LiveTV

Live

National

കേന്ദ്രമന്ത്രി സുരേഷ് അംഗഡി കോവിഡ് ബാധിച്ച് മരിച്ചു

കഴിഞ്ഞ രണ്ട് ദിവസങ്ങളായി ആരോഗ്യനിലമോശമായതിനെ തുടര്‍ന്ന് മന്ത്രിയെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു

കേന്ദ്രമന്ത്രി സുരേഷ് അംഗഡി കോവിഡ് ബാധിച്ച് മരിച്ചു

കേന്ദ്ര റെയില്‍വെ സഹമന്ത്രി സുരേഷ് അംഗഡി കോവിഡ് ബാധിച്ച് മരിച്ചു. 65 വയസായിരുന്നു. കഴിഞ്ഞ് 11ാം തീയതി മുതല്‍ എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സുരേഷ് അംഗഡിയുടെ നിര്യാണത്തില്‍ രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, പ്രതിപക്ഷനേതാക്കള്‍ തുടങ്ങിയവർ അനുശോചിച്ചു.

പാർലമെന്‍റിന്‍റെ വർഷകാല സമ്മേളത്തിന് മുമ്പായി 11ന് നടത്തിയ പരിശോധനയിലാണ് കേന്ദ്ര റെയില്‍വെ സഹമന്ത്രി സുരേഷ് അംഗഡിക്ക് കോവിഡ് സ്ഥിരീകരിച്ചത്. സുരേഷ് അംഗഡി തന്നെയാണ് രോഗവിവരം ട്വീറ്റ് ചെയ്തത്. തുടർന്ന് എയിംസില്‍ പ്രവേശിപ്പിച്ച സുരേഷ് അംഗഡിയുടെ ആരോഗ്യനില കഴിഞ്ഞ രണ്ട് ദിവസമായി മോശമാവുകയായിരുന്നു. വെന്‍റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

കേന്ദ്രമന്ത്രിമാരും മുതിർന്ന നേതാക്കളും സൌത്ത് അവന്യുവിലെ സുരേഷ് അംഗഡിയുടെ വസതിയിലെത്തി. സൌമ്യനും ജനങ്ങള്‍ക്കായി അക്ഷീണം പ്രവർത്തിച്ച നേതാവുമാണ് സുരേഷ് അംഗഡിയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു.

മികച്ച എം.പിയും കർണാടകയില്‍ ബി.ജെ.പിയെ ശക്തമാക്കാന്‍ പ്രവർത്തിച്ച നേതാവുമാണ് സുരേഷ് അംഗഡിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു.

കർണാടകയിലെ ബെളഗാവില്‍ നിന്നുള്ള എം.പിയാണ് സുരേഷ് അംഗഡി. 2004 മുതല്‍ നാല് തവണ തുടർച്ചയായി ലോക്‍സഭയിലെത്തി. 1996ല്‍ ബെളഗാവി ബിജെപി വൈസ് പ്രസിഡന്റും 2001 ല്‍ ജില്ല അധ്യക്ഷനുമായിരുന്നു. സുരേഷ് അംഗഡി അടക്കം 2 എംപിമാരെയാണ് കർണാടകക്ക് കോവിഡ് മൂലം നഷ്ടമായത്. രാജ്യത്ത് ആദ്യമായാണ് ഒരു കേന്ദ്രമന്ത്രി കോവിഡ് ബാധിച്ച് മരിക്കുന്നത്.