LiveTV

Live

National

'ഉവൈസിയുടെ പാര്‍ട്ടി ‘മതേതര’ വോട്ടുകൾ ഭിന്നിപ്പിച്ച് സംഘ്പരിവാറിനെ വളർത്തുന്നു'; വാദം നിരാകരിച്ചുള്ള കണക്കുകൾ പുറത്ത് !

എ.ഐ.എം.ഐ.എം പുതിയ രാഷ്ട്രീയ ചുവടുവെപ്പുകൾ വെക്കുമ്പോഴെല്ലാം പതിവായി ഇത്തരം ആരോപണങ്ങൾ വരാറുണ്ട്

'ഉവൈസിയുടെ പാര്‍ട്ടി ‘മതേതര’ വോട്ടുകൾ ഭിന്നിപ്പിച്ച്  സംഘ്പരിവാറിനെ വളർത്തുന്നു'; വാദം നിരാകരിച്ചുള്ള കണക്കുകൾ പുറത്ത് !

മതേതര വോട്ടുകൾ വിഭജിച്ചുകൊണ്ട് ബിജെപിയെ വളർത്തുകയാണ് അസദുദ്ദീൻ ഉവൈസിയുടെ അഖിലേന്ത്യാ മജ്‌ലിസ് ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ (എ.ഐ.എം.ഐ.എം) എന്നാരോപണത്തിന്റെ അസാധുത വ്യക്തമാക്കുന്ന ഡാറ്റകൾ 'ദി പ്രിന്റ്' റിപ്പോർട്ട് ചെയ്തു. 2014 ലും 2019 ലും നടന്ന മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ്, 2015 ബീഹാർ തെരഞ്ഞെടുപ്പ് , 2017 യുപിയിലേയും 2019 ജാർഖണ്ഡിലേയും വോട്ടെടുപ്പുകളിലോന്നിലും എ.ഐ.എം.ഐ.എം മതേതര പാർട്ടികളുടെ വോട്ട് എണ്ണത്തിന് യാതൊരു ആഘാതവും ഏൽപ്പിച്ചിട്ടില്ലെന്ന് കണക്കുകൾ പറയുന്നു.

അടുത്ത മാസം ഒക്ടോബർ 28 മുതൽ മൂന്ന് ഘട്ടങ്ങളിലായാണ് നടക്കാനിരിക്കുന്ന ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 50 സീറ്റുകളിലേക്ക് മത്സരിക്കാനാണ് അസദുദ്ദീൻ ഉവൈസിയുടെ അഖിലേന്ത്യാ മജ്‌ലിസ് ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ (എ.ഐ.എം.ഐ.എം) പ്രഖ്യാപിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെ മറികടക്കാനെന്നോണം മൊത്തം സീറ്റുകളിൽ അഞ്ചിലൊന്ന് സീറ്റിൽ മത്സരിക്കാനാണ് പദ്ധതി.

ഒവൈസിയുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, പ്രതിപക്ഷ രാഷ്ട്രീയ ജനതാദൾ (ആർ‌ജെഡി) നേതാക്കൾ പ്രതികരിച്ചത് എ.ഐ.എം.ഐ.എം 'ബിജെപിയുടെ ബി ടീം' ആണെന്ന് ആരോപിച്ചു കൊണ്ടാണ്. 'മതേതര’ വോട്ടുകൾ വിഭജിച്ച് ബിജെപിയെ വിജയിക്കാൻ സഹായിക്കുന്നെന്ന ആരോപണവും അക്കൂട്ടർ ഉയർത്തി. മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉൾപ്പെടെ നിരവധി പ്രതിപക്ഷ നേതാക്കൾ ഭരണകക്ഷിയുടെ ബി-ടീം എന്ന ലേബൽ ഓവൈസിയുടെ പാർട്ടിക്ക് ഇതിനുമുമ്പും ചാർത്തി കൊടുത്തിട്ടുണ്ട്. എ.ഐ.എം.ഐ.എം പുതിയ രാഷ്ട്രീയ ചുവടുവെപ്പുകൾ വെക്കുമ്പോഴെല്ലാം പതിവായി ഇത്തരം ആരോപണങ്ങൾ വരാറുണ്ട്.

