LiveTV

Live

National

ഹിജാബ് ധരിക്കുന്നതിന്‍റെ പേരിൽ ജോലി നിഷേധിക്കപ്പെട്ടുവെന്ന ആരോപണവുമായി യുവ മാധ്യമപ്രവർത്തക

ഇത് ഇന്ത്യയാണെന്നും ഇവിടെ ഹിജാബ് ധാരികളായ സ്ത്രീകളെ മാധ്യമപ്രവർത്തന ജോലികൾക്ക് എടുക്കാറില്ലെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

ഹിജാബ് ധരിക്കുന്നതിന്‍റെ പേരിൽ ജോലി നിഷേധിക്കപ്പെട്ടുവെന്ന ആരോപണവുമായി യുവ മാധ്യമപ്രവർത്തക

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു മാധ്യമസ്ഥാപനം ഹിജാബ് ധരിക്കുന്നതിന്‍റെ പേരിൽ തനിക്ക് ജോലി നിഷേധിച്ചുവെന്ന ആരോപണവുമായി യുവ മാധ്യമപ്രവർത്തക. അലിഗഢ് യൂണിവേഴ്സിറ്റിയിൽ നിന്നും മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേര്‍ണലിസത്തിൽ ബിരുദാനന്തര ബിരുദം നേടിയ 24കാരി ഗസാല അഹ‍്മദാണ് തനിക്ക് നേരിടേണ്ടി വന്ന അനീതി സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ്, എൻ.ഡി.ടി.വി, ടി.സി.എൻ ലൈവ് തുടങ്ങിയ പത്രമാധ്യമങ്ങളിൽ ജോലി ചെയ്ത മുൻപരിചയമുള്ളയാളാണ് ഗസാല.

പ്രസ്തുത മാധ്യമസ്ഥാപനത്തിന്‍റെ ന്യൂസ് ആങ്കറിനുള്ള ഒഴിവിലേക്ക് അപേക്ഷ നൽകിയിരുന്ന ഇവർക്ക് കഴിഞ്ഞ ഓഗസ്റ്റ് 30നാണ് ജോലി ലഭിച്ചുവെന്ന വിവരവുമായി സ്ഥാപനത്തിന്‍റെ ഔദ്യോഗിക ഫോൺ കോൾ വരുന്നത്. ജോലി ആസ്പദമായ ചർച്ചകൾക്കിടയിൽ താൻ ഹിജാബ് ധരിക്കുന്നയാളാണെന്ന് ഗസാല ഫോണിലുള്ള വ്യക്തിയോട് സൂചിപ്പിച്ചു. എന്നാൽ രണ്ട്-മൂന്ന് നിമിഷത്തെ മൗനത്തിന് ശേഷം ഇത് ഇന്ത്യയാണെന്നും ഇവിടെ ഹിജാബ് ധാരികളായ സ്ത്രീകളെ മാധ്യമപ്രവർത്തന ജോലികൾക്ക് എടുക്കാറില്ലെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. "സാഹചര്യങ്ങളെ മനസ്സിലാക്കണമെന്നും, എന്നെ ജോലിക്കെടുത്താൽ അവരുടെ സ്ഥാപനം അടച്ചുപൂട്ടേണ്ടി വരുമെന്നും പറഞ്ഞ അദ്ദേഹം, ഏതെങ്കിലും പത്രങ്ങളിൽ എഴുതുന്ന ജോലിക്ക് ശ്രമിക്കൂ എന്നായിരുന്നു എന്നെ ഉപദേശിച്ചത്. ഒരു പത്രപ്രവർത്തക എന്ന നിലയിൽ തനിക്കുള്ള മൂല്യം ഒരു കഷ്ണം തുണിയിലേക്ക് ചുരുങ്ങി ഇല്ലാതായോ എന്നുപോലും തോന്നിപ്പോയി..." ഗസാല പറയുന്നു.

"ഇസ്‍ലാമോഫോബിയയും സ്ത്രീ വിരുദ്ധതയും വളരെയധികം നിലനിൽക്കുന്ന മേഖലയാണ് പത്രപ്രവർത്തനം. സാമൂഹ്യനിർമിതമായ കടമ്പകൾ ഒരുപാട് കടന്നുവേണം സ്ത്രീകൾക്കും മുസ്‍ലിംകൾക്കും മുന്നോട്ട് പോകാൻ. പൗരത്വ പ്രക്ഷോഭങ്ങൾക്ക് ശേഷം മുസ്‍ലീം വിഭാഗത്തോടുള്ള പ്രത്യക്ഷമായ വിവേചനങ്ങൾ കൂടിക്കൊണ്ടേയിരിക്കുകയാണ്. ആളുകൾക്ക് വാടക വീടുകൾ ലഭിക്കുന്നതിന് പോലും വിവേചനങ്ങൾ നേരിടേണ്ടിവരുന്നു. ഏത് മതവിശ്വാസവും ഇഷ്ടാനുസാരം സ്വീകരിക്കാനും പ്രാവർത്തികമാക്കാനും പൂർണ സ്വാതന്ത്ര്യം നൽകുന്നുണ്ട് ഇന്ത്യൻ ഭരണഘടന എന്നത് നാം മറവിക്ക് വിട്ട് കൊടുക്കുകയാണ്.." ഗസാല കൂട്ടിച്ചേർത്തു.