LiveTV

Live

National

'പെൺകുട്ടിയെ സംസ്‌കരിച്ചപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു, അവർ ചെയ്‌തത് കണ്ടു.....!'

'മനസിനെ ആഴത്തില്‍ ബാധിച്ച സംഭവങ്ങള്‍ക്കാണ് ആ രാത്രിയിൽ എനിക്ക് സാക്ഷിയാകേണ്ടി വന്നത്. ഈ രാജ്യത്തെ ദരിദ്രർക്ക് അന്തസ്സോടെ മരിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുകയാണ്....!'

'പെൺകുട്ടിയെ സംസ്‌കരിച്ചപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു, അവർ ചെയ്‌തത് കണ്ടു.....!'

'ഈ രാത്രിയിൽ എന്തായാലും അവര്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തില്ല, അതിന് സാധ്യതയില്ല' ഹാഥ്റസിലേക്ക് പോകുമ്പോൾ ക്യാമറപേഴ്‌സന്‍ പവൻ കുമാറിനോട് ഞാന്‍ പറയുകയായിരുന്നു. പക്ഷേ കുറച്ച് മണിക്കൂറുകൾക്ക് ശേഷം, ഞാൻ കണ്ട കാഴ്ച വിശ്വസിക്കാൻ കഴിഞ്ഞില്ല....!

എന്‍.ഡി.ടിവി റിപ്പോര്‍ട്ടറായ അരുണ്‍ സിങിന്‍റെ വാക്കുകളാണിത്. അന്ന് നടന്ന സംഭവത്തെക്കുറിച്ച് അദ്ദേഹം ഓര്‍ത്തെടുക്കുന്നത് ഇങ്ങനെ

പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഇരുണ്ട വയലിൽ പുലർച്ചെ രണ്ടരയോടെ ആ പെണ്‍കുട്ടിയുടെ ചിത കത്തിയമരുന്നു, വിരലിലെണ്ണാവുന്ന പൊലീസുകാര്‍ മാത്രം സാക്ഷി. പെണ്‍കുട്ടിയുടെ വീട്ടുകാരോ കുടുംബവുമോയില്ല. കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആ 20 കാരിയെ പൊലീസുകാർ സംസ്‌കരിച്ചു. മാതാപിതാക്കളെയും സഹോദരന്മാരെയും വീട്ടിൽ പൂട്ടിയിട്ടു കൊണ്ട്........!

യുവതിയുടെ മൃതദേഹം എവിടെയാണെന്ന് കണ്ടെത്താന്‍ വേണ്ടി നടന്ന അശ്രാന്ത പരിശ്രമത്തിന്‍റെ നാടകീയമായ അവസാനമായിരുന്നു അത്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ ഞങ്ങൾ ‍ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട് രാത്രി 11: 30 ഓടെ ഹാഥ്റാസിൽ എത്തി. യാത്രാമധ്യേ കുറേ വാഹനങ്ങള്‍ നിര്‍ത്തിയിട്ട ലോക്കൽ പൊലീസ് സ്റ്റേഷൻ കണ്ടു. അവിടെ കമ്മീഷണറുടെ കാറും കാണാന്‍ സാധിച്ചു. അതിനകത്ത് ഒരു മീറ്റിംഗ് നടക്കുന്നുണ്ടെന്ന് മനസിലായി. ചില ഉദ്യോഗസ്ഥരോട് എനിക്ക് അവരോട് സംസാരിക്കാൻ കഴിയുമോ എന്ന് ചോദിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേരുകയാണെന്നായിരുന്നു അവരുടെ മറുപടി.

അത്തരമൊരു ചെറിയ പൊലീസ് സ്റ്റേഷനെ സംബന്ധിച്ച് ഇത് അസാധാരണമായിരുന്നു. മൃതദേഹത്തെ സംബന്ധിച്ച് എവിടെയാണെന്ന വ്യക്തത അപ്പോഴും ഇല്ല.

