LiveTV

Live

National

''നമ്മള്‍ കഴുതകളോ...!'': ബാബറി വിധിയില്‍ കുറിക്കുകൊള്ളുന്ന തലക്കെട്ടുമായി ടെലഗ്രാഫ്

ഇന്ത്യയില്‍ നടക്കുന്ന പല നിര്‍ണായക സംഭവങ്ങളും, കൃത്യമായ വിലയിരുത്തലും കിറുകൃത്യമായ തലക്കെട്ടുകളുമായി വാര്‍ത്തയാക്കാറുള്ള ദ ടെലഗ്രാഫ് ഇന്നലത്തെ കോടതിവിധിയിലും ആ പതിവ് തെറ്റിച്ചില്ല.

''നമ്മള്‍ കഴുതകളോ...!'': ബാബറി വിധിയില്‍ കുറിക്കുകൊള്ളുന്ന തലക്കെട്ടുമായി ടെലഗ്രാഫ്

ബാബരി മസ്ജിദ് തകര്‍ത്ത ഗൂഢാലോചന കേസിൽ പ്രതികളെ എല്ലാവരെയും വെറുതെ വിട്ട ലക്‍നൌ പ്രത്യേക സി.ബി.ഐ കോടതി വിധിയാണ് ഇന്ന് രാജ്യത്തെ പത്രങ്ങളിലെല്ലാം തന്നെ പ്രധാന വാര്‍ത്ത. മതേതര ഇന്ത്യയുടെ മറ്റൊരു കറുത്തദിനം ഞങ്ങള്‍ ഇങ്ങനെ അടയാളപ്പെടുത്തുന്നു എന്ന് രേഖപ്പെടുത്തി, ഒന്നാം പേജ് കറുത്ത ചായമടിച്ച് ഒഴിച്ചിട്ടിരിക്കുകയാണ് സുപ്രഭാതം ദിനപത്രം. പത്രങ്ങളിലെ ഒന്നാം പേജില്‍ മാത്രമല്ല, എഡിറ്റോറിയല്‍ പേജുകളിലും വാര്‍ത്ത ബാബറി വിധി തന്നെയാണ്. ദേശീയ പ്രാദേശിക മാധ്യമങ്ങള്‍ക്കൊപ്പം, അന്തര്‍ദേശീയ ശ്രദ്ധ കൂടി നേടിയിട്ടുണ്ട് ആ വിധി.

ഇന്ത്യയില്‍ നടക്കുന്ന പല നിര്‍ണായക സംഭവങ്ങളും കൃത്യമായ വിലയിരുത്തലും കിറുകൃത്യമായ തലക്കെട്ടുകളുമായി വാര്‍ത്തയാക്കാറുള്ള പത്രമാണ് ദ ടെലഗ്രാഫ്. ഇന്നലത്തെ കോടതിവിധിയിലും ടെലഗ്രാഫ് ആ പതിവ് തെറ്റിച്ചില്ല. എല്ലാവരും ബാബറി മസ്ജിദിന്‍റെയും കോടതി വെറുതെ വിട്ട പ്രതികളുടെയും ചിത്രങ്ങള്‍ ആദ്യ പേജില്‍ നല്‍കിയപ്പോള്‍, ടെലഗ്രാഫ് നല്‍കിയത് ഒരു കഴുതയുടെ ഫോട്ടോയാണെന്ന് മാത്രം. 'കൂടെ നമ്മളാരാണ്' എന്ന ചോദ്യമാണ് പത്രം ഉയര്‍ത്തുന്നത്. പൊതുജനം കഴുതാണെന്നല്ല, ജനത്തെ വീണ്ടും ഭരണകൂടം കഴുതയാക്കിയെന്ന് പത്രം വിളിച്ചു പറഞ്ഞിരിക്കുകയാണ്. വിധി കണ്ട് നമ്മള്‍ ഞെട്ടിയെങ്കില്‍, നമ്മളാരാണ് എന്ന് തിരിച്ചറിയണം എന്ന് എടുത്ത് പറഞ്ഞിട്ടു തന്നെയാണ് പത്രം കഴുതയുടെ ചിത്രം നല്‍കിയിരിക്കുന്നത്.

