LiveTV

Live

National

'സമാന്തര ടെലിവിഷന്‍ വിചാരണ വേണ്ട'; അര്‍ണബിനെതിരെ ഡല്‍ഹി ഹൈക്കോടതി

സുനന്ദ പുഷ്‌കര്‍ കേസുമായി ബന്ധപ്പെട്ടുള്ള പരിപാടികള്‍ അവസാനിപ്പിക്കാനും കോടതി അര്‍ണബിനോട് നിര്‍ദേശിച്ചു.

'സമാന്തര ടെലിവിഷന്‍ വിചാരണ വേണ്ട'; അര്‍ണബിനെതിരെ ഡല്‍ഹി ഹൈക്കോടതി

ഒരു കേസില്‍ പൊലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കെ മാധ്യമങ്ങള്‍ സമാന്തര വിചാരണ നടത്തേണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. റിപ്പബ്ലിക്ക് ടി.വി അവതാരകന്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ നല്‍കിയ ഹരജിയിലാണ് ഡല്‍ഹി ഹൈക്കോടതി സുപ്രധാന പരാമര്‍ശം നടത്തിയത്. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ റിപ്പബ്ലിക് ടിവി നടത്തുന്ന വ്യക്തിഹത്യാ പ്രചരണങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു തരൂര്‍ കോടതിയെ സമീപിച്ചത്.

'ഒരു കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കെ മാധ്യമങ്ങള്‍ സമാന്തര വിചാരണ നടത്തുന്നതില്‍ നിന്ന് വിട്ടു നില്‍ക്കണം. അന്വേഷണം നടന്നുകൊണ്ടിരിക്കുമ്പോള്‍ ആരെയങ്കിലും കുറ്റവാളിയെന്ന് മുദ്രകുത്താന്‍ പാടില്ല. സ്ഥിരീകരിക്കാന്‍ കഴിയാത്ത അവകാശവാദങ്ങള്‍ ഉയര്‍ത്തരുത്'; ഡല്‍ഹി ഹൈക്കോടതി ജഡ്ജി മുക്ത ഗുപ്ത പറഞ്ഞു.

അതെ സമയം തങ്ങളുടെ കൈയ്യില്‍ തെളിവുകളുണ്ട് എന്ന റിപ്പബ്ലിക്ക് ടി.വി ചാനലിന്‍റെ അവകാശവാദത്തിനെതിരെ ഹൈക്കോടതി രംഗത്തുവന്നു. 'നിങ്ങള്‍ സ്ഥലത്തുണ്ടായിരുന്നോ? നിങ്ങള്‍ സാക്ഷികളാണോ? അന്വേഷണത്തിന് ചില പവിത്രതകളൊക്കെയുണ്ട്.'; ഹൈക്കോടതി തിരിച്ചടിച്ചു. അതെ സമയം തങ്ങളുടെ കൈയ്യില്‍ എയിംസില്‍ നിന്നുള്ള തെളിവുകളുണ്ടെന്ന അര്‍ണബിന്‍റെ അഭിഭാഷക മാളവിക ത്രിവേദിയുടെ മറുപടിക്കെതിരെയും ഹൈക്കോടതി രംഗത്തുവന്നു. കോടതിയാണ് ക്രിമിനല്‍ വിചാരണയില്‍ തെളിവ് നിശ്ചയിക്കുന്നതെന്നും അവിടുന്നും ഇവിടുന്നുമുള്ള പരാമര്‍ശങ്ങള്‍ തെളിവുകളായി എടുക്കാന്‍ സാധിക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു. അന്വേഷണ ഏജന്‍സി സമര്‍പ്പിച്ച ചാര്‍ജ് ഷീറ്റിനെതിരെ മാധ്യമങ്ങള്‍ അപ്പീല്‍ നല്‍കുമോയെന്നും ജഡ്ജി വാദത്തിനിടെ ചോദിച്ചു.

തരൂരിന്റെ ഹരജിയില്‍ മറുപടി സമര്‍പ്പിക്കാന്‍ അര്‍ണബ് ഗോസ്വാമിക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. സുനന്ദ പുഷ്‌കര്‍ കേസുമായി ബന്ധപ്പെട്ടുള്ള പരിപാടികള്‍ അവസാനിപ്പിക്കാനും കോടതി അര്‍ണബിനോട് നിര്‍ദേശിച്ചു. 2017 ഡിസംബര്‍ ഒന്നിന് മാധ്യമവിചാരണ അവസാനിപ്പിക്കണമെന്ന് കോടതി അര്‍ണബിനോട് നിര്‍ദേശിച്ചിരുന്നെങ്കിലും, അദ്ദേഹം അത് തുടരുകയായിരുന്നു. ഇക്കാര്യം തരൂരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഹൈകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

2014 ജനുവരി 17നാണ് ശശി തരൂരിന്‍റെ ഭാര്യ സുനന്ദ പുഷ്ക്കറിനെ സൌത്ത് ഡല്‍ഹിയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.