LiveTV

Live

National

ഹാഥ്റസില്‍ പൊലീസിനെ ചോദ്യം ചെയ്ത ആ വൈറലായ വീഡിയോയിലെ മാധ്യമപ്രവര്‍ത്തക ആരാണ്?

സോഷ്യല്‍ മീഡിയ ഇപ്പോള്‍ തിരയുന്നതും സംസാരിക്കുന്നതും ഒരു മാധ്യമപ്രവര്‍ത്തകയെ കുറിച്ചാണ്.

ഹാഥ്റസില്‍ പൊലീസിനെ ചോദ്യം ചെയ്ത ആ വൈറലായ വീഡിയോയിലെ മാധ്യമപ്രവര്‍ത്തക ആരാണ്?

ഹാഥ്റസില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി ദലിത് പെണ്‍കുട്ടിയെ കൊന്ന സംഭവത്തില്‍ രാജ്യമെങ്ങും പ്രതിഷേധത്തിലാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രതിപക്ഷ നേതാക്കള്‍ക്കും പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ അനുമതി നിഷേധിച്ചിരിക്കുകയായിരുന്നു ഇതുവരെ. ഇപ്പോള്‍ കുടുംബത്തെ സന്ദര്‍ശിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പൊലീസ് അനുമതി നല്‍കിയിട്ടുണ്ട്. ആ അനുമതി ലഭിക്കാന്‍ കാരണം ഒരു മാധ്യമപ്രവര്‍ത്തകയാണ്. തന്നെ തടയുന്ന പൊലീസുകാരെ ചോദ്യം ചെയ്യുന്ന ആ മാധ്യമപ്രവര്‍ത്തകയുടെ വീഡിയോ വൈറലാണ് സോഷ്യല്‍മീഡിയയില്‍. പ്രതിമ മിശ്ര, എബിപി ന്യൂസിലെ സീനിയര്‍ കറസ്‍പോണ്ടന്‍റ് ആണവര്‍. രാജ്യത്തിന് പലതും അറിയേണ്ടതുണ്ട് എന്നാണവര്‍ തന്നെ തടയുന്ന പൊലീസുകാരോട് പറയുന്നത്.

പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ക്കോ മാധ്യമപ്രവര്‍ത്തകര്‍ക്കോ അനുവാദമില്ലെന്ന് പറഞ്ഞാണ് പൊലീസുകാര്‍ പ്രതിമയെ തടയുന്നത്. ആരാണ് നിങ്ങള്‍ക്ക് അതിനുള്ള അധികാരം നല്‍കിയതെന്ന് അപ്പോള്‍ അവര്‍ പൊലീസുകാരോട് ചോദിക്കുന്നുണ്ട്. മുകളില്‍ നിന്നുള്ള ഉത്തരവാണ് അതെന്നും നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും കരുതാമെന്നും പൊലീസുകാര്‍ മറുപടി പറയുന്നു.

സ്ഥലത്ത് നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ടെന്നും പ്രതിമയെ തടയാനായി പൊലീസ് പറയുന്നു. തങ്ങള്‍ ബന്ധുക്കളെ ഭീഷണപ്പെടുത്തി വാര്‍ത്തയെടുക്കില്ലെന്നും സംശയമുണ്ടെങ്കില്‍ പൊലീസുകാര്‍ക്ക് തങ്ങള്‍ക്കൊപ്പം വരാമെന്നും പ്രതിമ പറയുന്നുണ്ട്. മാധ്യമപ്രവര്‍ത്തകയെ കള്ളി എന്ന് പൊലീസ് വിളിക്കുന്നു. തുടര്‍ന്ന് പൊലീസ് അവരുടെ ഫോണ്‍ പിടിച്ചെടുക്കുകയും കാറില്‍ കയറ്റികൊണ്ടുപോകുകയും ചെയ്തു.

എബിപി ന്യൂസിലെ ക്യാമറാമാന്‍ മനോജ് അധികാരി ആണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ക്യാമറമാന്‍ മനോജിന് നേരെ തിരിഞ്ഞ പൊലീസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്‍റെ ക്യാമറ ഓഫ് ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.

മാധ്യമപ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പ്രവേശിക്കുന്നത് നേരത്തെ തന്നെ പൊലീസ് തടഞ്ഞിരുന്നു. മറ്റൊരു വഴിയിലൂടെ പെണ്‍കുട്ടിയുടെ വീട്ടിലെത്താന്‍ ശ്രമത്തിലായിരുന്നു മാധ്യമപ്രവര്‍ത്തക. അതിനിടയിലാണ് അവര്‍ക്ക് നേരെ കയ്യേറ്റമുണ്ടായത്. തര്‍ക്കങ്ങള്‍ക്കൊടുവില്‍ പ്രതിമാ മിശ്രയെയും ക്യാമറാമാനെയും പൊലീസ് ബലമായി തിരിച്ചയക്കുകയാണ്.

മുംബൈയിലാണ് ജനിച്ചതെങ്കിലും ഡല്‍ഹിയില്‍ സെറ്റില്‍ഡാണ് ഇപ്പോള്‍ പ്രതിമ മിശ്ര. എബിപി ചാനലിലെ ‘നമസ്‌തേ ഭാരത്’ എന്ന പരിപാടിയുടെ അവതാരകയായിരുന്നു അവര്‍. ഡല്‍ഹി നിര്‍ഭയ കൂട്ട ബലാത്സംഗ വാര്‍ത്ത എബിപി ചാനലിന് വേണ്ടി റിപ്പോര്‍ട്ട് ചെയ്തതും പ്രതിമയായിരുന്നു. കശ്മീർ പ്രളയവും ഐപിഎല്ലും അവര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മികച്ച മാധ്യമ പ്രവർത്തനത്തിനുള്ള രാംനാഥ് ഗോയങ്കെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട് പ്രതിമയ്ക്ക്. 2012 ലാണ് അവര്‍ എബിപി ന്യൂസിന്‍റെ ഭാഗമാകുന്നത്. ഡൽഹി മഹാരാജ അഗ്രസെൻ കോളേജിൽ നിന്നാണ് പ്രതിമ ജേര്‍ണലിസം ബിരുദം കരസ്ഥമാക്കുന്നത്.

ഹാഥ്റസില്‍ പൊലീസിനെ ചോദ്യം ചെയ്ത ആ വൈറലായ വീഡിയോയിലെ മാധ്യമപ്രവര്‍ത്തക ആരാണ്?

ഹാഥ്റസിലെ പെണ്‍കുട്ടിയുടെ സഹോദരനുമായി സംസാരിച്ച ഇന്ത്യാടുഡേയിലെ മാധ്യമപ്രവര്‍ത്തകയുടെ ഫോണ്‍ ചോര്‍ത്തിയ സംഭവവും വിവാദമായിരിക്കുകയാണ്. സംഭാഷണം ചോര്‍ത്തുക മാത്രമല്ല, അത് എഡിറ്റ് ചെയ്ത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത് എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇത് പുറത്തുവിട്ടത് ബി.ജെ.പി ഐടി സെല്‍ മേധാവി അമിത് മാളവ്യയാണ്. എങ്ങനെയാണ് ബി.ജെ.പി ഐടി സെല്‍ മേധാവിക്ക് മാധ്യമപ്രവര്‍ത്തകയുടെ ഫോണ്‍ റെക്കോര്‍ഡ് ലഭിച്ചതെന്നതിലാണ് വിവാദമുയര്‍ന്നിരിക്കുന്നത്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന ആരോപണവും മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിക്കുന്നു.