LiveTV

Live

National

'നീതി കിട്ടും വരെ സമരം'; ചന്ദ്രശേഖര്‍ ആസാദ് ഹാഥ്റസിലേക്ക്

ചന്ദ്രശേഖര്‍ ആസാദ് കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണും.

'നീതി കിട്ടും വരെ സമരം'; ചന്ദ്രശേഖര്‍ ആസാദ് ഹാഥ്റസിലേക്ക്

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഹാഥ്റസിലേക്ക്. കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണും. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും സന്ദര്‍ശനത്തിന് പിന്നാലെയാണ് ആസാദും പെണ്‍കുട്ടിയുടെ വീട്ടിലെത്തുന്നത്.

യോഗി സര്‍ക്കാരും പൊലീസും പ്രതികളെ സംരക്ഷിക്കുകയാണെന്ന് തുടക്കം മുതല്‍ ആസാദ് വിമര്‍ശനം ഉന്നയിച്ചിരുന്നു. പെണ്‍കുട്ടി ചികിത്സയിലിരിക്കെ മരിച്ച സഫ്ദര്‍ജങ് ആശുപത്രിക്ക് മുന്‍പില്‍ പ്രതിഷേധിച്ചു. ജന്തര്‍ മന്തറിലും കഴിഞ്ഞ ദിവസം പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

യോഗി ആദിത്യനാഥ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നത് വരെ, പെണ്‍കുട്ടിക്ക് നീതി കിട്ടും വരെ നമ്മള്‍ സമരം തുടരും. സുപ്രീംകോടതി എത്രയും പെട്ടെന്ന് പ്രശ്നത്തില്‍ ഇടപെടണം- ആസാദ് ആവശ്യപ്പെട്ടു.

ഉത്തര്‍ പ്രദേശില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരക്ഷരം മിണ്ടാറുണ്ടോ? ഇതേ ഉത്തര്‍പ്രദേശാണ് മോദിയെ തെരഞ്ഞെടുത്ത് പാര്‍ലമെന്റിലേക്ക് അയച്ചത്. ഇതേ ഉത്തര്‍ പ്രദേശിലാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട് ക്രൂരമായി കൊല്ലപ്പെട്ടത്. അവളുടെ അസ്ഥികള്‍ തകര്‍ന്നിരുന്നു. ചവറുകൂനയില്‍ അവളെ സംസ്കരിച്ചു- ആസാദ് പറഞ്ഞു.

പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ അനുവദിക്കാതെ പ്രതിപക്ഷ നേതാക്കളെയും മാധ്യമങ്ങളെയും യു.പി പൊലീസ് തടയുകയുണ്ടായി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാന്‍ ഉള്‍പ്പെടെയുള്ളവരെ യു.പി പൊലീസ് കയ്യേറ്റം ചെയ്തു. രാഹുലിനും പ്രിയങ്കക്കും ആദ്യ ദിവസം കാണാനായില്ല. ഇന്നലെയാണ് അവര്‍ ഹാഥ്റസില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. നീതി ലഭിക്കും വരെ ഒപ്പമുണ്ടാകുമെന്ന് പെണ്‍കുട്ടിയുടെ അമ്മയെ ചേര്‍ത്തുപിടിച്ച് പ്രിയങ്ക പറഞ്ഞു.