LiveTV

Live

National

"സിബിഐക്കും ഇ.ഡിക്കും എന്‍റെ മോനെ വല്യ ഇഷ്ടമാ, ഇടയ്ക്കിടെ വരും": ഡി.കെയുടെ അമ്മ

ഡി.കെ ശിവകുമാറിന്‍റെ വീട്ടിലും ഓഫീസിലും സിബിഐ റെയ്ഡ്

"സിബിഐക്കും ഇ.ഡിക്കും എന്‍റെ മോനെ വല്യ ഇഷ്ടമാ, ഇടയ്ക്കിടെ വരും": ഡി.കെയുടെ അമ്മ

കര്‍ണാടകയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറിന്‍റെ വീട്ടിലും ഓഫീസിലും സിബിഐ റെയ്ഡ്. റെയ്ഡിനെ കുറിച്ച് ഡി.കെയുടെ അമ്മ ഗൌരമ്മയുടെ പ്രതികരണമിങ്ങനെ-

"സിബിഐ, ഇൻകംടാക്സ്, എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്.. ഇവർക്കൊക്കെ എന്റെ മകനെ വലിയ ഇഷ്ടമാണ്. അവർ ഇടയ്ക്കിടെ വരും. അവർ പരിശോധിക്കട്ടെ, ആവശ്യമുള്ളത് എടുക്കട്ടെ. പക്ഷേ അവർക്ക് ഒന്നും കിട്ടുന്നില്ല".

2019ലാണ് യെദിയൂരപ്പ സർക്കാർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോർട്ടിന് പിന്നാലെ ശിവകുമാറിനെതിരെ സിബിഐ അന്വേഷണത്തിന് അനുമതി നൽകിയത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ ഡി.കെ.ശിവകുമാറിനെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്‌തു. 15 ഇടങ്ങളിലാണ് ഇന്ന് റെയ്ഡ് നടന്നത്. ബംഗളൂരു, മുംബൈ, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലെ ഓഫീസുകളിലും റെയ്ഡുണ്ടായിരുന്നു. ഡി.കെയുടെ സഹോദരന്‍ സുരേഷിന്‍റെ വീട്ടിലും സിബിഐ എത്തി.

സിബിഐ റെയ്ഡിനെ കോണ്‍ഗ്രസ് അപലപിച്ചു. മോദിയുടെയും യെദ്യൂരപ്പയുടെയും കളിപ്പാവയായി സിബിഐ മാറിയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ആരോപിച്ചു. യെദ്യൂരപ്പ സര്‍ക്കാരിന്‍റെ അഴിമതിയാണ് സിബിഐ പുറത്തുകൊണ്ടുവരേണ്ടത്. എന്നാല്‍ സിബിഐയെ ഉപയോഗിച്ച് ബിജെപി നടത്തുന്നത് പകപോക്കല്‍ രാഷ്ട്രീയമാണ്. ഇത്തരം നീക്കങ്ങള്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയേ ഉള്ളൂവെന്നും സുര്‍ജേവാല പറഞ്ഞു.

കര്‍ണാടകയിലെ ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ബിജെപി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ കുറ്റപ്പെടുത്തി. റെയ്ഡിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബംഗളൂരുവില്‍ പ്രതിഷേധിച്ചു.