എന്നാൽ, കഴിഞ്ഞ ആറുവർഷമായി മഹാരാഷ്ട്ര, ബീഹാർ, ഉത്തർപ്രദേശ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ എ.ഐ.എം.ഐ.എം മത്സരിച്ച സീറ്റുകളുടെ വിശകലനത്തിലൊന്നും അത്തരമൊരു വോട്ട് വിഭജനമോ അതുവഴി സംഘപരിവാർ വളർച്ചയോ കാണാൻ സാധിക്കില്ലെന്നാണ് കണക്കുകൾ രേഖപ്പെടുത്തുന്നത്.

'ഉവൈസിയുടെ പാര്‍ട്ടി ‘മതേതര’ വോട്ടുകൾ ഭിന്നിപ്പിച്ച്  സംഘ്പരിവാറിനെ വളർത്തുന്നു'; വാദം നിരാകരിച്ചുള്ള കണക്കുകൾ പുറത്ത് !

2014 ലെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലാണ് 288 അംഗ നിയമസഭയിൽ 24 സ്ഥാനാർത്ഥികളെ നിർത്തികൊണ്ട് തെലങ്കാന / ആന്ധ്രയ്ക്ക് പുറത്ത് നടന്ന തെരഞ്ഞെടുപ്പിലാണ് എ.ഐ.എം.ഐ.എം ആദ്യമായി പങ്കെടുത്തത്. അതിൽ കേവലം രണ്ട് സീറ്റാണ് അവർക്ക് നേടാൻ സാധിച്ചത്. ശിവസേനയുടെ പ്രദീപ് ജയ്സ്വാളിനെ പരാജയപ്പെടുത്തിക്കൊണ്ട് ഇംതിയാസ് ജലീൽ ഔറംഗബാദ് സെൻട്രലും ബിജെപിയുടെ മധു ദാദാ ചവാനെ തോൽപിച്ചു കൊണ്ട് വാരിസ് പത്താൻ ബയ്ക്കുലയിലുമാണ് വിജയം നേടിയത്.

വെറും രണ്ടു സീറ്റുകളിലാണ് മതേതര പാർട്ടികളുടെ വോട്ടുകളെ ബാധിച്ചത്. നന്ദേദ് സൗത്ത്, ഭിവണ്ടി വെസ്റ്റ്. എന്നാൽ ഈ സീറ്റുകളിൽ, ‘മതേതര’ പാർട്ടിക്ക് മുകളിലുള്ള ശിവസേന, ബി.ജെ.പി സ്ഥാനാർത്ഥികളുടെ വിജയ മാർജിൻ എ.ഐ.എം.ഐ.എം നേടിയ വോട്ടുകളേക്കാൾ കുറവായിരുന്നു.

'ഉവൈസിയുടെ പാര്‍ട്ടി ‘മതേതര’ വോട്ടുകൾ ഭിന്നിപ്പിച്ച്  സംഘ്പരിവാറിനെ വളർത്തുന്നു'; വാദം നിരാകരിച്ചുള്ള കണക്കുകൾ പുറത്ത് !

2014 നെ അപേക്ഷിച്ച് ഇരട്ടി സീറ്റുകളിലാണ് (44 സീറ്റ്) 2019 ലെ മഹാരാഷ്ട്ര സംസ്ഥാന തെരഞ്ഞെടുപ്പിൽ എ.ഐ.എം.ഐ.എം മത്സരിച്ചത്. നിലവിലുണ്ടായിരുന്ന രണ്ടു സീറ്റുകളിൽ തുടരാൻ സാധിക്കില്ലെങ്കിലും പാർട്ടി രണ്ട് പുതിയ നിയോജകമണ്ഡലങ്ങളിൽ വിജയിച്ചു - ഷാ ഫാറൂക്ക് അൻവർ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയെ മറികടന്ന് ധൂലെ സീറ്റ് നേടിയപ്പോൾ, കോൺഗ്രസ് സ്ഥാനാർത്ഥിയെ മറികടന്ന് മാലേഗാവ് സെൻട്രലിൽ നിന്ന് മുഹമ്മദ് ഖലീക് വിജയിച്ചു. പാർട്ടിയുടെ വോട്ട് വിഹിതം 2014 ലെ 5 ലക്ഷം വോട്ടുകളിൽ നിന്ന് 2019 ൽ 7.5 ലക്ഷമായി ഉയരുകയും ചെയ്തു.

