LiveTV

Live

National

ആളില്ലാത്ത തുരങ്കത്തിൽ ശൂന്യതക്കു നേരെ കൈവീശിക്കാണിച്ച് മോദി; ഇതെന്ത് പ്രഹസനമെന്ന് സോഷ്യൽ മീഡിയ

കോവിഡ് മഹാമാരിയും ഹഥ്‌റാസ് സംഭവങ്ങളും ദലിതുകളും കുടിയേറ്റ തൊഴിലാളികളും നേരിടുന്ന പ്രശ്‌നങ്ങളുമൊന്നും മോദിക്ക് വിഷയമല്ലെന്നും അദ്ദേഹം ഇപ്പോഴും അഭിനയിച്ചു കൊണ്ടിരിക്കുകയാണെന്നും നടൻ പ്രകാശ് രാജ്

ആളില്ലാത്ത തുരങ്കത്തിൽ ശൂന്യതക്കു നേരെ കൈവീശിക്കാണിച്ച് മോദി; ഇതെന്ത് പ്രഹസനമെന്ന് സോഷ്യൽ മീഡിയ

ശനിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിമാചൽ പ്രദേശിലെ റോത്താങ്ങിലുള്ള 9 കിലോമീറ്റർ ദൈർഘ്യമുള്ള 'അടൽ തുരങ്കം' ഉദ്ഘാടനം ചെയ്തത്. മണാലി-ലേ പ്രധാനപാതയിൽ സ്ഥിതിചെയ്യുന്ന ഈ തുരങ്കം സമുദ്രനിരപ്പിൽ നിന്ന് 10,000 അടി മുകളിൽ സ്ഥിതി ചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ ഹൈവേ തുരങ്കമാണ്. രണ്ടാം യു.പി.എ സർക്കാറിന്റെ കാലത്ത് പ്രവർത്തനമാരംഭിച്ച തുരങ്കം തുറന്നുകൊടുക്കുന്നതോടെ മണാലി-ലെ യാത്രയിൽ 46 കിലോമീറ്റർ ലാഭിക്കാം.

അന്തരിച്ച മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയുടെ പേരിൽ നാമകരണം ചെയ്ത പദ്ധതിയുടെ ഉദ്ഘാടന വേളയിൽ നരേന്ദ്ര മോദി, തുരങ്കത്തിന്റെ ഉൾവശത്തുകൂടി നടക്കുകയും തുറന്ന ജീപ്പിൽ സഞ്ചരിക്കുകയും ചെയ്തതാണ് ഇപ്പോൾ സോഷ്യൽ മീഡിയക്കും ട്രോളന്മാർക്കും ചാകരയായിരിക്കുന്നത്.

ഏതാനും ഉദ്യോഗസ്ഥരല്ലാതെ ചുറ്റുവട്ടത്ത് ആരുമില്ലാത്ത തുരങ്കത്തിൽ, ആൾക്കൂട്ടത്തിനു നേരെയെന്ന പോലെ കൈവീശീക്കാണിച്ചായിരുന്നു മോദിയുടെ നടപ്പും ജീപ്പിലെ സഞ്ചാരവുമെല്ലാം. ആരെയാണ് മോദി ഇത്ര കാര്യമായി അഭിവാദ്യം ചെയ്യുന്നതെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

ഭാവിയിൽ തുരങ്കത്തിലൂടെ സഞ്ചരിക്കാനിടയുള്ള യാത്രക്കാർക്കു നേരെ ഇപ്പോഴേ കൈവീശുന്ന ദീർഘദർശിയാണ് മോദിയെന്നാണ് ട്വിറ്ററിൽ ഒരാൾ കുറിച്ചത്.

തനിക്കു മുന്നിലെ ശൂന്യതക്കു നേരെ കൈവീശാൻ ചിലർ ഏറെ ഇഷ്ടപ്പെടുന്നുവെന്ന് മറ്റൊരാൾ കുറിച്ചു.

തന്റെ ബെസ്റ്റ് ഫ്രണ്ടായ ക്യാമറയെ അഭിവാദ്യം ചെയ്യുകയാണ് പ്രധാനമന്ത്രി ചെയ്തതെന്ന് മറ്റൊരാൾ.

കോവിഡ് മഹാമാരിയും ഹഥ്‌റാസ് സംഭവങ്ങളും ദലിതുകളും കുടിയേറ്റ തൊഴിലാളികളും നേരിടുന്ന പ്രശ്‌നങ്ങളുമൊന്നും മോദിക്ക് വിഷയമല്ലെന്നും അദ്ദേഹം ഇപ്പോഴും അഭിനയിച്ചു കൊണ്ടിരിക്കുകയാണെന്നും നടൻ പ്രകാശ് രാജ് പരിഹസിച്ചു.

ഇതാദ്യമായല്ല നരേന്ദ്ര മോദി ശൂന്യതയ്ക്കു നേരെ കൈവീശിക്കാണിക്കുന്നത്. 2017-ൽ ജമ്മു കശ്മീരിലെ ചനാനി-നഷ്‌റി തുരങ്കം ഉദ്ഘാടനം ചെയ്തപ്പോഴും അദ്ദേഹം തുറന്ന ജീപ്പിൽ സഞ്ചരിക്കുകയും കൈവീശിക്കാണിക്കുകയും ചെയ്തിരുന്നു.