LiveTV

Live

National

‘മാധ്യമങ്ങൾ പോകും; ഞങ്ങളെ ഇവിടെ ഉണ്ടാകൂ'; ഹാഥ്‌റസിലെ പെണ്‍കുട്ടിയുടെ കുടുംബത്തോട് ജില്ലാ മജിസ്‌ട്രേറ്റിന്റെ ഭീഷണി

ഹാഥ്റാസില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിനെ ഭീഷണിപ്പെടുത്തുന്ന ജില്ലാ മജിസ്‌ട്രേറ്റ് പ്രവീൺ കുമാർ ലക്‌സ്‌ഗറിന്റെ വീഡിയോ പുറത്ത്.

‘മാധ്യമങ്ങൾ പോകും; ഞങ്ങളെ ഇവിടെ ഉണ്ടാകൂ'; ഹാഥ്‌റസിലെ
പെണ്‍കുട്ടിയുടെ കുടുംബത്തോട് ജില്ലാ മജിസ്‌ട്രേറ്റിന്റെ ഭീഷണി

ഹാഥ്റാസില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിനെ ഭീഷണിപ്പെടുത്തുന്ന ജില്ലാ മജിസ്‌ട്രേറ്റ് പ്രവീൺ കുമാർ ലക്‌സ്‌ഗറിന്റെ വീഡിയോ പുറത്ത്. മാധ്യമ പ്രവര്‍ത്തകര്‍ അല്പം കഴിഞ്ഞാല്‍ മടങ്ങും, പിന്നെ ഞങ്ങള്‍ മാത്രമെ നിങ്ങളുടെ കൂടെയുണ്ടാകൂ, മൊഴി തിരുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്, എന്നിങ്ങനെയായിരുന്നു ഭീഷണി. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് പെൺകുട്ടിയുടെ സംസ്‌കാരം നടത്തിയത് പ്രവീണിന്റെ സാന്നിദ്ധ്യത്തിലായിരുന്നു. സംഭവത്തിൽ കടുത്ത വിമർശനമാണ് ജില്ലാ ഭരണകൂടത്തിനെതിരെ ഉയർന്നത്.

അതേസമയം കൊല്ലപ്പെട്ട പെൺകുട്ടിയുടെ ബന്ധുവിന്റേതെന്ന പറയപ്പെടുന്ന വീഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. 'അവർ ഞങ്ങളുടെ മേൽ സമ്മർദ്ദം ചെലുത്തുന്നു. അച്ഛനെ ഭീഷണിപ്പെടുത്തുന്നു, കോവിഡ് ബാധിച്ച് മരിച്ചതാണെന്ന് പറഞ്ഞാൽ നിങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കുമെന്നാണ് ഈ വീഡിയോയില്‍ പറയുന്നത്. അതേസമയം കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സർക്കാർ ഭീഷണിപ്പെടുത്തുന്നു എന്ന് പ്രതിപക്ഷ പാർട്ടികള്‍ ആരോപിച്ചു. നിരോധനാജ്ഞ പ്രഖ്യാപിച്ചും കുടുംബത്തെ ഒറ്റപ്പെടുത്തിയും കേസ് ഇല്ലാതാക്കാനാണ് ശ്രമമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഹാഥ്റസ് കേസില്‍ ബലാത്സംഗം നടന്നിട്ടില്ലെന്ന് പൊലീസ് പറയുന്നു, മാധ്യമങ്ങളും ബാക്കി എല്ലാവരും പോകും ഞങ്ങള്‍ മാത്രമേ കാണൂ എന്ന് ജില്ലാ മജിസ്ട്രേറ്റ് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നു, നിയമസഹായം നല്‍കാന്‍ തയ്യാറായ നിർഭയ കേസിലെ അഭിഭാഷക സീമ കുശ്വാഹയെ ഹത്രാസിലെത്താന്‍ അനുവദിക്കുന്നില്ല തുടങ്ങി കേസ് ഇല്ലാതാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് പ്രതിപക്ഷ പാർട്ടികള്‍ ആരോപിച്ചു.