LiveTV

Live

National

വിമാനത്തിൽ 'സുരക്ഷാ ലംഘനം'; സാമൂഹിക അകലം പാലിക്കാതെ കങ്കണയുടെ പിറകെ മാധ്യമപ്രവര്‍ത്തകര്‍, റിപ്പോർട്ട് തേടി ഡി.ജി.സി.എ

6E-264 ഫ്ലൈറ്റില്‍ കങ്കണക്കൊപ്പം യാത്ര ചെയ്ത മാധ്യമ പ്രവർത്തകരാണ് സുരക്ഷയും കോവിഡ് പ്രോട്ടോക്കോളും ലംഘിച്ചതെന്ന് ഡി.ജി.സി.എ പറഞ്ഞു

വിമാനത്തിൽ 'സുരക്ഷാ ലംഘനം';  സാമൂഹിക അകലം പാലിക്കാതെ കങ്കണയുടെ പിറകെ മാധ്യമപ്രവര്‍ത്തകര്‍, റിപ്പോർട്ട് തേടി ഡി.ജി.സി.എ

നടി കങ്കണ റണാവത്തിന്‍റെ കൂടെ വിമാനത്തിലുണ്ടായിരുന്ന മാധ്യമ പ്രവർത്തകർ സുരക്ഷയും കോവിഡ് പ്രോട്ടോക്കോളും ലംഘിച്ചുവെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ആരോപിച്ചു. ഇൌ വിഷയത്തില്‍ ഇൻഡിഗോ എയർലൈൻസിൽ നിന്ന് ഡി.ജി.സി.എ റിപ്പോർട്ട് തേടി.

6E-264 ഫ്ലൈറ്റില്‍ കങ്കണക്കൊപ്പം യാത്ര ചെയ്ത മാധ്യമ പ്രവർത്തകരാണ് സുരക്ഷയും കോവിഡ് പ്രോട്ടോക്കോളും ലംഘിച്ചതെന്ന് ഡി.ജി.സി.എ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വീഡിയോകളില്‍ റിപ്പോർ‌ട്ടർ‌മാർ‌ സംസാരിക്കുന്നതും അവരുടെ ‌സെൽ‌ഫോണില്‍ ചിത്രങ്ങള്‍‌ എടുക്കുന്നതായും കാണാം. സുരക്ഷ മുന്‍കരുതലുക്കള്‍ ഒന്നും പാലിക്കതെയാണ് മാധ്യമ പ്രവർത്തകർ കങ്കണ റണാവത്തിന്‍റെ ചുറ്റും കൂടിയതെന്ന് ഡി.ജി.സി.എ ചൂണ്ടിക്കാട്ടി.

അതേ സമയം സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് പുരി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ട്വീറ്റ് ചെയ്തു. “ഒരു വിമാനത്തിനുള്ളിൽ അസ്വസ്ഥതകൾ സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ള കുറ്റകരമായ പെരുമാറ്റം തികച്ചും അസ്വീകാര്യമാണ്, ഇത് വിമാന യാത്രക്കാരുടെ സുരക്ഷയെ അപകടപ്പെടുത്തും”ഹർദീപ് സിങ് പുരി ട്വീറ്റിറില്‍ കുറിച്ചു.

നേരത്തെ സമാന സാഹചര്യത്തില്‍ മാധ്യമ പ്രവര്‍ത്തകൻ അർണബ് ഗോസ്വാമിയെ വിമാന യാത്രക്കിടെ അപമാനിച്ചെന്ന പരാതിയിൽ സ്റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കമ്രയ്ക്കു വിമാനക്കമ്പനികൾ യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് കമ്പനികളാണു കുനാലിനെതിരെ അന്ന് നടപടിയെടുത്തത്. തുടര്‍ന്ന് വിമാനക്കമ്പനികളുടെ നടപടിയെ പിന്തുണച്ചു അന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി രംഗത്തെത്തിയിരുന്നു.