2019 ൽ ബാലപൂർ, നാഗ്പൂർ സെൻട്രൽ, നാന്ദേഡ് നോർത്ത്, പൂനെ കന്റോൺമെന്റ്, സംഗോള, ചാന്ദിവലി, പൈതൻ എന്നീ ഏഴ് നിയോജകമണ്ഡലങ്ങളിൽ ശിവസേനയുടെയോ ബിജെപിയുടെയോ വിജയ മാർജിൻ എ.ഐ.എം.ഐ.എം പോൾ ചെയ്ത വോട്ടുകളേക്കാൾ കുറവായിരുന്നു. എന്നാൽ എ.ഐ.എം.ഐ.എം മത്സരിച്ച മറ്റെല്ലാ നിയോജകമണ്ഡലങ്ങളിലും, ഒന്നുകിൽ കോൺഗ്രസിനെയോ എൻ‌സി‌പിയെയോ പോലെ ഒരു ബിജെപി അല്ലാത്ത/ശിവസേന ഇതര പാർട്ടികൾ വിജയിച്ചു, അല്ലെങ്കിൽ ബി.ജെ.പിയുടെ/ശിവസേനയുടെ വിജയ മാർജിൻ എ.ഐ.എം.ഐ.എം നേടിയ വോട്ടിനേക്കാൾ കൂടുതലായിരുന്നു, അതായത് ‘മതേതര’ പാർട്ടികൾക്ക് അസാധ്യമായിരുന്ന ഇടങ്ങളായിരുന്നു അവ. ഈ കണക്കുകൾ എ.ഐ.എം.ഐ.എം ഒരു ‘മതേതര’ പാർട്ടിയുടെയും വിജയത്തെ തടസ്സപ്പെടുത്തിയിട്ടില്ലെന്ന് കൃത്യമായി സൂചിപ്പിക്കുന്നു.

'ഉവൈസിയുടെ പാര്‍ട്ടി ‘മതേതര’ വോട്ടുകൾ ഭിന്നിപ്പിച്ച്  സംഘ്പരിവാറിനെ വളർത്തുന്നു'; വാദം നിരാകരിച്ചുള്ള കണക്കുകൾ പുറത്ത് !

2017 ലെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിലും എ.ഐ.എം.ഐ.എം മത്സരിച്ചിരുന്നു. സംസ്ഥാനത്തെ 403 സീറ്റുകളിൽ 38 എണ്ണത്തിലും സ്ഥാനാർത്ഥികളെ നിർത്തിയെങ്കിലും ഒന്നു പോലും നേടാൻ പാർട്ടിക്ക് സാധിച്ചില്ല.

325 സീറ്റുകൾ നേടി ബിജെപി കനത്ത വിജയം നേടിയപ്പോൾ സംസ്ഥാനത്ത് ‘മതേതര’ വോട്ട് ഭിന്നിപ്പിച്ചുവെന്ന വാദം എ.ഐ.എം.ഐ.എം യുടെ മേൽ തന്നെ ആരോപിക്കപ്പെട്ടു. എന്നാൽ, മത്സരിച്ച 38 സീറ്റുകളിൽ കാന്ത്, തണ്ട, ശ്രാവസ്തി, ഗൈൻസാരി എന്നീ നാലു സീറ്റുകളിൽ ഒഴിച്ച് ബിജെപിയുടെ വിജയ മാർജിനിനേക്കാൾ കുറവ് വോട്ട് മാത്രമേ പാർട്ടിക്ക് നേടാൻ കഴിഞ്ഞുള്ളൂവെന്ന് ഡാറ്റകൾ കാണിക്കുന്നു.

