക്തി, അവിടെ നിന്ന് രക്ഷപ്പെട്ട് 800 കിലോമീറ്റർ അകലെയുള്ള മഹാരാഷ്ട്രയിലെ നാഗ്പൂരിലെത്തിയത്. യുവതിയുടെ പരാതി സ്വീകരിച്ച മഹാരാഷ്ട്ര പൊലീസ് 'സീറോ എഫ്.ഐ.ആർ' രജിസ്റ്റർ ചെയ്തു.

2018-ൽ നേപ്പാളിൽ നിന്ന് ജോലിതേടി ഇന്ത്യയിലെത്തിയ യുവതി കഴിഞ്ഞ മാർച്ച് മുതൽ ലഖ്‌നൗവിൽ, സുഹൃത്തായ യുവതി വാടകയ്ക്കു നൽകിയ ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നതെന്ന് പരാതി സ്വീകരിച്ച നാഗ്പൂരിലെ കോറാടി പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ വസീർ ഷെയ്ഖ് പറയുന്നു. ലഖ്‌നൗവിലെ യുവതി നേപ്പാളി സ്വദേശിനിയെ പ്രവീൺ രാജ്പാൽ യാദവ് എന്നയാൾക്ക് പരിചയപ്പെടുത്തി. ദുബൈയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയ്തു വരികയായിരുന്നു പ്രവീൺ യാദവ്.

തന്റെ കൈവശമുണ്ടായിരുന്ന 1.5 ലക്ഷം രൂപ നേപ്പാളി യുവതി, വനിതാ സുഹൃത്തിനെ ഏൽപ്പിച്ചിരുന്നു. ഇത് തിരികെ ചോദിച്ചപ്പോൾ തന്നെ മർദിക്കുകയായിരുന്നുവെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. ഇക്കാര്യം യുവതി ദുബൈയിലുണ്ടായിരുന്ന പ്രവീണിനെ അറിയിച്ചു. പ്രവീണിന്റെ നിർദേശപ്രകാരം യുവതി വാടക ഫ്‌ളാറ്റിൽ നിന്ന് ഒഴിയുകയും, അയാൾ ഏർപ്പാടാക്കിയ ഹോട്ടൽ മുറിയിലേക്ക് താമസം മാറുകയും ചെയ്തു. രണ്ടുദിവസത്തിനു ശേഷം പ്രവീൺ ദുബൈയിൽ നിന്ന് വരികയും ഹോട്ടൽ മുറിയിൽ വെച്ച് മയക്കുമരുന്ന് നൽകി തന്നെ ബലാത്സംഗം ചെയ്യുകയുമാണുണ്ടായതെന്ന് കോറാടി പൊലീസ് സ്റ്റേഷനിൽ യുവതി നൽകിയ പരാതിയിൽ പറയുന്നു. പൊലീസിൽ പരാതിപ്പെട്ടാൽ നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പ്രവീൺ ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു.

ഉത്തർപ്രദേശ് പൊലീസിൽ പരാതിപ്പെടാൻ ധൈര്യമില്ലാത്തതിനാൽ യുവതി ലഖ്‌നൗവിൽ നിന്ന് രക്ഷപ്പെടുകയും, സെപ്തംബർ 30-ന് നാഗ്പൂരിൽ താമസിക്കുന്ന നേപ്പാളി സുഹൃത്തിന്റെ വീട്ടിലെത്തുകയായിരുന്നു. ഈ സുഹൃത്തിന്റെ സഹായത്തോടെയാണ് പൊലീസിൽ പരാതിപ്പെട്ടത്. യുവതിയുടെ മൊഴിപ്രകാരം കോറാടി പൊലീസ് തയ്യാറാക്കിയ എഫ്.ഐ.ആർ, ലഖ്‌നൗ പൊലീസിന് കൈമാറും.

പരാതിക്കാരിയായ യുവതിയും പൊലീസ് സംഘവും നാഗ്പൂർ ഡി.സി.പിയിൽ നിന്നുള്ള കത്തുമായി ലഖ്‌നൗവിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ലഖ്‌നൗ ചിൻഹഠ് പൊലീസ് സ്റ്റേഷനിലേക്ക് എഫ്.ഐ.ആർ കൈമാറുമെന്ന് മഹാരാഷ്ട്ര പൊലീസ് അധികൃതർ പറഞ്ഞു.