LiveTV

Live

National

റിപ്പബ്ലിക് ടി.വിയില്‍ കൂട്ടരാജി

മാധ്യമപ്രവര്‍ത്തകരായ ശാന്തശ്രീ സര്‍ക്കാര്‍, തേജീന്ദര്‍ സിംഗ് സോധി എന്നിവരാണ് രാജിവെച്ചത്. ഇരുവരും ട്വിറ്ററിലൂടെയാണ് രാജി വാര്‍ത്ത അറിയിച്ചത്.

റിപ്പബ്ലിക് ടി.വിയില്‍ കൂട്ടരാജി

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രബര്‍ത്തിക്കെതിരായ മാധ്യമ വിചാരണയില്‍ പ്രതിഷേധിച്ച് റിപ്പബ്ലിക് ടി.വിയില്‍ കൂട്ടരാജി. മാധ്യമപ്രവര്‍ത്തകരായ ശാന്തശ്രീ സര്‍ക്കാര്‍, തേജീന്ദര്‍ സിംഗ് സോധി എന്നിവരാണ് രാജിവെച്ചത്. ഇരുവരും ട്വിറ്ററിലൂടെയാണ് രാജി വാര്‍ത്ത അറിയിച്ചത്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, പശ്ചിമബംഗാള്‍, രാജസ്ഥാന്‍, ഛണ്ഡീഗഢ്, ബംഗളൂരു എന്നീ ബ്യൂറോകളിലുള്ളവര്‍ നേരത്തെ രാജിവെച്ചതായി തേജീന്ദര്‍ സിംഗ് രാജികത്തില്‍ പറഞ്ഞു. ശാന്തശ്രീ സര്‍ക്കാരിന്‍റെ രാജിവാര്‍ത്തയെ അഭിനന്ദിച്ച് ബോളിവുഡ് നടന്‍ ഫര്‍ഹാന്‍ അക്തറും ട്വിറ്ററിലൂടെ രംഗത്തുവന്നു. ഇഡിവ ഡോട്ട് കോം ആണ് വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

'ധാര്‍മികമായ കാരണങ്ങളാല്‍ ഞാന്‍ റിപ്പബ്ലിക് ടിവിയില്‍ നിന്നും പുറത്തിറങ്ങുന്നു. ഞാന്‍ ഇപ്പോള്‍ നോട്ടീസ് പിരിയഡിലാണ്. റിയ ചക്രബര്‍ത്തിയെ അപമാനിച്ചുകൊണ്ടുള്ള റിപ്പബ്ലിക് ടി.വിയുടെ ആക്രമണാത്മക അജണ്ടയെ എതിര്‍ക്കാന്‍ എനിക്കാവില്ല'; ശാന്തശ്രീ സര്‍ക്കാര്‍ രാജി പ്രഖ്യാപിച്ച് ട്വിറ്ററില്‍ കുറിച്ചു.

കേസിന്റെ സാമ്പത്തിക വശം പരിശോധിക്കാനായിരുന്നു തന്നോട് പറഞ്ഞിരുന്നതെന്നും എന്നാല്‍ സുശാന്തിന്റെ പണമുപയോഗിച്ച് റിയ ഫ്‌ളാറ്റ് വാങ്ങിയെന്നതിന്റെ സൂചനകളൊന്നും തനിക്ക് ലഭിച്ചില്ലെന്നും ശാന്തശ്രീ പറയുന്നു. പിന്നീട് സുശാന്തിന്‍റെ ഫ്ലാറ്റ് സന്ദര്‍ശിച്ചവരെയെല്ലാം തന്‍റെ സഹപ്രവര്‍ത്തകര്‍ സംശയത്തിന്‍റെ നിഴലിലാക്കുന്നതാണ് താന്‍ കണ്ടതെന്നും ശാന്തശ്രീ പറഞ്ഞു. പൊലീസിനെയും ഡെലിവറി യുവാക്കളെയും വരെ അവര്‍ വെറുതെ വിട്ടില്ല. അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ച് കൊഴുപ്പിച്ചു. സ്ത്രീകളോട് ആക്രോശിക്കുന്നതും വസ്ത്രം വലിച്ചുകീറുന്നതും ചാനലില്‍ പ്രസക്തമാണെന്നാണ് അവര്‍ കരുതുന്നത്-ശാന്തശ്രീ പറഞ്ഞു.