'ഉവൈസിയുടെ പാര്‍ട്ടി ‘മതേതര’ വോട്ടുകൾ ഭിന്നിപ്പിച്ച്  സംഘ്പരിവാറിനെ വളർത്തുന്നു'; വാദം നിരാകരിച്ചുള്ള കണക്കുകൾ പുറത്ത് !

2015 ലെ ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ, പ്രബലമായ മുസ്‍ലിം സാന്നിധ്യ പ്രദേശമായ സീമാഞ്ചൽ മേഖലയിൽ, ആറ് സീറ്റുകളിൽ എ.ഐ.എം.ഐ.എം മത്സരിച്ചെങ്കിലും ആരും വിജയിച്ചില്ല. നിക്ഷേപിച്ച തുക തിരിച്ച് ലഭിച്ചത് പോലും ഒരാൾക്ക് മാത്രമാണ്. മത്സരിച്ച ആറ് സീറ്റുകളിൽ കിഷങ്കഞ്ച്, ബെയ്‌സി, അമൂർ, കൊച്ചധമാൻ, റാണിഗഞ്ച് എന്നീ അഞ്ചെണ്ണം കോൺഗ്രസ്-ആർ‌ജെഡി-ജനതാദൾ (യുണൈറ്റഡ്) സഖ്യത്തിന്റെ അംഗങ്ങൾ നേടിയതിപ്പോൾ എ.ഐ.എം.ഐ.എം ന്റെ സ്ഥാനാർത്ഥി ബൽ‌റാംപൂർ മത്സരിച്ച ആറാമത്തെ സീറ്റ് സ്ഥാനമേറ്റത് സി.പി.ഐ (എം-എൽ) ആണ്.

'ഉവൈസിയുടെ പാര്‍ട്ടി ‘മതേതര’ വോട്ടുകൾ ഭിന്നിപ്പിച്ച്  സംഘ്പരിവാറിനെ വളർത്തുന്നു'; വാദം നിരാകരിച്ചുള്ള കണക്കുകൾ പുറത്ത് !

2019 ഡിസംബറിൽ ഹിന്ദി മേഖലയിൽ വീണ്ടും വ്യാപിക്കാനുള്ള ശ്രമത്തിന് ഭാഗമായി എ.ഐ.എം.ഐ.എം പാർട്ടി ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ 81 സീറ്റുകളിൽ 16 എണ്ണത്തിൽ മത്സരിച്ചെങ്കിലും ഒന്നിലും വിജയം നേടിയില്ല. മുക്തി മോർച്ച-കോൺഗ്രസ്-ആർ.‌ജെ.ഡി സഖ്യം 47 സീറ്റുകളിൽ ഭൂരിപക്ഷം നേടിയപ്പോഴും ബിജെപിക്ക് വോട്ട് ചോർത്തിയെന്ന അമിതഭാരം എ.ഐ.എം.ഐ.എം-നുമേൽ ആവർത്തിക്കപ്പെട്ടു. എന്നാൽ ബിഷ്രാംപൂർ, മണ്ടു എന്നീ രണ്ട് സീറ്റുകളിൽ മാത്രമാണ് ബിജെപിയുടെ വിജയ മാർജിനേക്കാൾ കൂടുതൽ വോട്ടുകൾ നേടാൻ എ.ഐ.എം.ഐ.എമ്മിന് കഴിഞ്ഞത്.

