LiveTV

Live

National

ബംഗാളിലെ മുസ്‍ലിം യുവാക്കളുടെ അറസ്റ്റിന് പിന്നിൽ ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയെന്ന് പ്രമുഖ മനുഷ്യാവകാശ സംഘടന

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി കരുക്കൾ നീക്കുന്നത്തിന്റെ ഭാഗമായിട്ടാണ് ഈ അറസ്റ്റിനെ ഭരണപക്ഷവും മറ്റ് ജനാധിപത്യ പാർട്ടികളുമടക്കം വിലയിരുത്തുന്നത്.

ബംഗാളിലെ മുസ്‍ലിം യുവാക്കളുടെ  അറസ്റ്റിന് പിന്നിൽ ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയെന്ന് പ്രമുഖ മനുഷ്യാവകാശ സംഘടന

അൽ ഖാഇദ ബന്ധം ആരോപിച്ച് യുവാക്കളെ എൻ.ഐ.എ അറസ്റ്റ് ചെയ്തതിനു പിന്നിൽ ദുരൂഹതയുണ്ടെന്ന് പശ്ചിമ ബംഗാളിലെ മുർഷിദാബാദ് സന്ദർശിച്ച മനുഷ്യാവകാശ സംഘടന. ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങളാണിനി അവശേഷിക്കുന്നത്. ഇതിന് മുന്നോടിയായി ബിജെപി കരുക്കൾ നീക്കുന്നത്തിന്റെ ഭാഗമായിട്ടാണ് ഈ അറസ്റ്റിനെ ഭരണപക്ഷവും മറ്റ് ജനാധിപത്യ പാർട്ടികളും വിലയിരുത്തുന്നത്. ന്യൂനപക്ഷ പ്രീണനം ലക്ഷ്യമാക്കി തീവ്രവാദ പ്രവർത്തനങ്ങളെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രിയെന്ന ആരോപണവുമായി, ആർ.എസ്എ.സ് സ്ഥിരം വർഗീയ കാർഡിറക്കി കളത്തിലിറങ്ങി കഴിഞ്ഞു.

"ഞങ്ങൾ അവരുടെ ബന്ധുക്കളെ സന്ദർശിച്ചിരുന്നു. കുറ്റാരോപിതരായ ഒമ്പത് പേരും വെറും തൊഴിലാളികളാണ്. ആർക്കും യാതൊരു രാഷ്ട്രീയ പശ്ചാത്തലവുമില്ല." അറസ്റ്റ് ചെയ്യപ്പെട്ട യുവാക്കളുടെ വീടുകൾ സന്ദർശിച്ച അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (എ.പി.സി.ആര്‍) പ്രതിനിധി അബ്ദുസ്സമദ് പറയുന്നു. സെപ്റ്റംബർ 19നാണ് ആറ് പേരെ മുര്ഷിദാബാദിൽ നിന്നും മൂന്ന് പേരെ കേരളത്തിൽ നിന്നും എൻ.ഐ.എ കസ്റ്റഡിയിൽ എടുത്തത്. അൽ ഖാഇദയുമായി ബന്ധമുള്ള ഇവർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ടു എന്നതാണ് ഇവർക്കെതിരെയുള്ള ആരോപണം. ഇവർ താമസിച്ചിരുന്നിടത്ത് നിന്ന് കുറ്റം തെളിയിക്കപ്പെടുന്ന രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും കണ്ടെടുത്തു എന്നാണ് എൻ.ഐ.എ നൽകുന്ന വിശദീകരണം. എന്നാൽ അറസ്റ്റ് സംബന്ധിച്ച കൃത്യമായ വിവരങ്ങളൊന്നും ഇവരുടെ കുടുംബങ്ങൾക്ക് ഇതുവരെ ലഭ്യമാക്കിയിട്ടില്ല.

കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യപ്പെട്ട യുവാക്കൾ പൗരത്വ പ്രക്ഷോഭങ്ങളിൽ സജീവമായിരുന്നു. ഈ അറസ്റ്റ് പൗരത്വ സമരങ്ങളെ കൂടി ഉന്നം വെച്ചുള്ളതാണോ എന്നും സംശയിക്കാതിരിക്കാൻ കഴിയില്ല" രഞ്ജിത്ത് സൂർ പറയുന്നു.

എൻ.ഐ.എയെ രാഷ്ട്രീയ അജണ്ടകൾക്കായി ബിജെപി ദുരുപയോഗം ചെയ്യുകയാണെന്നാണ് ബംഗാളിലെ ഏറ്റവും വലിയ മനുഷ്യാവകാശ സംഘടനയായ എ.പി.എച്ച്.ആറിന്റെ ഉപാധ്യക്ഷൻ രഞ്ജിത്ത് സൂറും ആരോപിക്കുന്നത് . "സമീപകാലത്തെ എൻ.ഐ.എയുടെ അന്വേഷണരീതികൾ നിരവധി സംശയങ്ങൾ ഉയർത്തുന്നുണ്ട് . കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യപ്പെട്ട യുവാക്കൾ പൗരത്വ പ്രക്ഷോഭങ്ങളിൽ സജീവമായിരുന്നു. ഈ അറസ്റ്റ് പൗരത്വ സമരങ്ങളെ കൂടി ഉന്നം വെച്ചുള്ളതാണോ എന്നും സംശയിക്കാതിരിക്കാൻ കഴിയില്ല" രഞ്ജിത്ത് സൂർ പറയുന്നു.

എൻ.ഐ.എ യുവാക്കളെ അറസ്റ്റ് ചെയ്‌തെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ ബംഗാൾ ഗവണ്മെന്റിനെതിരെ നിരവധി ആരോപണങ്ങളുമായി ബി.ജെ.പി നേതാക്കളും രംഗത്ത് വന്നിരുന്നു. ഗവണ്മെന്റ് പശ്ചിമ ബംഗാളിനെ പശ്ചിമ ബംഗ്ളാദേശാക്കി മാറ്റുന്നുവെന്നാണ് ബി.ജെ.പി സംസ്ഥാന യൂണിറ്റ് ജനറൽ സെക്രട്ടറി സായന്തൻ ബസു പറഞ്ഞത്. അനിയന്ത്രിതമായ മദ്രസകൾ ബിൻലാദന്റെ ഫാക്ടറികളാണ്. വെറും 30% ശതമാനം മാത്രമുള്ള ഒരു സമുദായത്തെ തൃപ്തിപ്പെടുത്താൻ സംസ്ഥാനത്ത് തീവ്രവാദ പരിശീലനങ്ങൾക്ക് കൂട്ട് നിൽക്കുന്ന മുഖ്യമന്ത്രിയോട് നന്ദിയുണ്ടെന്നും, വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് നടക്കുമെന്നാണ് പ്രതീക്ഷയെന്നും ബസു കൂട്ടിച്ചേർത്തു. നിരവധി തീവ്രവാദ സംഘടനയിൽ പെട്ടവർ ബംഗാളിന്റെ വ്യത്യസ്ത ഭാഗങ്ങളിലായി ജീവിക്കുന്നുണ്ടെന്നും, സംസ്ഥാന സർക്കാർ അവർക്ക് അഭയം കൊടുക്കുകയാണെന്നുമാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ നടത്തിയ ആരോപണം. ആർ.എസ്.എസ് പ്രാദേശിക അധ്യക്ഷൻ അജയ് കുമാർ നന്ദിയും മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രംഗത്ത് വന്നിരുന്നു.

എ.പി.എച്ച് ആർ ഉൾപ്പെടെയുള്ള 12 മനുഷ്യാവകാശ സംഘടനകളുമായി സെപ്റ്റംബർ 27 ന് ഒരിക്കൽക്കൂടി മുർഷിദാബാദ് സന്ദർശിക്കുമെന്ന് അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് പ്രതിനിധി പറയുന്നു. സത്യം പുറത്തുകൊണ്ടുവരാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.