LiveTV

Live

National

രാജ്യസഭ ഉപാധ്യക്ഷന് എതിരെ 12 പാര്‍ട്ടികളുടെ അവിശ്വാസ പ്രമേയ നോട്ടീസ്

പ്രതിപക്ഷത്തിന്‍റെ കടുത്ത പ്രതിഷേധത്തിനും അതിനാടകീയ രംഗങ്ങള്‍ക്കുമിടെയാണ് കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയിൽ പാസായത്

രാജ്യസഭ ഉപാധ്യക്ഷന് എതിരെ 12 പാര്‍ട്ടികളുടെ അവിശ്വാസ പ്രമേയ നോട്ടീസ്

രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങ്ങിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി. പ്രതിപക്ഷ ബഹളത്തിനിടെ കാര്‍ഷിക ബില്ലുകള്‍ പാസാക്കിയ പശ്ചാത്തലത്തിലാണ് നടപടി. കോണ്‍ഗ്രസ്, സി.പി.ഐ, സി.പി.എം, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, തെലങ്കാന രാഷ്ട്രസമിതി, എന്‍.സി.പി, രാഷ്ട്രീയ ജനതാദള്‍, നാഷണല്‍ കോണ്‍ഫറന്‍സ്, ഡി.എം.കെ, ലോക്താന്ത്രിക് ജനതാദള്‍, ആം ആദ്മി പാര്‍ട്ടി എന്നിവയാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുള്ളത്.

പ്രതിപക്ഷ പ്രതിഷേധത്തിനിടെ ബില്ലുകള്‍ ശബ്ദവോട്ടോടെയാണ് രാജ്യസഭ പാസാക്കിയത്. ജനാധിപത്യത്തെ കശാപ്പുചെയ്യുന്ന നടപടിയാണ് ഉണ്ടായതെന്നും 12 പാര്‍ട്ടികള്‍ രാജ്യസഭാ ഉപാധ്യക്ഷനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ പറഞ്ഞു. വോട്ടെടുപ്പ് വേണമെന്ന ആവശ്യമടക്കം തള്ളി, രാജ്യസഭാ ഉപാധ്യക്ഷന്‍ ബില്ലുകള്‍ പാസാക്കിയ രീതിയിലും അദ്ദേഹത്തിന്റെ സമീപനത്തിലും വിശ്വാസമില്ലെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തിന്‍റെ കടുത്ത പ്രതിഷേധത്തിനും അതിനാടകീയ രംഗങ്ങള്‍ക്കുമിടെയാണ് കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയിൽ പാസായത്. ബില്ലുകള്‍ പാസാക്കാനായി സഭ ചേരുന്ന സമയം നീട്ടിയതില്‍ പ്രകോപിതരായ പ്രതിപക്ഷം ഉപാധ്യക്ഷനുനേരെ പാഞ്ഞടുത്തു. കയ്യാങ്കളിയുണ്ടായി. മൈക്ക് തട്ടിപ്പറിച്ചു. ബില്ലുകള്‍ കര്‍ഷകരുടെ മരണ വാറന്‍ഡാണെന്നും അതില്‍ ഒപ്പുവയ്ക്കില്ലെന്നും കോണ്‍ഗ്രസ് പറഞ്ഞു. കാര്‍ഷിക ബില്ലുകള്‍ പാസാക്കിയത് രാജ്യത്തിന്റെ കാര്‍ഷിക ചരിത്രത്തിലെ നിര്‍ണായക വഴിത്തിരിവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

കരാര്‍ കൃഷി നടപ്പാക്കാനുള്ള കര്‍ഷക ശാക്തീകരണ, സംരക്ഷണ ബില്ലും വിപണയിലെ നിയന്ത്രണങ്ങള്‍ നീക്കാനുള്ള കാര്‍ഷിക ഉല്‍പന്ന വ്യാപര വാണിജ്യ ബില്ലുമാണ് രാജ്യസഭ ശബ്ദ വോട്ടോടെ പാസാക്കിയത്.