LiveTV

Live

National

ഉത്തരേന്ത്യയിൽ കർഷക സമരം വ്യാപിക്കുന്നു; ഡൽഹിയിലേക്ക് ട്രാക്ടർ റാലി

പഞ്ചാബിൽ ആരംഭിച്ച സമരം ഹരിയാനയിലേക്കും ഛത്തീസ്ഗഡ്, ബീഹാർ എന്നീ സംസ്ഥാനങ്ങളിലേക്കും കടന്നിരിക്കുകയാണ്.

ഉത്തരേന്ത്യയിൽ കർഷക സമരം വ്യാപിക്കുന്നു; ഡൽഹിയിലേക്ക് ട്രാക്ടർ റാലി

ഉത്തരേന്ത്യയിൽ കർഷക സമരം വ്യാപകമാകുകയാണ്. പഞ്ചാബിൽ യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ഡൽഹിയിലേക്ക് ട്രാക്ടർ റാലി തുടങ്ങി. സമരം ഏറ്റെടുക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ കോൺഗ്രസ് നേതൃയോഗം ഇന്ന് ഡൽഹിയിൽ ചേരും. അതേസമയം രാജ്യത്ത് കർഷക സമരം നടന്നിട്ടില്ലെന്ന് ആഭ്യന്തര സഹമന്ത്രി രാജ്യസഭയിൽ പറഞ്ഞു

ഡൽഹിയുടെ അയൽ സംസ്ഥാനങ്ങളിലാണ് സമരം രൂക്ഷമായിരിക്കുന്നത്. പഞ്ചാബിൽ ആരംഭിച്ച സമരം ഹരിയാനയിലേക്കും ഛത്തീസ്ഗഡ്, ബീഹാർ എന്നീ സംസ്ഥാനങ്ങളിലേക്കും കടന്നിരിക്കുകയാണ്. പഞ്ചാബിൽ യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ഡൽഹിയിലേക്ക് ട്രാക്ടർ റാലി മുന്നേറുകയാണ്. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ബരീന്ദർ സിങ്ങ് ധില്ലന്‍റെ നേതൃത്വത്തിലാണ് റാലി. ഹരിയാനയിലെ അംബാല ജിന്ദ്, സോനിപ്പറ്റ് എന്നിവിടങ്ങളിൽ 17 സംഘടനകളാണ് സമരത്തിന് നേതൃത്വം നൽകുന്നത്.

അതേസമയം സമരം ഏറ്റെടുക്കുന്നതിനെ കുറിച്ച് കോൺഗ്രസ് നേതൃയോഗം ഇന്ന് ചർച്ച ചെയ്യും. ഇതിനിടെ രാജ്യത്ത് കർഷക ആത്മഹത്യ നടന്നിട്ടില്ലെന്ന് ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡി രാജ്യസഭയിൽ അറിയിച്ചു. നാഷണല്‍ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ചാണിത്. എന്നാൽ മറ്റ് തൊഴിൽ മേഖലകളിൽ ആത്മഹത്യ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 250ലധികം സംഘടനകളുടെ പിന്തുണയുള്ള അഖിലേന്ത്യാ കർഷക പ്രക്ഷോഭ സമിതി വെള്ളിയാഴ്ച രാജ്യവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.