LiveTV

Live

National

ബിഹാറിൽ കൂട്ടബലാത്സം​ഗത്തിന് ഇരയായ ദലിത് യുവതി ആത്മഹത്യ ചെയ്തു

കുപ്രസിദ്ധമായ ഹാഥ്റസ് കൂട്ടബലാത്സം​ഗത്തെ തുടർന്ന് കടുത്ത പ്രതിഷേധമാണ് രാജ്യത്ത് നടക്കുന്നത്.

ബിഹാറിൽ കൂട്ടബലാത്സം​ഗത്തിന് ഇരയായ ദലിത് യുവതി ആത്മഹത്യ ചെയ്തു

ഉത്തർപ്രദേശ് ഹാഥ്റസ് കൂട്ടബലാത്സം​ഗത്തിൽ രാജ്യവ്യാപക പ്രതിഷേധം പുകയുന്നതിനിടെ, ബിഹാറിൽ നിന്ന് മറ്റൊരു നടുക്കുന്ന വാർത്ത. ബിഹാർ ​ഗയ ജില്ലയിൽ കൂട്ടബലാത്സം​ഗത്തിന് ഇരയായ പെൺകുട്ടി ആത്മഹത്യ ചെയ്തു. പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് വാർത്ത പുറത്ത് വിട്ടത്.

ആത്മഹത്യ ചെയ്ത യുവതിയെ കൂട്ടബലാത്സം​ഗം ചെയ്തെന്ന പരാതിയുമായി ബന്ധുക്കൾ കേസ് ഫയൽ ചെയ്തിരുന്നെന്നാണ് പൊലീസ് അറിയിച്ചത്. പരിശോധനകൾക്കായി കുട്ടിയുടെ ശരീരം ​ഗയ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ നാല് പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് രാഹുൽ കുമാർ, ചിന്ദു കുമാർ, ചന്ദ്രൻ കുമാർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൂട്ടത്തിലുള്ള ഒരാളെ കൂടെ പിടികൂടാനുണ്ട്.

കുപ്രസിദ്ധമായ ഹാഥ്റസ് കൂട്ടബലാത്സം​ഗത്തെ തുടർന്ന് കടുത്ത പ്രതിഷേധമാണ് രാജ്യത്ത് നടക്കുന്നത്. സെപ്തംബർ പതിനാലിന് നാല് ഉന്നത ജാതിക്കാരുടെ പീഡനത്തിനിരയായ ദലിത് യുവതി ക്രൂര പീഡനങ്ങള്‍ക്കൊടുവിൽ മരിക്കുകയായിരുന്നു.

എന്നാൽ, തുടർന്ന് ബന്ധുക്കളെ പോലും അറിയിക്കാതെ കുട്ടിയുടെ മൃതദേഹം പൊലീസ് പുലർച്ചെ തന്നെ സംസ്കരിച്ചത് വലിയ വിവാദമായിരുന്നു. യു.പി സർക്കാരും പൊലീസും ക്രൂരമായി കൊല്ലപ്പെട്ട പെൺകുട്ടിയോടും കുടുംബത്തോടും തുടർന്നും ക്രൂരത കാണിക്കുകയാണെന്നും പ്രതികൾക്ക് വേണ്ടി തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും പ്രതിഷേധക്കാർ കുറ്റപ്പെടുത്തി.