LiveTV

Live

National

'പ്രതികള്‍ക്ക് നീതി വേണം'; ഹാഥ്‍റാസിലെ ഇരയുടെ വീടിന് സമീപം ഉന്നത ജാതിക്കാരുടെ യോഗം

ഇരയുടെ കുടുംബത്തിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്യണമെന്നും വ്യാജ ആരോപണങ്ങള്‍ കൊണ്ട് പ്രതികളെ ഉന്നം വെക്കുകയായിരുന്നുവെന്നും സംഘാടകരിലൊരാള്‍ പറഞ്ഞു

'പ്രതികള്‍ക്ക് നീതി വേണം'; ഹാഥ്‍റാസിലെ ഇരയുടെ വീടിന് സമീപം ഉന്നത ജാതിക്കാരുടെ യോഗം

ഹാഥ്‍റാസിലെ 20 വയസ്സുകാരിയായ ദലിത് യുവതിയെ കൂട്ട മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതികളായവര്‍ക്ക് നീതി വേണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് ഇരയുടെ വീടിന് സമീപം യോഗം. ഹാഥ്‍റാസിലെ ഉന്നത ജാതിക്കാരാണ് ഇരയുടെ വീടിന് സമീപം പ്രതിഷേധസംഗമം നടത്തിയത്. യുവതിക്ക് പീഡനമേറ്റിട്ടില്ലെന്ന ഫോറന്‍സിക് സംഘത്തിന്‍റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് തൊട്ടു പിന്നാലെയാണ് ഉന്നത ജാതിക്കാരായ 500ന് മുകളില്‍ യുവാക്കള്‍ രാവിലെ യോഗം കൂടിയത്. പ്രതികളുടെ കുടുംബത്തിലുള്ളവരും പ്രതിഷേധ സംഗമത്തില്‍ ഭാഗമായതായി എന്‍.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. സ്ഥലത്തെ ബി.ജെ.പി നേതാവായ രാജ്‍വീര്‍ സിംഗ് പെഹല്‍വാന്‍റെ വീട്ടിലാണ് യോഗം സംഘടിപ്പിച്ചത്. അതെ സമയം സ്വന്തം താല്‍പര്യത്തിലാണ് താന്‍ യോഗത്തില്‍ പങ്കെടുത്തതെന്ന് ബി.ജെ.പി നേതാവ് വെളിപ്പെടുത്തി. കേസിലെ നാല് പ്രതികളും വ്യാജ ആരോപണങ്ങളുടെ പിന്‍ബലത്തിലാണ് അറസ്റ്റ് ചെയ്തതെന്നും എല്ലാവര്‍ക്കും നീതി വേണമെന്നും യോഗം ആവശ്യപ്പെട്ടു.

പീഡനമുള്‍പ്പടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. ഡല്‍ഹിയില്‍ വെച്ച് യുവതി കൊല്ലപ്പെട്ടതോടെ കൊലപാതക കുറ്റവും പിന്നീട് ചുമത്തി.

അതെ സമയം യോഗം നടന്നതിനെക്കുറിച്ച് തനിക്കൊരു ധാരണയുമില്ലായിരുന്നുവെന്ന് ജോയിന്‍റ് മജിസ്ട്രേറ്റ് പ്രേം പ്രകാശ് മീന എന്‍.ഡി.ടി.വിയോട് പറഞ്ഞു. ഇരയുടെ വീട്ടുകാര്‍ക്ക് മേല്‍ ഒരുവിധ സമ്മര്‍ദ്ദവുമില്ലെന്നും രാഷ്ട്രീയ നേതാക്കള്‍ക്ക് അഞ്ച് പേരായി കുടുംബത്തെ കാണുന്നതിന് യാതൊരു കുഴപ്പവുമില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

അതേ സമയം യോഗം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് പൊലീസിനെ അറിയിച്ചിരുന്നതായി സംഘാടകരിലൊരാള്‍ പറഞ്ഞു. ഇരയുടെ കുടുംബത്തിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്യണമെന്നും വ്യാജ ആരോപണങ്ങള്‍ കൊണ്ട് പ്രതികളെ ഉന്നം വെക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഉന്നതജാതിക്കാരായ ആളുകളുടെ നേതൃത്വത്തില്‍ ഇരയുടെ വീടിന് സമീപം യോഗം ചേര്‍ന്നത്. വലിയ രീതിയിലുള്ള സംഘം ചേരലുകള്‍ക്ക് അനുമതി നിഷേധിച്ചിരിക്കുന്ന അവസരത്തിലാണ് ഇരക്കെതിരായി യോഗം സംഘടിപ്പിച്ചിരിക്കുന്നത്.

ഹാഥ്റസില്‍ സെപ്തംബര്‍ 14നാണ് 19 വയസ്സുള്ള ദലിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ പീഡിപ്പിച്ചത്. ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ നട്ടെല്ല് തകര്‍ന്നു. കുട്ടിയുടെ നാവ് അക്രമികള്‍ മുറിച്ചെടുത്തു. ഡല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്. കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം വീട്ടുകാരറിയാതെ കത്തിച്ചുകളഞ്ഞതിനെതിരെ നേരത്തെ വ്യാപക വിമർശനം ഉയര്‍ന്നിരുന്നു. ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും കുറ്റവാളികളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷ്യന്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ നേതൃത്വത്തില്‍ പീഡനത്തിനിരയായ യുവതിയുടെ വീട് സന്ദര്‍ശിച്ചിരുന്നു.