ഒരു യുവതിയെ പൊതുവിടത്തില്‍ അപമാനിക്കുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത് തെറ്റാണെന്ന് മനസ്സിലാക്കി അതില്‍ നിന്നുമുള്ള ട്രാേമയിലായിരുന്നു താനെന്നും പക്ഷം ചേര്‍ന്നുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാതിരുന്നതിന് ശിക്ഷയായി ദിവസം മുഴുവന്‍ ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടതായും ശാന്തശ്രീ പറഞ്ഞു. 72 മണിക്കൂറാണ് വിശ്രമമില്ലാതെ തനിക്ക് ജോലി ചെയ്യേണ്ടിവന്നതെന്നും ശാന്തശ്രീ ട്വിറ്ററില്‍ പങ്കുവെച്ചു.

റിപ്പബ്ലിക് ടി.വിയുടെ ജമ്മു കശ്മീര്‍ ബ്യൂറോ ചീഫ് തേജീന്ദര്‍ സിംഗ് സോധിയും അര്‍ണബിനെതിരെ ആഞ്ഞടിച്ചാണ് രാജിവെച്ചത്.

അര്‍ണബ് ടീം വര്‍ക്കില്‍ വിശ്വസിക്കുന്നില്ലെന്നും അര്‍ണബ് മാത്രമാണ് ചാനലെന്നും ഭാഗിയുള്ളവരെല്ലാം ഫില്ലറുകളാണെന്നും പിന്നീട് കുറച്ച് മാസങ്ങള്‍ കൊണ്ടാണ് തനിക്കീ യാഥാര്‍ത്ഥ്യം മനസ്സിലായതെന്നും തേജീന്ദര്‍ സിംഗ് രാജികത്തില്‍ പറഞ്ഞു.

‘അര്‍ണബ് വന്‍തോതില്‍ പണം സമ്പാദിക്കുന്നുണ്ടെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം,എന്നാല്‍ യഥാര്‍ത്ഥ ജോലി ചെയ്യുന്ന ആളുകള്‍ക്ക് നിലക്കടലയാണ് ലഭിക്കുന്നത്.’; തേജീന്ദര്‍ സിംഗ് പറഞ്ഞു.

‘ദല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് പത്രസമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ റിപ്പബ്ലിക് ടീമിനെ അനുവദിക്കാത്ത ഒരു സംഭവം നടന്നു, അതാത് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് ഓഫീസിന് പുറത്ത് കറുത്ത ബാന്‍ഡ് ധരിച്ച് പ്രതിഷേധിക്കാന്‍ ഞങ്ങളോട് ആവശ്യപ്പെട്ടു. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കെതിരെ പ്രതിഷേധിക്കുന്നത് ഒരു പത്രപ്രവര്‍ത്തകന്റെ ജോലിയല്ല, പക്ഷേ ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗമില്ലായിരുന്നു, അതിനാല്‍ എല്ലാവരും അത് ചെയ്തു.’; തേജീന്ദര്‍ പറഞ്ഞു.

കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ തന്‍റെ മകളെ കൊന്നെന്ന് ക്യാമറക്ക് മുന്നില്‍ പറയാന്‍ സുനന്ദ പുഷ്ക്കറിന്‍റെ പിതാവിനോട് ബലം പ്രയോഗിച്ച് പറയാന്‍ ആവശ്യപ്പെട്ടതായും തേജീന്ദര്‍ രാജികത്തില്‍ വെളിപ്പെടുത്തി. അങ്ങനെ സുനന്ദ പുഷ്ക്കറിന്‍റെ പിതാവിനോട് ചോദിക്കാന്‍ ന്യൂസ് ഡെസ്കില്‍ നിന്നും കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും തേജീന്ദര്‍ പറഞ്ഞു.

ചാനലിന്റെ എഡിറ്റോറിയല്‍ പോളിസി കാരണം ഉത്തര്‍പ്രദേശിലെ റിപ്പോര്‍ട്ടറാണ് ആദ്യം രാജിവെച്ചതെന്നും പിന്നീട് മധ്യപ്രദേശ്, പശ്ചിമബംഗാള്‍, രാജസ്ഥാന്‍, ഛണ്ഡീഗഢ്, ബംഗളൂരു എന്നീ ബ്യൂറോകളിലുള്ളവരും രാജിവെച്ചതായും ജേജീന്ദര്‍ പറയുന്നു.