''നമ്മള്‍ കഴുതകളോ...!'': ബാബറി വിധിയില്‍ കുറിക്കുകൊള്ളുന്ന തലക്കെട്ടുമായി ടെലഗ്രാഫ്

1992 ഡിസംബര്‍ 6 ലേക്ക് നയിച്ച നാടകീയമായ സംഭവങ്ങള്‍, 2020 സെപ്തംബര്‍ 30 വരെ നടന്ന നാടകീയതകള്‍- എല്ലാം നമ്മുടെ കണ്ണിന് മുന്നില്‍ തുറന്നുകിടക്കുന്നുണ്ട്. നമുക്കാര്‍ക്കും സംശയമില്ല, അതാരാണ് ചെയ്തത് എന്ന്, അവര്‍ എന്തുകൊണ്ടാണ് അങ്ങനെ ചെയ്തതെന്ന്, അതിന്‍റെ പേരില്‍ രാജ്യത്ത് എത്ര ചോരപ്പുഴ ഒഴുകിയെന്ന്. പക്ഷേ, നാം അവരെ ന്യായീകരിക്കുകയാണ്, ആദരിക്കുകയാണ്, വീണ്ടും വീണ്ടും തെരഞ്ഞെടുപ്പില്‍ ജയിപ്പിക്കുകയാണ്... എന്നിട്ട് നിരാശരായ കഴുതകളെപ്പോലെ നാം അലറിക്കൊണ്ടിരിക്കുകുയും ചെയ്യുന്നുവെന്ന് ടെലിഗ്രാഫ് എടുത്ത് പറഞ്ഞിരിക്കുന്നു.

അതേ, ചുരുക്കത്തില്‍, ജനാധിപത്യ രാജ്യത്ത് ജനങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന സംഘ്പരിവാര്‍ ഭരണകൂടത്തിന് നേരെയല്ല, അവരെ വീണ്ടും വീണ്ടും തെരഞ്ഞെടുപ്പില്‍ ജയിപ്പിക്കുന്ന ഇന്ത്യന്‍ ജനതയെയാണ് ടെലഗ്രാഫ് വിമര്‍ശിക്കുന്നത്. പൊതുജനം കഴുതകള്‍ ആയതുകൊണ്ടല്ലേ വീണ്ടും വീണ്ടും അവര്‍ തെരഞ്ഞെടുപ്പില്‍ ജയിക്കുന്നത് എന്ന ചോദ്യമാണ് പത്രം ഉയര്‍ത്തിയിരിക്കുന്നത്.

''നമ്മള്‍ കഴുതകളോ...!'': ബാബറി വിധിയില്‍ കുറിക്കുകൊള്ളുന്ന തലക്കെട്ടുമായി ടെലഗ്രാഫ്

കാൽ നൂറ്റാണ്ട് പഴക്കമുള്ള കേസില്‍ മുൻ ഉപപ്രധാനമന്ത്രി എൽ.കെ അദ്വാനി അടക്കം 32 പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ജസ്റ്റിസ് സുരേന്ദ്ര കുമാര്‍ യാദവാണ് രണ്ടായിരം പേജുള്ള വിധി പുറപ്പെടുവിച്ചത്. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകളില്ല. പള്ളി പൊളിച്ചത് മുന്‍ കൂട്ടി ആസൂത്രണം ചെയ്തിട്ടല്ല. അദ്വാനിയും ജോഷിയും ഉള്‍പ്പടെയുള്ള എല്ലാവരും ജനക്കൂട്ടത്തെ തടയാനാണ് ശ്രമിച്ചത് എന്നും കോടതി പറഞ്ഞു. എൽ. കെ അദ്വാനിക്ക് പുറമെ മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി മുൻ യു.പി മുഖ്യമന്ത്രി കല്യാൺ സിങ് എന്നിവരടക്കം 32 പേരാണ് കേസിൽ പ്രതികളായിട്ടുണ്ടായിരുന്നത്. കനത്ത സുരക്ഷയിലാണ് കോടതി വിധി പ്രഖ്യാപിച്ചത്.