LiveTV

Live

National

ഇന്ത്യ -ചൈന വിഷയത്തില്‍ പ്രതിരോധമന്ത്രി ഇന്ന് പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്തേക്കും

വർഷകാല സമ്മേളനം രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ പ്രധാനപ്പെട്ട രണ്ട് ബില്ലുകളാണ് ചർച്ചക്ക് വരിക

ഇന്ത്യ -ചൈന വിഷയത്തില്‍ പ്രതിരോധമന്ത്രി ഇന്ന് പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്തേക്കും

ഇന്ത്യ -ചൈന വിഷയത്തില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഇന്ന് പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്തേക്കും. വർഷകാല സമ്മേളനം രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ പ്രധാനപ്പെട്ട രണ്ട് ബില്ലുകളാണ് ചർച്ചക്ക് വരിക. ആരോഗ്യ പ്രവർത്തകർക്ക് നേരെ ഉണ്ടാകുന്ന അതിക്രമം തടയുന്നതിനുള്ള ബില്ലും കേന്ദ്രമന്ത്രിമാരുടെയും എം.പിമാരുടെയും ശമ്പളം വെട്ടി കുറക്കുന്ന ബില്ലും. രാവിലെ രാജ്യസഭയും ഉച്ച തിരിഞ്ഞ് ലോകസഭയും ആണ് സമ്മേളിക്കുക.

കോവിഡ് കാലത്ത് ആരോഗ്യ പ്രവർത്തകർക്ക് നേരെയുണ്ടായ അതിക്രമത്തിന്‍റെ പശ്ചാത്തലത്തിനാണ് പുതിയ നിയമം കൊണ്ട് വരുന്നത്. ആരോഗ്യ പ്രവർത്തകർ തൊഴിൽ എടുക്കുമ്പോഴും താമസ സ്ഥലത്തും ഉണ്ടാകുന്ന അതിക്രമങ്ങൾ ക്രിമിനൽ കുറ്റമാകുന്ന തരത്തിൽ ആണ് നിയമ നിർമാണം നടത്തുക. കോവിഡ് വ്യാപനവും ലോക് ഡൗണും ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി ചൂണ്ടി കാട്ടിയാണ് പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ എം.പിമാർ എന്നിവരുടെ ശമ്പളം വെട്ടിക്കുറക്കാൻ തീരുമാനിച്ചത്.

ശമ്പളം വെട്ടിക്കുറക്കുന്നതിനോട് എല്ലാ പാർട്ടികളും അനുകൂല നിലപാട് സ്വീകരിക്കും. എന്നാൽ രണ്ട് വർഷത്തേക്ക് എം.പി ഫണ്ട്‌ നൽകില്ലെന്ന സർക്കാർ നിലപാടിനെ പ്രതിപക്ഷം എതിർക്കും. രാവിലെ 9 മുതൽ 1 മണി വരെ രാജ്യസഭയും ഉച്ച തിരിഞ്ഞു 3 മണി മുതൽ 7 മണി വരെ ലോകസഭയും സമ്മേളിക്കും. സമ്മളനത്തിനു മുന്നോടിയായുള്ള നിർബന്ധിത കോവിഡ് പരിശോധനയിൽ 30 ലധികം എം.പിമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര.മന്ത്രിമാർ എം.പിമാർ ജീവനക്കാർ എന്നിങ്ങനെ മൂവായിരം സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. ഇനിയും പരിശോധന ഫലം പുറത്ത് വരാനുണ്ട്.