LiveTV

Live

National

ബിഹാർ ഡി.ജി.പി സ്ഥാനമൊഴിഞ്ഞു; ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കും

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തെ രാഷ്ട്രീയവൽക്കരിക്കാൻ ബി.ജെ.പിയെ സഹായിച്ചത് ഗുപ്‌തേശ്വർ പാണ്ഡെയാണെന്ന വിമർശനമുണ്ട്.

ബിഹാർ ഡി.ജി.പി സ്ഥാനമൊഴിഞ്ഞു; ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കും

വോളണ്ടറി റിട്ടയർമെന്റ് എടുത്ത് സ്ഥാനമൊഴിയാനുള്ള ഡി.ജി.പി ഗുപ്‌തേശ്വർ പാണ്ഡയുടെ തീരുമാനത്തിന് ബിഹാർ സർക്കാറിന്റെ അംഗീകാരം. സെപ്തംബർ 22 പ്രാബല്യത്തിൽ പാണ്ഡെയുടെ വിരമിക്കൽ അംഗീകരിച്ചു കൊണ്ടുള്ള ഉത്തരവ് ബിഹാർ ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു. 2021 വരെ സർവീസ് കാലാവധിയുണ്ടായിരുന്ന പാണ്ഡെ, നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രാഷ്ട്രീയപ്രവേശനത്തിനു വേണ്ടിയാണ് സ്ഥാനമൊഴിഞ്ഞത് എന്നാണ് സൂചന.

നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റിൽ ബക്‌സർ അല്ലെങ്കിൽ ഷാ പൂർ മത്സരത്തിൽ നിന്ന് പാണ്ഡെ ജനവിധി തേടിയേക്കുമെന്ന് 'ദി ഹിന്ദു' അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2009-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി പാണ്ഡെ വി.ആർ.എസ് എടുത്തിരുന്നെങ്കിലും ടിക്കറ്റ് കിട്ടാത്തതിനെ തുടർന്ന് സർവീസിൽ വീണ്ടും പ്രവേശിക്കുകയായിരുന്നു.

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തെ രാഷ്ട്രീയവൽക്കരിക്കാൻ ബി.ജെ.പിയെ സഹായിച്ചത് ഗുപ്‌തേശ്വർ പാണ്ഡെയാണെന്ന വിമർശനമുണ്ട്. സുശാന്ത് കേസ് രാഷ്ട്രീയപ്രേരിതമാണെന്നും തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ബിഹാറിലെ നിതീഷ് കുമാർ സർക്കാർ കളിക്കുന്നതാണെന്നുമുള്ള റിയ ചക്രവർത്തിയുടെ ആരോപണത്തിന്, നിതീഷിനെ വിമർശിക്കാൻ റിയക്ക് അവകാശമില്ലെന്ന് പാണ്ഡെ മറുപടി നൽകിയിരുന്നു.

2012-ൽ ബിഹാറിലെ മുസഫർപൂരിൽ നിന്ന് 12 വയസ്സുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ സി.ബി.ഐ അന്വേഷണം നേരിടുന്നയാളാണ് പാണ്ഡെ. മുസഫർപൂർ ടൗണിലെ പ്രധാന ഭാഗത്തുള്ള തന്റെ സ്ഥലം തട്ടിയെടുക്കാനുള്ള ഭൂമാഫിയയുടെ ഗൂഢാലോചനയുടെ ഭാഗമായാണ് മകളെ തട്ടിക്കൊണ്ടു പോയതെന്ന് പെൺകുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു. നിലവിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിലാണ് സി.ബി.ഐ കേസ് അന്വേഷിക്കുന്നത്. അന്വേഷണം പൂർത്തിയാക്കുന്നതിനായി സി.ബി.ഐക്ക് കോടതി ഇതിനകം 10 തവണ സമയം നീട്ടിനൽകിയിട്ടുണ്ട്.