LiveTV

Live

National

വർഷങ്ങളായി ബംഗ്ലാദേശിലാണ് ഈ ഇന്ത്യൻ ഗ്രാമനിവാസികളുടെ പ്രാഥമിക ആരോഗ്യ കേന്ദ്രം

ബംഗാളിലെ കോച്ച് ബീഹാർ നിവാസികളാണ് വർഷങ്ങളായി ആരോഗ്യ -നിത്യോപയോഗ ആവശ്യങ്ങൾക്കായി അയൽരാജ്യമായ ബംഗ്ലാദേശിനെ ആശ്രയിക്കുന്നത്.

വർഷങ്ങളായി ബംഗ്ലാദേശിലാണ് ഈ ഇന്ത്യൻ ഗ്രാമനിവാസികളുടെ പ്രാഥമിക ആരോഗ്യ കേന്ദ്രം

പശ്ചിമ ബംഗാളിലെ ദരിഭാ, ജരിദരള ഗ്രാമവാസികൾ വർഷങ്ങളായി പ്രാഥമിക ആരോഗ്യ ആവശ്യങ്ങൾക്കും നിത്യോപയോഗ സാധനങ്ങൾക്കുമായി അയൽരാജ്യമായ ബംഗ്ലാദേശിലെ ലാൽമോനിർഹട് ജില്ലയിലെ രണ്ട് ഗ്രാമങ്ങളെയാണ് ആശ്രയിക്കുന്നത്. "നിങ്ങളീ ഗ്രാമത്തിലെ നിത്യസാധനങ്ങൾ വിൽക്കുന്ന കച്ചവടക്കാരെ നോക്കിനോക്കൂ, കൂടുതലും ബംഗ്ലാദേശുകാരാണ്. കോച്ച് ബിഹാറുകാരെ കാണാനേ കിട്ടില്ല. മാത്രമല്ല ഞങ്ങളിലെ ഭൂരിഭാഗം സ്ത്രീകളും ലാൽമോനിർഹട്ടിലെ ഗ്രാമങ്ങളിലുള്ള ആരോഗ്യ കേന്ദ്രത്തിലാണ് അവരുടെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിട്ടുള്ളത്." ദരിഭാ ഗ്രാമനിവാസിയായ നസ്മുൽ ഹഖ് പറയുന്നു. ദരാല നദിക്കപ്പുറമുള്ള കൊച്ച് ബീഹാറിലെ ജിറ്റൽദാഹയാണ് ഇവർക്ക് ഏറ്റവുമടുത്തുള്ള ഇന്ത്യയിലെ ജനവാസമേഖല.വേനൽക്കാലത്ത് ഈ നദി നേർത്താൽ മൂന്ന് കിലോമീറ്ററിലധികം മണലിലൂടെ നടന്ന ശേഷം വേണം ഇവർക്ക് ജിറ്റൽദാഹയിലേക്കുള്ള തോണി കയറി. മഴക്കാലത്ത് നദിയിൽ വെള്ളം ക്രമാതീതമായി കൂടും. പിന്നെ മുറിച്ചു കടക്കൽ അതിസാഹസികവുമാണ്.

"ഈ വർഷത്തെ മഴക്ക് മുങ്ങിയ ഒരു വലിയ ബോട്ട് ഇതുവരെ പുറത്തെത്തിക്കാനായിട്ടില്ല. മുഴുവൻ ഗ്രാമവും രണ്ട് ചെറിയ ധോണിയെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. സാധനങ്ങളുടെ ആവശ്യമോ ആരോഗ്യ പ്രശ്നങ്ങളോ വന്നാൽ ഞങ്ങളുടെ ആശ്വാസം ബംഗ്ലാദേശിൽ പോയി ആവശ്യങ്ങൾ നിറവേറ്റാം എന്നുള്ളതാണ്". അതിർത്തികൾ കൂടുതലും നദീതീരങ്ങൾ ആയത്കൊണ്ട് സുരക്ഷാവേലികൾ കുറവാണ്. ഈ ഗ്രാമങ്ങളുമായി അതിർത്തി പങ്കിടുന്ന ബംഗ്ലാദേശിലെ ദുർഗാപുർ, മൊകോൽഹാട്ട് പ്രദേശങ്ങളിലേക്കുള്ള പാതയിൽ വെള്ളമില്ലാത്തത് കൊണ്ട് സുഗമമായി നടന്ന് അതിർത്തി കടക്കാനും ആവശ്യങ്ങൾ നിറവേറ്റി തിരികെ വരാനും സാധിക്കുന്നു. "ലാൽമോനിർഹട്ടിലുള്ളവർക്ക് ഞങ്ങളുടെ പ്രശ്നങ്ങൾ നന്നായി അറിയാം. അതിർത്തിയിലെ സുരക്ഷാ ഉദ്യോഗസ്ഥരും ഞങ്ങളുടെ ബുദ്ധിമുട്ടുകളെ മനസ്സിലാക്കുന്നവരാണ്. ആവശ്യങ്ങൾക്കോ രോഗികളുമായോ അവിടെ ചെന്നാൽ അവരാരും ഞങ്ങളെ തടയാറില്ലാ. മാത്രമല്ല കച്ചവടം നടത്താനായി അവിടുള്ളവർ ഇങ്ങോട്ടും വരാറുണ്ട്" മൻസൂർ അലി മിയാൻ പറയുന്നു. "നിങ്ങൾക്കിതൊക്കെ അത്ഭുതമായി തോന്നുമായിരിക്കും. ഞങ്ങൾ വർഷങ്ങളായി ഇങ്ങനെയാണ് ഇവിടെ ജീവിക്കുന്നത്. വർഷക്കാലത്ത് വെള്ളം കയറിയാൽ ഞങ്ങൾ ബംഗ്ലാദേശിലെ ക്യാമ്പുകളിലാണ് അഭയം തേടിച്ചെല്ലാറുള്ളത്. ആ സമയങ്ങളിൽ ഇന്ത്യയുടെ വൻകരകളിലേക്ക് എത്തിപ്പെടാൻ ഞങ്ങൾക്ക് മുന്നിൽ യാതൊരു വഴിയും ഉണ്ടാകാറില്ല" മൻസൂർ കൂട്ടിച്ചേർത്തു.