LiveTV

Live

National

ഹാഥ്റസ്; യോഗി ആദിത്യനാഥ് രാജിവെക്കുംവരെ പ്രക്ഷോഭമെന്ന് ചന്ദ്രശേഖര്‍ ആസാദ്

ഇന്ത്യാ ഗേറ്റിന് മുന്നില്‍ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് ഭീം ആര്‍മി നേതാവ് കൂടിയായ ചന്ദ്രശഖര്‍ ആസാദ് അറിയിച്ചത്.

ഹാഥ്റസ്; യോഗി ആദിത്യനാഥ്  രാജിവെക്കുംവരെ പ്രക്ഷോഭമെന്ന് ചന്ദ്രശേഖര്‍ ആസാദ്

ഹാഥ്റസ് സംഭവത്തില്‍ പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്തറില്‍ പ്രതിഷേധം. ഭീം ആര്‍മിയുടെ പ്രതിഷേധത്തിന് ചന്ദ്രശേഖര്‍ ആസാദ് നേതൃത്വം നല്‍കി. ഹാഥ്റസ് സന്ദര്‍ശിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെക്കുന്നത് വരെ പ്രക്ഷോഭം തുടരും. പെണ്‍കുട്ടിക്ക് നീതി ലഭിക്കുംവരെ വിശ്രമമില്ല. സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭീം ആര്‍മിക്ക് പുറമെ ഇടത് സംഘടനകളും വിവിധ വിദ്യാര്‍ഥി സംഘടനകളും പ്രതിഷേധത്തില്‍ പങ്കെടുത്തു

ഉത്തര്‍ പ്രദേശില്‍ ഇത്ര വലിയ ക്രൂരത അരങ്ങേറിയിട്ടും പ്രധാനമന്ത്രി ഒരു വാക്കു പോലും പ്രതികരിക്കുന്നില്ലെന്നും ആസാദ് കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ മൌനം രാജ്യത്തെ പെണ്‍കുട്ടികളെ സംബദ്ധിച്ച് അപകടകരമാണെന്നും മൌനം വെടിഞ്ഞ് ഇക്കാര്യത്തില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്നും ചന്ദ്രശേഖര്‍ ആസാദ് വ്യക്തമാക്കി.

'പ്രധാനമന്ത്രി മറുപടി പറയണം. മറുപടി നൽകാനും നീതി ഉറപ്പാക്കാനും അദ്ദേഹത്തിന്​ കഴിയണം. പെൺകുട്ടിയുടെ നിലവി​ളിയോ അവളുടെ കുടുംബത്തിന്‍റെ രോദനമോ പ്രധാനമന്ത്രി കേട്ടില്ല. താങ്കൾ എത്രകാലം ഈ മൗനം തുടരും....? നിങ്ങൾ ഒന്നിനും മറുപടി തരുന്നില്ല. ഉത്തരങ്ങള്‍ ആവശ്യപ്പെട്ട്​ ഇന്ന്​ അഞ്ച്​ മണിക്ക്​ ഞങ്ങൾ ഇന്ത്യ ഗേറ്റിൽ ഒത്തുകൂടുന്നു'. ആസാദ് പറഞ്ഞു

മോദിയെ പാര്‍ലമെന്‍റിലേക്കയച്ച അതേ ഉത്തര്‍പ്രദേശിലെ ഹാഥ്റസിലാണ് ഒരു മകള്‍ക്കെതിരെ അതിക്രമം നടന്നതെന്നും സംഭവത്തില്‍ പ്രധാനമന്ത്രിയുടെ മറുപടി തേടുമെന്നും വീഡിയോ സന്ദേശത്തിലൂടെയാണ് ഭീം ആര്‍മി തലവന്‍ അറിയിച്ചത്. നേരത്തെ പെൺകുട്ടി മരണപ്പെട്ട ഡൽഹി സഫ്ദര്‍ജങ് ആശുപത്രിയ്ക്കു മുന്നിൽ ഭീം ആർമി പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു