LiveTV

Live

National

'രാജ്യത്തിന് എന്താണ് സംഭവിക്കുന്നത്?' യെച്ചൂരി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കുറ്റപത്രം ഞെട്ടിച്ചെന്ന് തരൂര്‍

ഇങ്ങനെയാണെങ്കില്‍ ശരിക്കും അക്രമത്തിന് പ്രേരിപ്പിക്കുകയും കുറ്റകൃത്യങ്ങളുടെ ഭാഗമാവുകയും ചെയ്തവരെ വെറുതെ വിടുമോ?

'രാജ്യത്തിന് എന്താണ് സംഭവിക്കുന്നത്?' യെച്ചൂരി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കുറ്റപത്രം ഞെട്ടിച്ചെന്ന് തരൂര്‍

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ളവർക്കെതിരായ കുറ്റപത്രം ഞെട്ടിക്കുന്നതാണെന്ന് കോൺ​​ഗ്രസ് എം.പി ശശി തരൂർ. ഇങ്ങനെയാണെങ്കില്‍ ശരിക്കും അക്രമത്തിന് പ്രേരിപ്പിക്കുകയും കുറ്റകൃത്യങ്ങളുടെ ഭാഗമാവുകയും ചെയ്തവരെ വെറുതെ വിടുമോ? നമ്മുടെ രാജ്യത്തിന് എന്താണ് സംഭവിക്കുന്നതെന്നും തരൂര്‍ ട്വീറ്റില്‍ ചോദിച്ചു.

ഡൽഹി കലാപ കേസിൽ സീതാറാം യെച്ചൂരി അടക്കമുള്ളവരെ പ്രതി ചേ൪ക്കാനാണ് ഡൽഹി പൊലീസ് ശ്രമം. യെച്ചൂരിക്ക് പുറമെ പ്രശസ്ത എകണോമിസ്റ്റ് ജയതി ഘോഷ്, ഡൽഹി സ൪വകലാശാല പ്രൊഫസർ അപൂർവ്വാനന്ദ്, സാമൂഹ്യ പ്രവ൪ത്തകൻ യോഗേന്ദ്ര യാദവ്, ഡോക്യുമെന്ററി സംവിധായകൻ രാഹുൽ റോയ്, ആപ് എംഎൽഎ അമാനത്തുല്ല ഖാൻ എന്നിവരുടെ പേരും കുറ്റപത്രത്തിലുണ്ട്.

ജാഫറാബാദിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസിലെ അനുബന്ധ കുറ്റപത്രത്തിലാണ് സീതാറാം യെച്ചൂരിയുടെ പേരുള്ളത്. കലാപാസൂത്രണവുമായി ബന്ധപ്പെട്ട യുഎപിഎ കേസിൽ അറസ്റ്റിലായ ഗുൽഫിഷയുടെ കുറ്റസമ്മത മൊഴിയിലാണ് യെച്ചൂരിയുടെ പേരുള്ളത്. യെച്ചൂരി അടക്കമുള്ളവ൪ ജാഫറാബാദിലെ പൗരത്വ പ്രക്ഷോഭകരെ പ്രകോപിപ്പിച്ചുവെന്നാണ് മൊഴി.

പൗരത്വ നിയമത്തിനെതിരായ പ്രതിപക്ഷ പ്രതിഷേധം ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് യെച്ചൂരി പ്രതികരിച്ചു. മോദി സർക്കാരിന് ചോദ്യങ്ങളെ ഭയമാണ്. പൗരത്വ നിയമ ഭേദഗതി പോലുള്ളവയെ ഇനിയും ശക്തമായി എതിർക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.