LiveTV

Live

National

സര്‍ക്കാരിനെതിരെ ഹാഥ്റസില്‍ മാധ്യമ ഗൂഡാലോചനയെന്ന് സംഘ്പരിവാര്‍ പ്രചരണം: പ്രതികരണവുമായി ഇന്ത്യ ടുഡേ

മാധ്യമപ്രവര്‍ത്തകരുടെയോ പെണ്‍കുട്ടിയുടെ ബന്ധുക്കളുടെയോ ഫോണ്‍കോളുകള്‍ ചോര്‍ത്തുന്നതായി 'ഇന്ത്യ ടുഡേ'

സര്‍ക്കാരിനെതിരെ ഹാഥ്റസില്‍ മാധ്യമ ഗൂഡാലോചനയെന്ന് സംഘ്പരിവാര്‍ പ്രചരണം: പ്രതികരണവുമായി ഇന്ത്യ ടുഡേ

ഹാഥ്റസിലെ ക്രൂര പീഡനത്തിൽ ഉത്തർപ്രദേശ് സർക്കാറിനെ മോശമായി ചിത്രീകരിക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്ന് പ്രചരിപ്പിച്ച് സംഘ്പരിവാർ സംഘടനകൾ. പീഡനത്തിനിയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കളെ കൊണ്ട് സർക്കാരിനും പൊലീസിനുമെതിരെ നിർബന്ധപൂർവം സംസാരിപ്പിച്ചുവെന്നാണ് സംഘ് അനുകൂല മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യ ടുഡേ ചാനൽ റിപ്പോർട്ടറും പെൺകുട്ടിയുടെ സഹോദരനും തമ്മിലുള്ള ഫോൺ കോളുകൾ ഉദ്യോ​ഗസ്ഥർ ചോർത്തി നൽകി.

ഉത്തർപ്രദേശ് ഹാഥ്റസിലെ കൂട്ടബലാത്സം​ഗത്തിൽ സർക്കർ പ്രതിരോധത്തിലായിരിക്കെയാണ് സംഭവം കെട്ടിച്ചമച്ചതാണെന്ന തരത്തിലുള്ള വ്യാജപ്രചാരണം നടക്കുന്നത്. ഇന്ത്യ ടുഡേ റിപ്പോർട്ടർ തനുശ്രീ പാണ്ഡെ കൊല്ലപ്പെട്ട പെൺകുട്ടിയുടെ സഹോദരനെ വിളിച്ച് പ്രതികരണം ആവശ്യപ്പെട്ടത് ​​ഗൂഡാലോചനയുടെ തെളിവാണെന്നാണ് ഇക്കൂട്ടർ വാദിക്കുന്നത്. എന്നാൽ ആരോപണങ്ങൾക്കെതിരെ ഇന്ത്യ ടുഡേ രം​ഗത്ത് വരികയായിരുന്നു.

രാജ്യത്തെവിടെയും കണ്ടിട്ടില്ലാത്ത തരം തുറന്ന തടവിലാണ് പ്രദേശം. നേതാക്കൾക്കോ മാധ്യമങ്ങൾക്കോ പെൺകുട്ടിയുടെ കുടുംബത്തെ സമീപിച്ച് പ്രതികരണം എടുക്കാനായിട്ടില്ല. ബന്ധുക്കളുടെയെല്ലാം ഫോണുകൾ പൊലീസ് ബലം പ്രയോ​ഗിച്ച് പിടിച്ചുവാങ്ങി. ഈയവസരത്തിൽ പൊലീസിന്റെ അപ്രഖ്യാപിത തടവിൽ കഴിയുന്ന പെൺകുട്ടിയുടെ ബന്ധുക്കൾക്ക് പറയാനുള്ള കാര്യങ്ങൾ പുറത്തെത്തിക്കുക മാത്രമാണ് തങ്ങളുടെ റിപ്പോർട്ടർ ചെയ്തതെന്ന് ഇന്ത്യ ടു‍ഡേ വ്യക്തമാക്കി.

പെൺകുട്ടിയുടെ സഹോദരനെ വിളിച്ച് അവരുടെ പിതാവിന്റെ പ്രതികരണം എടുത്ത് തരാനായിരുന്നു റിപ്പോർട്ടർ തനുശ്രീ പാണ്ഡെ ആവശ്യപ്പെട്ടത്. ആർക്കും അവിടേക്ക് എത്തിപ്പെടാനുള്ള സാഹചര്യമില്ലാത്തതിനാലാണ് മാധ്യമങ്ങൾക്ക് ഇത്തരം ഒരു കാര്യം ചെയ്യേണ്ടി വന്നത്. ഇതിൽ ​ഗൂഡാലോചനയുടെ പ്രശ്നം ഉദിക്കുന്നില്ല.

എന്നാൽ എന്തിനാണ് പെൺകുട്ടിയുടെ കുടുംബത്തെ കനത്ത പൊലീസ് കാവലിൽ ആക്കിയിരിക്കുന്നതെന്നും, ഈ പാവം കുടുംബത്തിന്റെ കാര്യത്തിൽ എന്താണ് സർക്കാരിനെ ഭയപ്പെടുത്തുന്നതെന്നുമുള്ള കാര്യങ്ങള്‍ വ്യക്തമാകേണ്ടതുണ്ട്.

എന്ത് അധികാരത്തിലാണ് സ്വകാര്യ വ്യക്തികളുടെ ഫോൺ കോളുകൾ ചോർത്തുന്നതെന്നും ഇന്ത്യ ടുഡേ ചോദിച്ചു. ​ഗുരുതര പ്രശ്നമാണിത്. ആരുടെ ഫോൺ കോളുകളാണ് ഉദ്യോ​ഗസ്ഥർ ചോർത്തുന്നത് എന്ന കാര്യം അറിവായിട്ടില്ല. മാധ്യമപ്രവർത്തകരുടെയോ, അതല്ല കൊല്ലപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കളുടെയോ ഫോൺകോളുകൾ സർക്കാർ അനുമതിയോടെ ചോർത്തുന്നുണ്ടെന്ന കാര്യം ഈ സംഭവത്തോടെ വെളിപ്പെട്ടതായും ഇന്ത്യ ടുഡേ ചൂണ്ടിക്കാട്ടുന്നു.