ഞങ്ങളുടെ യാത്രാമധ്യേ, ഞാനുമായി ബന്ധമുള്ള കുറച്ച് നാട്ടുകാർ എന്നോട് ഫോണിലൂടെ പറഞ്ഞു, ആരൊക്കയോ വിറകു കെട്ടുകളുമായി പോകുന്നത് കാണുന്നുണ്ടെന്ന്... അത് ശവസംസ്കാരത്തിനായിരിക്കണം എന്ന് ഊഹിച്ചു.

ഞങ്ങൾ ഗ്രാമത്തിലേക്ക് പ്രവേശിക്കുമ്പോൾ ഞങ്ങളുടെ കാർ തടഞ്ഞ പൊലീസ് മുന്നോട്ട് പോകണമെങ്കില്‍ കാൽനടയായി പോകണമെന്ന് പറഞ്ഞു.

മറ്റ് വഴികളില്ലാതെ നടന്ന് തന്നെ അവരുടെ വീടിന്‍റെ സമീപമെത്തി. ആള്‍ക്കൂട്ടവും പൊലീസുമെല്ലാം അവിടെയുണ്ടായിരുന്നു. മൃതദേഹം എവിടെയാണെന്ന് ജോയിന്‍റ് മജിസ്‌ട്രേറ്റ് പ്രേം പ്രകാശിനോട് ഞാൻ ചോദിച്ചു. അദ്ദേഹത്തിന്‍റെ മറുപടി അറിയില്ലെന്നായിരുന്നു, വിവരം ലഭിച്ചാലുടൻ ഞങ്ങൾ അറിയിക്കാം എന്നും അദ്ദേഹം പറഞ്ഞു.

കുറച്ച് സമയത്തിന് ശേഷം മൃതദേഹവും വഹിച്ച് ആംബുലൻസ് വീട്ടിലെത്തി. ആംബുലൻസിന് പിന്നിൽ, ഒരു സ്കോർപിയോയിൽ സ്ത്രീയുടെ അച്ഛനെയും സഹോദരനെയും ഞങ്ങൾ കണ്ടു. എന്നാല്‍ ആംബുലൻസ് വീട്ടിൽ നിര്‍ത്താതെ മുന്നോട്ടു പോകാന്‍ ശ്രമിക്കുന്നു. പിന്നാലെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് പറഞ്ഞ് ഗ്രാമവാസികളും കുടുംബവും ചെറുത്തുനിൽക്കാൻ തുടങ്ങി. അവരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ആംബുലന്‍സ് നിര്‍ത്തിയിട്ടു.

പിന്നീട് സമയം പുലര്‍ച്ചെ രണ്ട് മണിയാകുമ്പോഴേക്കും പൊലീസുകാരും അധികൃതരും ചേര്‍ന്ന് മൃതദേഹം സംസ്കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പൊലീസുകാർ ഇതെല്ലാം ചെയ്യുന്നത് എങ്ങനെയെന്ന് എനിക്ക് ആശ്ചര്യത്തോടെ നോക്കി നില്‍ക്കേണ്ടി വന്നു. പെണ്‍കുട്ടിയുടെ അച്ഛനും ബന്ധുക്കളും അവിടെയുണ്ടോ ഉണ്ടോ എന്നറിയാൻ ഞാൻ ചുറ്റും നോക്കി. അവരെല്ലാം വീടിനുള്ളിലായിരുന്നു.

അങ്ങനെ പൊലീസുകാര്‍ ചേര്‍ന്ന് അവളുടെ മൃതദേഹത്തിന് ചിത കൊളുത്തി. 14 ദിവസത്തിലേറെ ജീവന് വേണ്ടി പോരാടിയ പെണ്‍കുട്ടിയുടെ സംസ്കാര സമയത്തുപോലും അവള്‍ക്ക് നീതി ലഭിച്ചില്ല.....! മനസിനെ ആഴത്തില്‍ ബാധിച്ച സംഭവങ്ങള്‍ക്കാണ് ആ രാത്രിയിൽ എനിക്ക് സാക്ഷിയാകേണ്ടി വന്നത്. ഈ രാജ്യത്തെ ദരിദ്രർക്ക് അന്തസ്സോടെ മരിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുകയാണ്....!