LiveTV

Live

National

ദല്‍ഹി കലാപം: പ്രതിപ്പട്ടികയില്‍ 15 പേര്‍; 17,000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ച് ദല്‍ഹി പൊലീസ്

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ഐ.പി.സി ആയുധനിയമ വകുപ്പുകള്‍ എന്നിവയാണ് പ്രതി ചേര്‍ക്കപ്പെട്ട ഈ 15 പേര്‍ക്കെതിരെയും ചുമത്തിയിരിക്കുന്നത്.

ദല്‍ഹി കലാപം: പ്രതിപ്പട്ടികയില്‍  15 പേര്‍; 17,000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ച് ദല്‍ഹി പൊലീസ്

ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് 17,000 പേജുള്ള കുറ്റപ്പത്രം പൊലീസ് സമര്‍പ്പിച്ചു. സ്​റ്റീൽ പെട്ടിയിലാക്കി അടച്ച്​ കോടതിയിലെത്തിച്ച കുറ്റപത്രത്തിലെ 2,692 പേജുകളും പ്രതികൾക്കെതിരെയുള്ള കുറ്റങ്ങൾ വിവരിക്കുന്നതാണ്​. 15 പ്രതികളുടെ പേരുകളാണ്​ കുറ്റപത്രത്തിലുള്ളത്​. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ഐ.പി.സി ആയുധനിയമ വകുപ്പുകള്‍ എന്നിവയാണ് പ്രതി ചേര്‍ക്കപ്പെട്ട ഈ 15 പേര്‍ക്കെതിരെയും ചുമത്തിയിരിക്കുന്നത്. 53 പേരുടെ മരണത്തിനും നൂറു കണക്കിനാളുകൾക്ക്​ പരിക്കേൽക്കുന്നതിനും ഇടയാക്കിയ കലാപം ആസൂത്രണം ചെയ്​തുവെന്ന കുറ്റമാണ്​ പ്രതികൾക്കു മേൽ ചുമത്തിയിട്ടുള്ളത്​.

അതെ സമയം കേസുമായി ബന്ധപ്പെട്ട്​ ഏതാനും ദിവസങ്ങൾക്ക്​ മുമ്പ്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​ത ഉമർ ഖാലിദ്​, ഷർജിൽ ഇമാം എന്നിവരുടെ പേരുകൾ ഇപ്പോൾ സമർപ്പിച്ച കുറ്റപത്രത്തിലില്ല. എന്നാല്‍ അവരുടെ പേരുകള്‍ അനുബന്ധ കുറ്റപ്പത്രത്തില്‍ ഉണ്ടാകുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്.

കഴിഞ്ഞ ഫെബ്രുവരിയിലാണ്​ രാജ്യത്തെ പിടിച്ചു കുലുക്കിയ വംശീയാക്രമണത്തിന്​ രാജ്യ തലസ്ഥാനം സാക്ഷ്യം വഹിച്ചത്​. കലാപത്തിൽ നിരവധി വീടുകളും വാഹനങ്ങളും ​മതസ്ഥാപനങ്ങളും അഗ്​നിക്കിരയാവുകയും തകർക്കപ്പെടുകയും ചെയ്​തു. ബി.ജെ.പി നേതാവ് കപിൽ മിശ്രയുടെ വിവാദ പ്രസംഗത്തിന് ശേഷമാണ് വംശീയ ആക്രമണങ്ങൾക്ക് തുടക്കം കുറിച്ചത്.