LiveTV

Live

National

"അയല്‍ക്കാര്‍, പോലീസ്, ബി.ജെ.പി എം.എല്‍.എ" വഞ്ചനയുടെ കഥയുമായി ഡല്‍ഹി വംശഹത്യ ഇര

ഒരേ കുടുംബം പോലെ ജീവിച്ച അയൽവാസികൾ തന്നെ വീടും കടയും കത്തിക്കാൻ മുന്നിൽ നിന്നതിന്റെ ഞെട്ടലിലാണ് സഹീറിന്റെ മകൻ സഞ്ചാർ.

"അയല്‍ക്കാര്‍, പോലീസ്, ബി.ജെ.പി എം.എല്‍.എ" വഞ്ചനയുടെ കഥയുമായി ഡല്‍ഹി വംശഹത്യ ഇര

"1976 മുതൽ ഞങ്ങൾ ഇവിടെയാണ് താമസിക്കുന്നത്. കഴിഞ്ഞ 45 വർഷത്തിനിടയിൽ ഇതുപോലൊരു ദുരനുഭവമുണ്ടായിട്ടില്ല. കഴിഞ്ഞ ഇലക്ഷന് ശേഷം ഇവർക്കെന്താണ് സംഭവിച്ചതെന്ന് അറിയില്ല . എന്തുകൊണ്ടാണ് നമ്മളോടിത്ര വെറുപ്പെന്ന് മനസ്സിലാകുന്നില്ല" മാസങ്ങൾക്ക് മുമ്പ് സ്വന്തം വീടും ജീവിതവും ചുട്ടുചാമ്പലാക്കിയ കലാപദിനങ്ങൾ ഓർത്തെടുക്കാൻ ശ്രമിക്കുകയാണ് മുഹമ്മദ് സഹീർ. വടക്ക്കിഴക്കൻ ഡൽഹിയിലെ ഖജുരി ഖാസ് പ്രദേശവാസിയാണ് സഹീർ. "ഒരിക്കലും അവർ ഞങ്ങളോടിങ്ങനെ ചെയ്യുമെന്ന് കരുതിയില്ല. ഒരു കുടുംബം പോലെ ജീവിച്ചവരാണ് എന്റെ കട കത്തിച്ചത്. അജയ് പ്രധാൻ, പ്രിൻസ് പ്രധാൻ, പരാസ് പ്രധാൻ, കരംപാൽ. ഞാൻ ജനിക്കുന്നതിനു മുമ്പേയുള്ള ബന്ധമാണ് ഞങ്ങളുടെ കുടുംബക്കാർ തമ്മിൽ. ഈ സ്ഥലം ഞങ്ങൾ വാങ്ങിയതും ഇവിടെ വീട് വെച്ചതുമൊക്കെ അവരുടെ കൂടി സഹായത്തോടെയാണ് . ഒടുവിൽ അവർ തന്നെ ഞങ്ങളുടെ വീട് കത്തിച്ചു". ഒരേ കുടുംബം പോലെ ജീവിച്ച അയൽവാസികൾ തന്നെ വീടും കടയും കത്തിക്കാൻ മുന്നിൽ നിന്നതിന്റെ ഞെട്ടലിലാണ് സഹീറിന്റെ മകൻ സഞ്ചാർ. അഞ്ചു വർഷമായി ഖജുരി ഖാസിൽ റെസ്റ്റോറന്റ് നടത്തി വരികയായിരുന്നു സഞ്ചാർ.

