LiveTV

Live

National

ഹാഥ്‌റസ്: പ്രതികളുടെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

യു. പി ബുലന്ദ്ഷറില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് നിസാം മാലിക്കാണ് കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി രൂപ പ്രതിഫലം നല്‍കുമെന്ന് പ്രഖ്യാപിച്ചത്.

ഹാഥ്‌റസ്: പ്രതികളുടെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

ഹാഥ്‌റസ് കൂട്ടബലാത്സംഗത്തിലെ പ്രതികളുടെ തലയ്ക്ക് ഒരു കോടി രൂപ പ്രഖ്യാപിച്ച കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തു. യു. പി ബുലന്ദ്ഷറില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് നിസാം മാലിക്കാണ് കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി രൂപ പ്രതിഫലം നല്‍കുമെന്ന് പ്രഖ്യാപിച്ചത്. തുടര്‍ന്നാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. നിസാമിന്‍റെ പ്രസ്താവനയ്‍ക്കെതിരെ പോലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും കഴിഞ്ഞ ദിവസം ഹാഥ്‌റസ് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ, ഡിഎന്‍ഡി ഫ്‌ളൈ ഓവറിന് സമീപത്തുവച്ച് ഉണ്ടായ ലാത്തിചാര്‍ജില്‍ നിസാം മാലിക്കിന് പരിക്കേറ്റിരുന്നു. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത കൂട്ടത്തില്‍ നിസാം മാലിക്കിനെയും കസ്റ്റഡിയില്‍ എടുത്തിരുന്നു. പൊലീസ് വിട്ടയച്ചതിന് പിന്നാലെയാണ് നിസാം കുറ്റാരോപിതരുടെ തല വെട്ടിക്കൊണ്ടു വരുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചത്.

കേസില്‍ പീഡനമുള്‍പ്പടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍ വെച്ച് യുവതി കൊല്ലപ്പെട്ടതോടെ പിന്നീട് കൊലപാതക കുറ്റവും ചുമത്തി.

കേസില്‍ പ്രതികളായവര്‍ക്ക് നീതി വേണം എന്ന് ആവശ്യപ്പെട്ട് ഹാഥ്‍റാസിലെ ഉയര്‍ന്ന ജാതിക്കാര്‍ ഇരയുടെ വീടിന് സമീപം പ്രതിഷേധസംഗമം നടത്തിയിരുന്നു. യുവതിക്ക് പീഡനമേറ്റിട്ടില്ലെന്ന ഫോറന്‍സിക് സംഘത്തിന്‍റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് തൊട്ടു പിന്നാലെയാണ് ഉന്നത ജാതിക്കാരായ 500ന് മുകളില്‍ യുവാക്കള്‍ രാവിലെ യോഗം കൂടിയത്. പ്രതികളുടെ കുടുംബത്തിലുള്ളവരും പ്രതിഷേധ സംഗമത്തില്‍ ഭാഗമായതായാണ് റിപ്പോര്‍ട്ടുകള്‍. സ്ഥലത്തെ ബി.ജെ.പി നേതാവായ രാജ്‍വീര്‍ സിംഗ് പെഹല്‍വാന്‍റെ വീട്ടിലാണ് യോഗം സംഘടിപ്പിച്ചത്. കേസിലെ നാല് പ്രതികളും വ്യാജ ആരോപണങ്ങളുടെ പിന്‍ബലത്തിലാണ് അറസ്റ്റ് ചെയ്തതെന്നും എല്ലാവര്‍ക്കും നീതി വേണമെന്നും യോഗം ആവശ്യപ്പെട്ടു.

ഹാഥ്റസില്‍ സെപ്തംബര്‍ 14നാണ് 19 വയസ്സുള്ള ദലിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ പീഡിപ്പിച്ചത്. ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ നട്ടെല്ല് തകര്‍ന്നു. കുട്ടിയുടെ നാവ് അക്രമികള്‍ മുറിച്ചെടുത്തു. ഡല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്. കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം വീട്ടുകാരറിയാതെ കത്തിച്ചുകളഞ്ഞതിനെതിരെ നേരത്തെ വ്യാപക വിമർശനം ഉയര്‍ന്നിരുന്നു.