LiveTV

Live

National

ശ്രമിക് ട്രെയിനിൽ വെച്ച് മരിച്ച അതിഥി തൊഴിലാളികളുടെ കണക്കുമായി കേന്ദ്ര സര്‍ക്കാര്‍

അതിഥി തൊഴിലാളികളെ സ്വന്തം നാടുകളിലേക്ക് എത്തിക്കുന്നതിന് ഏര്‍പ്പാടാക്കിയ ശ്രമിക് തീവണ്ടികളില്‍ 97 പേര്‍ മരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

ശ്രമിക് ട്രെയിനിൽ വെച്ച് മരിച്ച അതിഥി തൊഴിലാളികളുടെ കണക്കുമായി കേന്ദ്ര സര്‍ക്കാര്‍

ലോക്ഡൗണിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളെ സ്വന്തം നാടുകളിലേക്ക് എത്തിക്കുന്നതിന് ഏര്‍പ്പാടാക്കിയ ശ്രമിക് തീവണ്ടികളില്‍ 97 പേര്‍ മരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലോക്ഡൗണ്‍ കാലയളവില്‍ എത്ര അതിഥി തൊഴിലാളികള്‍ മരിച്ചിട്ടുണ്ടെന്ന യാതൊരു വിവരവും തങ്ങളുടെ പക്കലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് റെയില്‍വേ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നത്.

രാജ്യസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി ദീപക് ഒബ്രിയാന്റെ ചോദ്യത്തിന് മറുപടിയായി സെപ്റ്റംബര്‍ ഒമ്പത് വരെയുള്ള കണക്കുകള്‍ പ്രകാരം 97 അതിഥി തൊഴിലാളികള്‍ മരിച്ചതെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.

മരിച്ച 97 പേരില്‍ 87 പേരുടെ മൃതദേഹങ്ങളാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. 51 പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളാണ് അതത് സംസ്ഥാനങ്ങളിൽ നിന്ന് ഇതുവരെ ലഭിച്ചത്. റിപ്പോര്‍ട്ട് പ്രകാരം ഹൃദയാഘാതം, ഹൃദ്രോഗം, ബ്രെയിന്‍ ഹാമറേജ് തുടങ്ങിയ അസുഖങ്ങള്‍ കാരണമാണ് മരണങ്ങള്‍ സംഭവിച്ചതെന്നും ഗോയല്‍ മറുപടി പറഞ്ഞു.

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്നുണ്ടായ കൂട്ടപ്പലായനങ്ങൾക്കിടെ മരണപ്പെട്ട തൊഴിലാളികളെക്കുറിച്ച് ഒരു വിവരവും ലഭ്യമല്ലെന്ന് കേന്ദ്രസർക്കാർ പാർലമെന്റിനെ അറിയിച്ചത്. തൊഴില്‍ മന്ത്രാലയത്തിന്റെ ഈ പ്രസ്താവനയ്‌ക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.

മെയ് 1നാണ് ലോക്ക്ഡൗണില്‍ വിവിധ സംസ്ഥാനങ്ങളില്‍ പെട്ടുപോയ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി ശ്രമിക് ട്രെയിനുകളുടെ സേവനം ആരംഭിച്ചത്.