LiveTV

Live

National

അമിത് മാളവ്യയെ വ്യാഴാഴ്ചക്കകം മാറ്റിയില്ലെങ്കില്‍...; അന്ത്യ ശാസനവുമായി സുബ്രഹ്മണ്യന്‍ സ്വാമി

തിങ്കളാഴ്ചയാണ് അമിത് മാളവ്യക്കെതിരെ സുബ്രഹ്മണ്യന്‍ സ്വാമി പരസ്യമായി രംഗത്ത് വന്നത്


അമിത് മാളവ്യയെ വ്യാഴാഴ്ചക്കകം മാറ്റിയില്ലെങ്കില്‍...; അന്ത്യ ശാസനവുമായി സുബ്രഹ്മണ്യന്‍ സ്വാമി

ബിജെപി ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യയെ വ്യാഴാഴ്ചക്കകം നീക്കം ചെയ്തില്ലെങ്കില്‍ തന്‍റേതായ രീതിയിലുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ തേടേണ്ടി വരുമെന്ന് ബി.ജെ.പി രാജ്യസഭാ എം.പി സുബ്രഹ്മണ്യന്‍ സ്വാമി. മാളവ്യയെ നീക്കം ചെയ്തില്ലെങ്കിൽ തന്നെ പ്രതിരോധിക്കാൻ പാർട്ടി തയ്യാറല്ല എന്നാണ് അര്‍ത്ഥമെന്നും സ്വാമി ട്വിറ്ററില്‍ കുറിച്ചു. കേഡറിന്‍റെ അഭിപ്രായം തേടാൻ ഒരു പാർട്ടി ഫോറവും ഇല്ലെന്നും അതിനാൽ തനിക്ക് സ്വയം പ്രതിരോധിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ചയാണ് അമിത് മാളവ്യക്കെതിരെ സുബ്രഹ്മണ്യന്‍ സ്വാമി പരസ്യമായി രംഗത്ത് വന്നത്. വ്യാജ ഐഡികള്‍ ഉപയോഗിച്ച് തനിക്കെതിരെ ബി.ജെ.പി ഐ.ടി സെല്ലിലെ ചിലര്‍ വ്യക്തിപരമായ ആക്രമണം നടത്തുകയാണെന്നായിരുന്നു സ്വാമിയുടെ ട്വീറ്റ് ബിജെപി ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യയുടെ പേരെടുത്ത് പറഞ്ഞുകൊണ്ടായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ വിമര്‍ശനം.

''ബി.ജെ.പി. ഐ.ടി. സെല്ലില്‍ ഇപ്പോള്‍ തെമ്മാടിത്തരമാണ് നടക്കുന്നത്. ഐ.ടി. സെല്ലിലെ ചില അംഗങ്ങള്‍ വ്യാജ ഐ.ഡിയില്‍നിന്നു ട്വീറ്റുകള്‍ ചെയ്ത് എന്നെ ആക്രമിക്കാന്‍ ശ്രമിക്കുകയാണ്. പാര്‍ട്ടി ഐ.ടി. സെല്‍ ചെയ്യുന്ന തെമ്മാടിത്തരം പാര്‍ട്ടിക്ക് ഏറ്റെടുക്കാന്‍ കഴിയാത്തതുപോലെ എന്‍റെ അനുയായികള്‍ പ്രകോപിതരായാല്‍ അതിന്‍റെ ഉത്തരവാദിത്തം എനിക്കും കഴിയില്ല'' എന്നായിരുന്നു സ്വാമിയുടെ ട്വീറ്റ്.

കേന്ദ്രസര്‍ക്കാരിനെതിരെയും ആരോപണവുമായി സ്വാമി രംഗത്തെത്തി. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഉത്തേജക പാക്കേജ് അപര്യാപ്തമാണെന്ന് സ്വാമി ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി. പ്രഖ്യാപിച്ച ഉത്തേജക പാക്കേജില്‍ നല്ലൊരു ഭാഗവും ധനപരമായ ഇളവുകള്‍ മാത്രമാണ്. യഥാര്‍ത്ഥത്തില്‍ ജനങ്ങള്‍ക്ക് നാമമാത്രമായ പ്രയോജനമാണ് പാക്കേജില്‍ നിന്ന് ലഭിച്ചതെന്നും സുബ്രഹ്മണ്യന്‍ സ്വാമി കുറ്റപ്പെടുത്തി.