വർഷങ്ങളായി ഏതെങ്കിലും ബിജെപി ഇതര പാർട്ടിയുടെ നഷ്ടത്തിൽ എ.ഐ.എം.ഐ.എം കാര്യമായ പങ്കുവഹിച്ചുവെന്ന് ഡാറ്റ കാണിക്കുന്നില്ലെങ്കിലും, പാർട്ടിയുടെ മത്സര സാന്നിധ്യത്തിന്റെ ബാക്കിപത്രമായി വോട്ട് കുറയ്യുന്നത് വിശകലനം ചെയ്യുന്നവർ അനവധിയാണ്. വളരെ കുറച്ച് മണ്ഡലങ്ങളിലെ മതേതര പാർട്ടികളിൽ വോട്ടു കുറയാറുണ്ടെങ്കിലും, എ.ഐ.എം.ഐ.എം നേട്ടം കൊയ്തിരുന്നത് സംഘപരിവാർ സഖ്യത്തിനകത്തെ കലഹങ്ങളുള്ളിടത്താണെന്ന് മഹാരാഷ്ട്രയിലെ രാഷ്ട്രീയ നിരീക്ഷകനായ ധവാൽ കുൽക്കർണി അഭിപ്രായപ്പെട്ടു. 2014 ബിജെപിയും ശിവസേനയും സഖ്യത്തിൽ ഏർപ്പെടാതിരുന്നപ്പോഴും ശിവസേനക്കകത്തുനിന്ന് തന്നെ സ്വതന്ത്ര സ്ഥാനാർത്ഥി വന്നപ്പോഴും ഗുണഭോക്താക്കൾ എ.ഐ.എം.ഐ.എം ആയിരുന്നു.

2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രകാശ് അംബേദ്കർ വഞ്ചിത് ബഹുജൻ അഘദി (വി.ബി.എ)യുമായി ചേർന്ന സഖ്യത്തിൽ 47 സീറ്റുകളിലും വി‌ബി‌എക്ക് തോറ്റപ്പോൾ 1999 മുതൽ ഔറംഗബാദ് എംപിയായിരുന്ന ശിവസേനയുടെ ചന്ദ്രകാന്ത് ഖൈറിനെ എ.ഐ.എം.ഐ.എം മഹാരാഷ്ട്ര പാർട്ടി പ്രസിഡന്റ് ജലീൽ പരാജയപ്പെടുത്തി.

“എന്റെ തന്ത്രം വളരെ ലളിതമായിരുന്നു - നിയമസഭ, ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനെപ്പോലുള്ള മതേതര പാർട്ടികൾക്കായി നിങ്ങൾ ഇത്രയും കാലമായി വോട്ടുചെയ്യുന്നുണ്ടെന്നും എന്നാൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി (ഔറംഗബാദിൽ) ശിവസേന അധികാരത്തിൽ വരികയാണെന്നും ഞാൻ മുസ്‌ലിംകളോട് പറഞ്ഞു. ഞങ്ങൾക്ക് വോട്ടുചെയ്യാൻ ശ്രമിക്കാനും എന്താണ് സംഭവിക്കുന്നതെന്ന് കാണാനുമാണ് ഞാൻ ആവശ്യപ്പെട്ടത്.” ജലീൽ ദി പ്രിന്റിനോട് പറഞ്ഞു.

15 വർഷത്തിനുള്ളിൽ മഹാരാഷ്ട്രയിൽ നിന്ന് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മുസ്‍ലിമും, 30 ശതമാനത്തിലധികം മുസ്‌ലിം ജനസംഖ്യയുണ്ടായിട്ടും, 1980 ൽ കോൺഗ്രസിന്റെ ഖാസി സലീമിന് ശേഷം ഔറംഗബാദ് നിയോജകമണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മുസ്‍ലിം എംപിയുമാണ് ജലീൽ.

ഈ വർഷം ജനുവരിയിൽ, ശിവസേന-എൻ‌സി‌പി-കോൺഗ്രസ് സഖ്യം സംസ്ഥാനത്ത് അധികാരത്തിൽ വന്നതിന് ശേഷം എൻ‌സി‌പി പ്രസിഡന്റ് ശരദ് പവാർ വിവാദ പ്രസ്താവന ഇറക്കിയിരുന്നു, “ന്യൂനപക്ഷങ്ങളാണ് ആരെയാണ് പരാജയപ്പെടുത്തേണ്ടതെന്ന് തീരുമാനിക്കുന്നത്, അവർക്ക് ബിജെപിയെ പരാജയപ്പെടുത്താൻ സാധിക്കുന്നവർക്ക് ( പാർട്ടിക്ക് ) മാത്രമേ വോട്ടു ചെയ്യുകയുള്ളൂ.”

