LiveTV

Live

National

9 അല്‍ഖാഇദ ഭീകരരെ പിടികൂടിയതായി എൻ.ഐ.എ; 3 പേര്‍ പിടിയിലായത് എറണാകുളത്ത് നിന്ന്

എറണാകുളത്ത് നിന്ന് മൂന്ന് പേരും ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്ന് ആറ് പേരുമാണ് പിടിയിലായത്. ഭീകരര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്ന് എന്‍ഐഎ.

 9 അല്‍ഖാഇദ ഭീകരരെ പിടികൂടിയതായി എൻ.ഐ.എ; 3 പേര്‍ പിടിയിലായത് എറണാകുളത്ത് നിന്ന്

പശ്ചിമ ബംഗാളിലും കേരളത്തിലുമായി നടത്തിയ റെയ്ഡില്‍ 9 അല്‍ഖാഇദ ഭീകരരെ പിടികൂടിയതായി എൻ.ഐ.എ. എറണാകുളത്ത് നിന്ന് മൂന്ന് പേരും ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്ന് ആറ് പേരുമാണ് പിടിയിലായതെന്ന് എൻ.ഐ.എ വൃത്തങ്ങൾ അറിയിച്ചു. കൊച്ചിയില്‍ നിന്ന് എന്‍.ഐ.എ കസ്റ്റഡിയിലെടുത്ത മൂന്ന് പേരെ കോടതിയില്‍ ഹാജരാക്കുകയാണ്. യാക്കൂബ് ബിശ്വാസ്,മുസാറഫ് ഹുസൈൻ, മുർഷിദ് ഹസൻ എന്നിവരെയാണ് കോടതിയില്‍ ഹാജരാക്കുന്നത്.

ഭീകരര്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ പറയുന്നത്. കേരളത്തില്‍ പെരുമ്പാവൂരില്‍ നിന്നാണ് മൂന്ന് പേര്‍ പിടിയിലായത്. ഒരാള്‍ മുടിക്കലില്‍ നിന്നും രണ്ട് പേര്‍ പാതാളത്ത് നിന്നുമാണ് പിടിയിലായത്. ഇവര്‍ മലയാളികളല്ല.

അതിഥി തൊഴിലാളികള്‍ എന്ന വ്യാജേന ഇവര്‍ പെരുമ്പാവൂരില്‍ ഒളിച്ചുകഴിയുകയായിരുന്നുവെന്ന് എൻ.ഐ.എ അറിയിച്ചു. ഇയക്യമ്പ് ബിശ്വാസ്, മുസാറഫ് ഹുസൈൻ എന്നിവരെ മുടിക്കലിൽ നിന്നും മുർഷിദ് ഹസൻ കളമശ്ശേരി പാതാളത്ത് നിന്നുമാണ് പിടിയിലായത്. പിടിയിലായവരിൽ നിന്നും ലാപ്പ്ടോപ്പ്, മൊബൈൽ തുടങ്ങിയവ എൻഐഎ പിടിച്ചെടുത്തു. പിടിയിലായ മുർഷിദ് ഹസൻ രണ്ട് മാസം മുൻപാണ് കേരളത്തിലെത്തിയത്.

എറണാകുളത്ത് മൂന്ന് പേര്‍ പിടിയിലായത് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ സ്ഥിരീകരിച്ചു. എന്‍ഐഎ അറസ്റ്റ് ചെയ്ത 3 പേരെ കേന്ദ്രീകരിച്ച് സംസ്ഥാന ഇന്റലിജന്‍സും അന്വേഷണം ആരംഭിച്ചു. ഇവർ കേരളത്തിൽ എത്തിയതും താമസിച്ചതും അടക്കമുള്ള വിവരങ്ങളാണ് ഇന്റലിജന്‍സ് പരിശോധിക്കുന്നത്.