LiveTV

Live

National

ചാനലുകൾ നുണ പറയുകയാണ്; ഹാഥ്‌റസിൽ ബലാത്സംഗം നടന്നിട്ടില്ല: ബി.ജെ.പി നേതാവ്

പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ നുണപരിശോധനക്ക് വിധേയരാക്കണമെന്ന യോഗി ആദിത്യനാഥ് സർക്കാറിന്റെ നിലപാടിനെ സ്വാഗതം ചെയ്യുകയാണെന്നും ബലാത്സംഗം നടന്നിട്ടില്ലെന്നും പഹൽവാൻ പറഞ്ഞു.

ചാനലുകൾ നുണ പറയുകയാണ്; ഹാഥ്‌റസിൽ ബലാത്സംഗം നടന്നിട്ടില്ല: ബി.ജെ.പി നേതാവ്

ഉത്തർപ്രദേശിലെ ഹാഥ്‌റസിൽ ദലിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെടുകയും മൃതദേഹം പൊലീസ് കത്തിക്കുകയും ചെയ്ത സംഭവത്തിൽ, പ്രതികളെ ന്യായീകരിച്ച് ഭരണകക്ഷിയായ ബി.ജെ.പി. ഹഥ്‌റാസ് മുൻ എം.എൽ.എയും ബി.ജെ.പി നേതാവുമായ രാജ്‌വിർ സിങ് പഹൽവാൻ ആണ് മാധ്യമങ്ങളെ വിമർശിച്ചും ബലാത്സംഗ ആരോപണം നിഷേധിച്ചും രംഗത്തെത്തിയത്.

പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ നുണപരിശോധനക്ക് വിധേയരാക്കണമെന്ന യോഗി ആദിത്യനാഥ് സർക്കാറിന്റെ നിലപാടിനെ സ്വാഗതം ചെയ്യുകയാണെന്നും ബലാത്സംഗം നടന്നിട്ടില്ലെന്നും പഹൽവാൻ പറഞ്ഞു. ബി.ജെ.പി പ്രവർത്തകരുടെ പ്രകടനത്തിനിടെ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു നേതാവ്.

'സി.ബി.ഐ അന്വേഷിക്കണമെന്നും നുണപരിശോധന നടത്തണമെന്നുമുള്ള തീരുമാനത്തെ സ്വാഗതം ചെയ്യാനാണ് ഈ ആളുകൾ വന്നത്. നുണപരിശോധന നടത്തണമെന്ന ആവശ്യം ഞങ്ങൾ സർക്കാറിനെ അറിയിച്ചിട്ടുണ്ട്. എല്ലാ ചാനലുകളും നുണ പ്രചരിപ്പിക്കുകയാണ്. ബലാത്സംഗം നടന്നിട്ടേയില്ല. കഴുത്ത് ഒടിച്ചു എന്നതടക്കം നാലു പേർക്കെതിരെ ഉള്ള ആരോപണങ്ങളെല്ലാം നുണകളാണ്. ഇനി സി.ബി.ഐ അന്വേഷിക്കട്ടെ...
രജ്‌വീർ സിങ് പഹൽവാൻ

ഹഥ്‌റാസിൽ പെൺകുട്ടിയെ കുടുംബത്തെയും പിടിയിലായ പ്രതികളെയും പൊലീസ് ഉദ്യോഗസ്ഥരെയും പോളിഗ്രാഫ്, നാർക്കോ അനാലിസിസ് പരിശോധനകൾക്ക് വിധേയരാക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസാണ് ഉത്തരവിറക്കിയത്. പെൺകുട്ടിയുടെ കുടുംബത്തെ നുണപരിശോധനക്ക് വിധേയമാക്കുന്നതിനെതിരെ മനുഷ്യാവകാശ പ്രവർത്തകൻ സാകേത് ഗോഖലെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.