മതേതര പാർട്ടികൾ ന്യൂനപക്ഷങ്ങളെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് തെളിയിക്കുന്നതാണ് പവാറിന്‍റെ പ്രസ്താവന എന്നായിരുന്നു ജലീലിന്റെ മറുപടി.

മഹാരാഷ്ട്രയിൽ തങ്ങൾ ചൂഷണം ചെയ്യപ്പെടുകയാണ് എന്ന തിരിച്ചറിവ് മുസ്‍ലിംകൾക്ക് ഉള്ളതുകൊണ്ട് തന്നെ എ.ഐ.എം.ഐ.എം-യുടെ വളർച്ചക്കു പറ്റിയ സ്ഥലമാണെതെന്നത് വിദഗ്ധരുടെ വിശകലനമാണ്. അതുകൊണ്ടുതന്നെ സ്വത്വം പ്രഖ്യാപിച്ചുകൊണ്ട്, ഭരണഘടന ആവർത്തിച്ച് ഉദ്ധരിക്കുന്നു ഉവൈസിയിൽ മാതൃക തേടുന്ന അനവധി യുവാക്കടങ്ങിയ മുസ്‍ലിംങ്ങൾ മഹാരാഷ്ട്രയിൽ വളർന്നുവരുന്നുണ്ടെന്ന് കുൽക്കർണി നിരീക്ഷിക്കുന്നു.

ബഹു പാർട്ടികൾ ഉള്ള ജനാധിപത്യത്തിൽ എ.ഐ.എം.ഐ.എംക്കെതിരെയുള്ള മതേതര പാർട്ടികളുടെ ആരോപണം ബഹിഷ്കരിക്കപ്പെടേണ്ടതാണെന്നും, പുതിയ പാർട്ടികൾ‌ അവരുടെ പ്രധാന മേഖലകൾ‌ക്ക് പുറത്ത് വളരുന്നതിനുള്ള ഏക മാർ‌ഗ്ഗം തെരഞ്ഞെടുപ്പുകളിൽ‌ മത്സരിക്കുക എന്നതാണ്, ഇത്‌ അവരുടെ സംഘടനയെ കെട്ടിപ്പടുക്കുന്നതിനും കാലക്രമേണ അവരുടെ ‘വിജയസാധ്യത’ വർധിപ്പിക്കുന്നതിനും പുതിയ സംസ്ഥാനങ്ങളിൽ‌ വിശ്വസനീയമായ സഖ്യ പങ്കാളിയായി ഉയർ‌ന്നുവരുന്നതിനും പാർട്ടിയെ സഹായിക്കുമെന്നും ഉള്ള റിസർച്ച് ആൻഡ് പോളിസി സെന്ററിലെ റിസർച്ച് അസോസിയേറ്റ് ആയ അസിം അലിയുടെ വാദം ദി പ്രിന്റില്‍ രേഖപ്പെടുത്തുന്നുണ്ട്.

ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്ന കോൺഗ്രസ് പാർട്ടി 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യു.പിയിലെ എല്ലാ സീറ്റുകളിലും മത്സരിച്ചതിനു തൊട്ടുപിന്നാലെ സമാജ്‌വാദി പാർട്ടി-ബഹുജൻ സമാജ് പാർട്ടി സഖ്യത്തിന്, എട്ട് മണ്ഡലങ്ങളിലെങ്കിലും, വൻ വിജയം നേടാൻ സാധിച്ചു. സംഘടനയെ പുനരുജ്ജീവിപ്പിക്കുന്നതിനായുള്ള തങ്ങളുടെ ദീർഘകാല തന്ത്രത്തിന്റെ പ്രധാനഘടകമാണ് യു.പി എന്ന് കോൺഗ്രസ് വാദിക്കുമ്പോൾ തന്നെ, എ.ഐ.എം.ഐ.എം- നും ഇത് ബാധകമാണ്,'; അലി പറഞ്ഞു.

