LiveTV

Live

National

മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു

വാജ്‌പേയ് മന്ത്രിസഭയില്‍ പ്രതിരോധന, വിദേശ, ധനകാര്യ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു. നാല് തവണ ലോക്‌സഭാംഗവും അഞ്ച് തവണ രാജ്യസഭാംഗവുമായിട്ടുണ്ട്.

മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു

മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു. 82 വയസായിരുന്നു. ഡല്‍ഹിയില്‍ വെച്ചായിരുന്നു അന്ത്യം. വാജ്‌പേയ് മന്ത്രിസഭയില്‍ പ്രതിരോധന, വിദേശ ധനകാര്യ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു. നാല് തവണ ലോക്‌സഭാംഗവും അഞ്ച് തവണ രാജ്യസഭാംഗവുമായിട്ടുണ്ട്. ജസ്വന്ത് സിങിന്റെ മരണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളില്‍ ഏറെ ശ്രദ്ധേയനായ നേതാക്കളിലൊരാളായിരുന്നു ജസ്വന്ത് സിങ്. കരസേനയിലെ ജോലി രാജിവച്ചാണ് ജസ്വന്ത് സജീവ രാഷ്ട്രിയത്തില്‍ ഇറങ്ങിയത്. ആസൂത്രണ കമ്മീഷന്റെ വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്നു.

ബാത്ത്റൂമില്‍ തെന്നിവീണതിനെ തുടർന്ന് ആറു വർഷമായി അബോധാവസ്ഥയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ജൂണ് 25നാണ് ഡല്‍ഹി സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സങ്കീർണമായ ചുമതലകള്‍ സുഗമമായി നിറവേറ്റുന്ന പ്രഗല്‍ഭനായ നേതാവായിരുന്നു ജസ്വന്ത് സിങെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു. അതീവ ദുഖം രേഖപ്പെടുത്തുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. വാജ്പേയി സർക്കാരില്‍ അദ്വാനിക്ക് പിന്നില് മൂന്നാമനായി നിലകൊണ്ടു. 2009ല്‍ ജിന്നയെ പ്രകീർത്തിച്ച് ജിന്ന, ഇന്ത്യ -വിഭജനം -സ്വാതന്ത്ര്യം എന്ന പുസ്തകം ഇറക്കിയതോടെ ബിജെപി പ്രാഥമിക അംഗത്വത്തില് നിന്ന് പുറത്താക്കി.

2010ല്‍ ബിജെപിയിലേക്ക് തിരിച്ചെടുത്തെങ്കിലും 2014ല്‍ ലോക്സഭ സീറ്റ് നിഷേധിച്ചതോടെ സ്വദേശമായ ബല്മീറില് നിന്നും സ്വതന്ത്രനായി മത്സരിച്ചതിനാല്‍ പുറത്താക്കപ്പെട്ടു. ആ മത്സരത്തില്‍ ബിജെപിയുടെ കേണൽ സോനാരം ചൗധരിയോട് പരാജയപ്പെട്ടപ്പോള്‍ നിലപാടാണ് പ്രധാനമെന്നായിരുന്നു ജസ്വന്ത് സിങിന്റെ പ്രതികരണം.