"അയല്‍ക്കാര്‍, പോലീസ്, ബി.ജെ.പി എം.എല്‍.എ" വഞ്ചനയുടെ കഥയുമായി ഡല്‍ഹി വംശഹത്യ ഇര

ഫെബ്രുവരി 23ന് രാത്രിയാണ് ജയ് ശ്രീറാം വിളികളുമായി ആയുധങ്ങളും കല്ലുകളുമേന്തിയ സംഘങ്ങൾ ഇദ്ദേഹത്തിന്റെ കട ലക്ഷ്യമാക്കി എത്തിയത്. ഭക്ഷണം കഴിക്കാനിരുന്നവരെ ഉപദ്രവിച്ച അവർ കടയിലെ സാധനങ്ങൾ നശിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. "അവരെന്നെ ഒരുപാട് ഉപദ്രവിച്ചു. ഷെർപുർ ഗ്രാമത്തിലെ കരംപാൽ ആയിരുന്നു അവരെ നിയന്ത്രിച്ചിരുന്നത്. കരംപാൽ എനിക്ക് നേരെ തോക്ക് ചൂണ്ടിയിട്ട് അവരോട് കട കൊള്ളയടിക്കാനാവശ്യപ്പെട്ടു. വേറെ വഴിയില്ലാതെ ഞാൻ ദയാൽപുർ പോലീസ് സ്റ്റേഷനിലേക്ക് പോയി. പോലീസ് ഞങ്ങളെ രക്ഷിക്കുമെന്നാണ് ഞാൻ കരുതിയത്. പക്ഷെ അവരും കലാപകാരികൾക്കൊപ്പമായിരുന്നു. ഞാൻ സ്റ്റേഷനിൽ നിന്ന് മടങ്ങുമ്പോൾ മോഹൻ സിംഗ് ബിഷ്ടിന്റെ കൂടെ വേറൊരു വലിയ സംഘം ആളുകളെ കണ്ടു. കടകൾ കത്തിച്ചുകഴിഞ്ഞു. ഇനി നമുക്ക് ഇവരെ കത്തിക്കാനുള്ള സമയമാണെന്ന് പറഞ്ഞ് ആക്രോശിക്കുകയായിരുന്നു അദ്ദേഹം". വടക്ക് കിഴക്കൻ ഡൽഹിയിലെ കരവാൾ നഗർ ബിജെപി എം.എൽ.എ യാണ് മോഹൻ സിംഗ് ഭിഷട്. സഞ്ചാറും സഹോദരൻ മുന്നയും മുമ്പ് മോഹൻ സിംഗ് ഭിഷടിന്റെ കൈക്കാരായിരുന്നു. ഇവർ എം.എൽ.എക്ക് വേണ്ടി ഇവരുടെ പ്രദേശത്ത് തയ്യാറാക്കിയ ഓഫീസടക്കം കത്തിയമർന്ന അവസ്ഥയിലാണുള്ളത്.

ഞാൻ സ്റ്റേഷനിൽ നിന്ന് മടങ്ങുമ്പോൾ മോഹൻ സിംഗ് ബിഷ്ടിന്റെ കൂടെ വേറൊരു വലിയ സംഘം ആളുകളെ കണ്ടു. കടകൾ കത്തിച്ചുകഴിഞ്ഞു. ഇനി നമുക്ക് ഇവരെ കത്തിക്കാനുള്ള സമയമാണെന്ന് പറഞ്ഞ് ആക്രോശിക്കുകയായിരുന്നു അദ്ദേഹം". വടക്ക് കിഴക്കൻ ഡൽഹിയിലെ കരവാൾ നഗർ ബിജെപി എം.എൽ.എ യാണ് മോഹൻ സിംഗ് ഭിഷ്ട്.

"ആ രാത്രിക്ക് ശേഷം ഞങ്ങൾ മൂന്ന് ദിവസം ഉറങ്ങിയിട്ടില്ല, പുറത്തിറങ്ങിയിട്ടില്ല. വീട്ടിലേക്ക് പല പ്രവാശ്യം ടിയർ ഗ്യാസും കല്ലുകളും വന്ന് പതിച്ചുകൊണ്ടിരുന്നു. ഫെബ്രുവരി 25ന് ഈ വഴിയിൽ കാവി ധരിച്ചെത്തിയ ഒരു കൂട്ടം ആളുകൾ, പത്ത് മിനിറ്റുകൊണ്ട് മുഴുവൻ മുസ്ലിങ്ങളെയും ഇല്ലാതാക്കുമെന്ന് പറഞ്ഞ് ഒച്ചവെച്ചുകൊണ്ടിരുന്നു. എം.എൽ.എയുടെ നേതൃത്വത്തിൽ ഞങ്ങളുടെ വീടുകളാകെ അവർ കൊള്ളയടിച്ചു. എങ്ങനെ രക്ഷപ്പെടുമെന്നറിയാതെ ഞങ്ങളാകെ ഭയപ്പെട്ടിരുന്നു." സഞ്ചാർ കൂട്ടിച്ചേർക്കുന്നു. 26ന് തിരികെ വരുമ്പോൾ ഇവരുടെ വീടും വാഹനങ്ങളും ബാക്കിയുണ്ടായിരുന്നില്ല. കുടുംബത്തിന്റെ ജീവിദോപാധിയായിരുന്നു സഞ്ചാറിന്റെ കട ഇന്ന് കലാപകാരികളുടേതാണ്. നികത്താനാവാത്ത നഷ്ടങ്ങളും, നഷ്ടങ്ങൾക്ക് കാരണമായവർ ശിക്ഷിക്കപ്പെടാത്തതും ഡൽഹി കലാപത്തിലെ ഇരകൾക്ക് ബാക്കിവെക്കുന്നത് ദുരിതവും നിരാശയും മാത്രം കലർന്ന ദിനങ്ങളാണ്.

കടപ്പാട്: കാരവാന്‍ | പരിഭാഷ: ദിലാന