ദില്ലി, ജാർഖണ്ഡ്, മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളിൽ അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട മായാവതിയുടെ ബിഎസ്പിക്കെതിരെയും ചിലപ്പോൾ 'വോട്ട് വിഭജിക്കൽ' ആരോപണം ഉയർന്നിട്ടുണ്ട്. പക്ഷേ മുസ്‍ലിം പാർട്ടികൾക്കെതിരെ ആരോപിക്കപ്പെടുമ്പോൾ അവ കൂടുതൽ മൂർച്ച ഉള്ളതാവുന്നു. ഇത് സൂചിപ്പിക്കുന്നത് പിന്നോക്ക ജാതിക്കാർക്ക് അവരുടെ വിഭാഗം പാർട്ടികൾക്ക് വോട്ടുചെയ്യൽ എന്ന ആശയം പതിറ്റാണ്ടുകളായി സാധാരണ നിലയിലാണെങ്കിലും, മുസ്‍ലിംകള്‍ എ.ഐ.എം.ഐ.എമ്മിന് വോട്ടുചെയ്യുന്നത് ഇപ്പോഴും പല നിരീക്ഷകരുടെയും രാഷ്ട്രീയ സംവേദനക്ഷമതയെ വ്രണപ്പെടുത്തുന്നുവെന്നാണ്. കൂടാതെ, എ.ഐ.എം.ഐ.എം-യുടെ രാഷ്ട്രീയം നിഷേധാത്മകവും മതപരമായ അപ്പീലുകൾക്കും പകരം, കൂടുതൽ പ്രാതിനിധ്യത്തിനും വിഭവങ്ങളുടെ ലഭ്യതയ്ക്കുമുള്ള സമൂഹത്തിന്റെ ഭൗതിക ആവശ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതായതിനാൽ ഇത് സാമുദായികമല്ലെന്ന് തന്നെ പറയാം'; അദ്ദേഹം കൂട്ടിച്ചേർത്തു.

എ.ഐ.എം.ഐ.എം നേതാക്കൾ പറയുന്നതനുസരിച്ച്, വരാനിരിക്കുന്ന ബീഹാർ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പാർട്ടിയുടെ ആത്മവിശ്വാസം സംസ്ഥാനത്തെ കിഷൻഗഞ്ച് ഉപതെരഞ്ഞെടുപ്പ് വിജയത്തിൽ നിന്ന് ലഭിച്ചതാണ്. നിയമസഭാ സീറ്റിനായുള്ള 2019 ഒക്ടോബറിലെ ഉപതിരഞ്ഞെടുപ്പിൽ എ.ഐ.എം.ഐ.എം-ന്റെ കമ്രുൽ ഹോഡ പതിനായിരത്തിലധികം വോട്ടുകൾക്ക് വിജയിച്ചപ്പോൾ അതുവരെ സീറ്റ് നിലനിർത്തിയിരുന്ന കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മുസ്‍ലിംകൾക്ക് ഹിന്ദി വലയത്തിൽ അനുഭവപ്പെടുന്ന അസംതൃപ്തിയിൽ നിന്ന് എ.ഐ.എം.ഐ.എം സാവധാനം, എന്നാൽ തീർച്ചയായും, പ്രയോജനം നേടുമെന്ന് മുതിർന്ന രാഷ്ട്രീയ അനലിസ്റ്റ് ബദ്രി നാരായണൻ അഭിപ്രായപ്പെട്ടു. "ഭരണകക്ഷിയായ ബിജെപിക്കെതിരായ അതൃപ്തിയിൽ നിന്ന് മുസ്‌ലിംകളിൽ ഒരു വിഭാഗത്തിന് വിവേചനവും അസംതൃപ്തിയും അനുഭവപ്പെടുന്നതിൽ നിന്ന് രാഷ്ട്രീയം കെട്ടിപ്പടുക്കാൻ എ.ഐ.എം.ഐ.എം ശ്രമിക്കും, എന്നാൽ രണ്ടു മൂന്നു സ്ഥാനങ്ങളിൽ എത്താം എന്നല്ലാതെ വൻ വിജയം ഉറപ്പിക്കാൻ ആയിട്ടില്ല'; അദ്ദേഹം കൂട്ടിച്ചേർത്തു.

കടപ്പാട് : ദി പ്രിന്റ് | വിവര്‍ത്തനം : സിബ്ഗത്തുല്ല സാക്കിബ്