LiveTV

Live

National

യു.പിയില്‍ പെണ്‍കുഞ്ഞുങ്ങളോടുള്ള ക്രൂരതക്ക് അറുതിയില്ല; കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം വികലമാക്കപ്പെട്ട നിലയില്‍

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊല്ലുകയായിരുന്നുവെന്ന് ബന്ധുക്കള്‍

യു.പിയില്‍ പെണ്‍കുഞ്ഞുങ്ങളോടുള്ള ക്രൂരതക്ക് അറുതിയില്ല; കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം വികലമാക്കപ്പെട്ട നിലയില്‍

ഹാഥ്റസ് സംഭവത്തിന്‍റെ ഞെട്ടല്‍ മാറും മുന്‍പേ ഉത്തര്‍ പ്രദേശില്‍ നിന്ന് മറ്റൊരു ക്രൂരതയുടെ വാര്‍ത്ത കൂടി. കാണ്‍പൂരിലെ ദേഹാത്തില്‍ നിന്ന് കാണാതായ ദലിത് പെണ്‍കുട്ടിയുടെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സെപ്തംബര്‍ 26നാണ് കാണാതായത്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊല്ലുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കളെ അറസ്റ്റ് ചെയ്തു. മൃതദേഹം വയലില്‍ നിന്നാണ് അംഗഭംഗം വരുത്തിയ നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കൂ എന്ന് പൊലീസ് പറഞ്ഞു. താനുമായി ഭൂമിതര്‍ക്കമുണ്ടായിരുന്ന രണ്ട് പേര്‍ മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് കുട്ടിയുടെ പിതാവ് പരാതി നല്‍കിയിരുന്നുവെന്നും അവരെയാണ് നിലവില്‍ അറസ്റ്റ് ചെയ്തിട്ടുള്ളതെന്നും ദേഹാത് എസ്പി കെ കെ ചൌധരി പറഞ്ഞു.

ഹാഥ്റസില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യമാകെ ജനരോഷം ഇരമ്പുന്നതിനിടെയാണ് ഈ സംഭവം. ഹാഥ്റസില്‍ സെപ്തംബര്‍ 14നാണ് 19 വയസ്സുള്ള ദലിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ പീഡിപ്പിച്ചത്. ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ നട്ടെല്ല് തകര്‍ന്നു. കുട്ടിയുടെ നാവ് അക്രമികള്‍ മുറിച്ചെടുത്തു. ഡല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.

യു.പിയിലെ തന്നെ ബല്‍റാംപൂരിലും പിന്നാലെ സമാന സംഭവമുണ്ടായി. ബലാത്സംഗത്തിനിരയായി ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയിലെത്തും മുന്‍പ് മരിച്ചു. ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും കുറ്റവാളികളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.