LiveTV

Live

National

കാർഷിക നിയമത്തിനെതിരെ കോണ്‍ഗ്രസിന്‍റെ രാജ്ഭവന്‍ മാര്‍ച്ച്

ട്രെയിൻ തടയൽ അടക്കമുള്ള സമരം ശക്തമാക്കാനാണ് കർഷക സംഘടനകളുടെ നീക്കം.

കാർഷിക നിയമത്തിനെതിരെ കോണ്‍ഗ്രസിന്‍റെ രാജ്ഭവന്‍ മാര്‍ച്ച്

കാർഷിക നിയമങ്ങളിൽ പ്രതിഷേധം ശക്തം. കോണ്‍ഗ്രസ് എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവൻ മാർച്ച് നടത്തി. ഗവര്‍ണര്‍ക്ക് നിവേദനവും നല്‍കി. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, തമിഴ്നാട്, കർണാടക തുടങ്ങിായ സംസ്ഥാനങ്ങളില്‍ ശക്തമായ പ്രതിഷേധം ഉണ്ടായി.

രാജ്യത്ത് പ്രതിഷേധം ശക്തമായി തുടരവെയാണ് കാർഷികോൽപ്പന്ന വ്യാപാര - വാണിജ്യ ബിൽ, കർഷക ശാക്തീകരണ സംരക്ഷണ ബിൽ, അവശ്യവസ്‌തു നിയമ ഭേദഗതി ബിൽ എന്നിവയില്‍ രാഷ്ട്രപതി ഒപ്പ് വെച്ച് നിയമമാക്കിയത്. ഇതോടെ സമരങ്ങള്‍ ശക്തമാവുകയാണ്.

പഞ്ചാബില്‍ കർഷകർ ഡല്‍ഹിയിലേക്കുള്ള ട്രെയിനുകള്‍ തടഞ്ഞു. ഭഗത് സിങിന്റെ ജന്മദിനത്തില്‍ പ്രതിഷേധങ്ങള്‍ക്ക് മുഖ്യമന്ത്രി അമരീന്ദർ സിങ് നേതൃത്വം നല്‍കി. രാഹുല്‍ ഗാന്ധി പഞ്ചാബിലെത്തി കർഷക പ്രതിഷേധത്തിന്റെ ഭാഗമായേക്കും. ഹരിയാനയിലേക്ക് പോകാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സർക്കാർ അനുമതി നല്‍കിയേക്കില്ല.

എന്‍ഡിഎ വിട്ട ശിരോമണി അകാലിദളും സമരം ശക്തമാക്കി. കർണാടകയില്‍ ബന്ദിന്റെ ഭാഗമായി കർഷക സംഘടനകള്‍ ഹുബ്ലിയില്‍ മാർച്ച് നടത്തി. ഡിഎംകെ പ്രസിഡന്റ് സ്റ്റാലിന്റെ നേതൃത്വത്തില്‍ തമിഴ്നാട്ടിലെ കാഞ്ചിപുരത്ത് പ്രതിഷേധ സംഗമം നടന്നു.

പ്രതിപക്ഷം കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കർഷകരുടെ പേരില്‍ ക്രമസമാധാനം ലംഘിക്കുകയാണെന്നും കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്‍ ആരോപിച്ചു.